കസബിലെ നോമ്പ് തുറ
Jun 21, 2016, 13:30 IST
നോമ്പ് അനുഭവം: ഹസന്‍ കുട്ടി മദനി ദേലംപാടി
(www.kasargodvartha.com 21/06/2016) ആത്മ സുഹൃത്ത് ബഷീര്‍ ചക്കുടലുമായി ദിനംപ്രതി നടക്കുന്ന സംഭാഷണത്തിനിടെയാണ് ഒമാനിലെ നോമ്പ് കാല അനുഭവങ്ങളെ കുറിച്ച് ആരാഞ്ഞത്. കൂടുതല്‍ അനുഭവ പാഠമുള്ള മുതിന്ന ഒരാളെ ബഷീര്‍ കാട്ടിത്തന്നു. അദ്ദേഹവുമായി ബന്ധപ്പെട്ടപ്പോഴാണ് ദേലംപാടി സ്വദേശി ഹസ്സന്‍ കുട്ടി മദനിയാണെന്നറിയുന്നത്. മുന്‍ പരിചയം കൂടി ഒത്ത് വന്നപ്പോള്‍ കാര്യം എളുപ്പത്തിലായി. ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജിലെ ഗുരുവും മര്‍ഗദര്‍ശിയുമായ ഉസ്താദ് ഹാഫിള് അബ്ദുസ്സലാം മുസ്ലിയാരുടെ അമ്മോഷന്‍ കാക്കയെന്ന നിലയില്‍ മുന്‍പരിചയമുണ്ട്.
20 വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ നിരവധി അനുഭവങ്ങള്‍ ഹസ്സന്‍ കുട്ടി മദനിയുടെ ജീവിതത്തില്‍ കഴിഞ്ഞു പോയിട്ടുണ്ട്. എഴുത്തുകാരനും പണ്ഡിതനുമായ മദനി ചില ഓര്‍മകള്‍ വായനക്കാര്‍ക്ക് വേണ്ടി പങ്കുവെക്കുകയാണ്.
മലപ്പുറം ജില്ലയില്‍ നിന്നും കര്‍ണാടക കുടകിലെത്തിയ മദനിയുടെ കുടുബം ഒരുപാട് കാലം അവിടെത്താമസിച്ചു. റമദാനിലെ കുടകനുഭവവും മദനി പറഞ്ഞു. വികസനത്തിന്റെ സൂര്യോദയം തട്ടാത്ത മേഖലയായിരുന്നു കുടകിലെ കാനങ്ങാട് സ്വദേശം. നോമ്പിന്റെ അത്താഴ സമയമറിയണമെങ്കില്‍ പാടുപെടും. സമയമറിയാന്‍ ഉമ്മ എവിടെന്നോ കൊണ്ടുവന്ന വാച്ച് കൂടുതല്‍ നാള്‍ ഉപയോഗിച്ചെങ്കിലും കൂടുതല്‍ പരിഹാരമുണ്ടാക്കാന്‍ അതിനായില്ല.
ബാങ്ക് കേള്‍ക്കാനുള്ള സംവിധാനവും ഉണ്ടായിരുന്നില്ല. ചിലപ്പോള്‍ സുബ്ഹി കഴിഞ്ഞാണ് അത്താഴം കഴിച്ചിരുന്നത്. ഉമ്മ കൂലിവേല ചെയ്താണ് കുടുംബം പോറ്റിയിരുന്നത്. റമദാനിലും വേല ചെയ്ത് കിട്ടുന്ന തുച്ഛമായ വേതനം കൊണ്ട് കുടുംബം പോറ്റി വന്നു. ഒരു റമദാനില്‍ ജോലിക്ക് പോയ ഉമ്മ സിദ്ധാപുരത്ത് എത്തിയപ്പോഴാണ് ഇന്ന് പെരുന്നാളെന്ന വിവരം കിട്ടുന്നത്. ഉമ്മ ആ വിവരവുമായി വീട്ടിലെത്തിയപ്പോള്‍ നേരം ഉച്ചയായി. ഉച്ചയ്ക്ക് ശേഷം എല്ലാവരും പെരുന്നാള്‍ ആഘോഷിച്ചു.
നേരം വെളുത്തപ്പോള്‍ പെരുന്നാളായ സംഭവങ്ങളും ജീവിതത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്. മുരിങ്ങ പോലെയുള്ള കറികളാണ് ഉണ്ടാക്കിയിരുന്നത്. നോമ്പ് തുറ കഴിഞ്ഞാല്‍ തറാവീഹിന് വേണ്ടി പള്ളിയിലേക്ക് നടക്കും. കിലോ മീറ്ററോളം നടക്കാനുണ്ട്. പള്ളിയില്‍ നിസ്‌കരിക്കാന്‍ മറ്റുള്ളവര്‍ കാത്ത് നില്‍ക്കും. റമദാനിലെ ഉര്‍ദിയിലൂടെയാണ് പഠനത്തിനുള്ള കിതാബുകളും പെരുന്നാള്‍ വസ്ത്രവും വാങ്ങിയിരുന്നത്. ഒമാനിലെ കസബിലാണ് ഹസന്‍ കുട്ടി മദനി സേവനം ചെയ്യുന്നത്.
മലയാളി തനിമയുള്ള നാടാണ് കസബ്. കേരളീയ സ്വഭാവം പ്രകടമാകുന്ന ഒമാനിലുള്ള മറ്റൊരു മലയാള നാടാണ് ഈ പ്രദേശം. പാരമ്പര്യ സുന്നീ വിശ്വാസക്കാരാണ് ഇവിടെത്തെുകാര്‍. ഒമാനിന്റെ വടക്കു ഭാഗത്തായി മലയുടിക്കില്‍ സ്ഥിതി ചെയ്യുന്ന കസബില്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയാണ്. ഒമാനിലൊണ് മലയാളിയായ സ്വഹാബി ചേരമാന്‍ പെരുമാള്‍ (താജുദ്ദീന്‍ എന്നായിരുന്നു പിന്നീട് അറിയപ്പെട്ടത്) അന്ത്യവിശ്രമം കൊള്ളുന്ന രാജ്യമാണ് ഒമാന്‍. ഒമാനിന്റെ ഇസ്ലാമിക പൈതൃകത്തിന് അനിര്‍വചനീയ തെളിച്ചമാണ്. ആരും കാണാനും ജീവിക്കാനും ആഗ്രഹിച്ചു പോകുന്ന ഈ നാട്ടിലെ റമദാനുകള്‍ വിഭവങ്ങളാല്‍ അലങ്കൃതവും ആത്മീയ പുളകിതവുമാണ്.
റമദാനായാല്‍ ഇഫ്താര്‍ ടെന്റുകള്‍ ഉയരും. പള്ളികളിലെ നോമ്പ് തുറ ടെന്‍ഡുകള്‍ ജന ബാഹുല്യം കൊണ്ട് നിബിഡമായിരിക്കും. ടെന്‍ഡുകളില്‍ നോമ്പു തുറക്കെത്തുന്നവര്‍ക്കായി വിഭവ സമൃദ്ധമായ സുഫ്രകള്‍. സ്വദേശികളായ അറബി വീടുകളില്‍ നിന്നും കൊണ്ടുവരുന്ന ഒമാന്‍ ഫുഡുകള്‍ സ്വാദിഷ്ടമാണ്. മലയാളികളായ വിദേശികളെ സല്‍കരിക്കുന്ന കാര്യത്തില്‍ കസബിലെ അറബി കുടുംബങ്ങള്‍ക്ക് ആനന്ദമാണ്. ടെന്‍ഡുകളില്‍ ഭക്ഷണ വിതരണം ചെയ്യാനും ഒമാനികള്‍ കാണിക്കുന്ന ഉത്സാഹം ആരെയും അതിശയിപ്പിക്കും. അറബി വീടുകളിലും നോമ്പ് തുറ ഉണ്ടാകും.
കസബിലെ തറാവീഹ് 20 റകാഅത്താണ്. കമാലിയ കുടുംബക്കാരാണ് കസബിലെ ഖാസിമാര്‍. സുന്നീ പാരമ്പര്യക്കാരായ കമാലിയ കുടുംബം ദീനീ വിജ്ഞാനം കൊണ്ടും ഉയര്‍ന്നവരാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകപരവും ശ്ലാഘനീയവുമാണ്. തറാവീഹ് നിസ്‌കാരം കഴിഞ്ഞാല്‍ അറബികളുടെ വീടുകളില്‍ അതിഥികളെ സല്‍കരിക്കും. ചില വീടുകളില്‍ പ്രത്യേക മജ്‌ലിസുണ്ടാകും. സുബിഹ് വരെ ഇത് നീളും. ഫ്രൂട്‌സുകളും മധുര പലഹാരങ്ങളും മറ്റ് ഒമാന്‍ സ്‌പെഷ്യലുകളുമാണ് ഇത്തരം മജ്‌ലിസുകളില്‍ ഉണ്ടാവുക.
ചില ഖാസിമാരുടെ വീടുകളില്‍ ഖത്തമുല്‍ ഖുര്‍ആനിനുള്ള മജ്‌ലിസുകള്‍ സംഘടിപ്പിക്കും. റമദാന്‍ മുഴുവനും ഖുര്‍ആന്‍ ഓതാനാണ് ഈ മജ്‌ലിസുകളില്‍ നടക്കുന്നത്. ഖാസിയാര്‍ക്ക് ചുറ്റും കുടുംബക്കാരും മറ്റ് അതിഥികളും ഇരുന്ന് ഖുര്‍ആനോതുകയും പാരായണത്തില്‍ വരുന്ന തെറ്റുകള്‍ അദ്ദേഹം തിരുത്തുകയും ചെയ്യും. ഖുര്‍ആനിന്റെ പാരായണ പഠനത്തിനും ഈ മജ്‌ലിസുകള്‍ വഴിയൊരുക്കും. റമദാനായാല്‍ ഖുര്‍ആന്‍ പാരായണത്തിനാണ് അറബികള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത്. എല്ലാ പള്ളികളിലും രാപ്പകല്‍ ഭേദമന്യേ വിദേശികളും സ്വദേശികളും ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് കാണുമ്പോള്‍ കണ്ണ് കുളിര്‍ക്കും.
കസബിലെ മറ്റൊരു പ്രത്യേകതയാണ് റമദാനിനുള്ള യാത്രയയപ്പ്. അവസാന വെള്ളിയാഴ്ചകളില്‍ ഖുത്ത്ബയില്‍ ഖത്തീബ് സലാം പറയുന്നത് കേരളീയര്‍ക്ക് സുപരിചിതമാണ്. റമദാനിലെ അവസാന നാളുകളില്‍ കസബിലെ പള്ളികളില്‍ കൂട്ട കരച്ചില്‍ കള്‍ക്കാം. രാത്രിയും അത്താഴ സമയത്തും റമദാനിനെ യാത്ര പറഞ്ഞുള്ള അറബി ബൈത്തുകള്‍ ആലപിക്കും. ആത്മാര്‍ത്ഥമായി സ്വര മാധുര്യത്തില്‍ അവര്‍ ബൈത്തുകള്‍ ആലപിക്കുമ്പോള്‍ കണ്ണുനീര്‍ കൊണ്ട് കലങ്ങുന്ന കണ്ണുകള്‍. യുവാക്കളാണ് ആലപിക്കാറ്. ഇടറിയ തൊണ്ടയില്‍ റമദാനിന് സലാം പറഞ്ഞ് കരഞ്ഞുകൊണ്ടേയിരിക്കും. ഈ രംഗം കസബിന്റെ ആത്മീയ പരിമളത്തിന് മാറ്റ് കൂട്ടുന്നു.
-സമ്പാദകന്‍: എന്‍ കെ എം മഹ്‌ളരി ബെളിഞ്ച
Related Articles:
വാല് പോലെ അഹ് മദ് മോന്‍
റമദാന്‍ വയളിലൂടെ പട്ടിക്കാട്ടേക്ക്
പത്ത് ഖത്തം പാരായണം തീര്‍ത്തിരുന്ന കോളജ് വിദ്യാര്‍ത്ഥി
മുറ്റത്തെ പായക്ക് മണമുണ്ട്
ആകാശവാണിയിലെ ബ്രഡ്
സി കെ പിയുടെ അത്തര്‍
പൊന്നാനിയിലെ കുഞ്ഞന്‍ നോമ്പ് തുറ
ഏയ്, നാളെ നോമ്പ് അബെ
മണ്‍കലത്തിലൊരു ജുസ്അ് പുള്ളി
കോട്ടുമല ഉസ്താദിനൊപ്പം ഒരു നോമ്പ് തുറ
പീര്‍ സാഹിബ് വന്ന പെരുന്നാള്‍
എന്‍ കെ ബാലകൃഷ്ണന്‍ എസ് ഐയുടെ നോമ്പ് കാലം
റമദാന്‍ വയളിലൂടെ പട്ടിക്കാട്ടേക്ക്
പത്ത് ഖത്തം പാരായണം തീര്‍ത്തിരുന്ന കോളജ് വിദ്യാര്‍ത്ഥി
മുറ്റത്തെ പായക്ക് മണമുണ്ട്
ആകാശവാണിയിലെ ബ്രഡ്
പൊന്നാനിയിലെ കുഞ്ഞന്‍ നോമ്പ് തുറ
ഏയ്, നാളെ നോമ്പ് അബെ
മണ്‍കലത്തിലൊരു ജുസ്അ് പുള്ളി
കോട്ടുമല ഉസ്താദിനൊപ്പം ഒരു നോമ്പ് തുറ
പീര്‍ സാഹിബ് വന്ന പെരുന്നാള്‍
എന്‍ കെ ബാലകൃഷ്ണന്‍ എസ് ഐയുടെ നോമ്പ് കാലം
പാടത്താളിയിലെ നീര്
Keywords: Ramadan, Article, Hassan Kutty Madani Delampady, Experience, NKM Belinja.