city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാസം കണ്ടൂ...മാസം കണ്ടൂ

നോമ്പ് അനുഭവം: ബേക്കല്‍ ഇബ്‌റാഹിം മുസ്ലിയാര്‍

(www.kasargodvartha.com 27.06.2016) മഞ്ചേശ്വരം മള്ഹറില്‍ നടന്ന പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ സംബന്ധിക്കാനായി നേരത്തെ തന്നെ ബേക്കല്‍ ഉസ്താദ് എത്തിയതിനാല്‍ അല്‍പ സമയം റമദാനുമായി ബന്ധപ്പെട്ട ഓര്‍മകള്‍ സംസാരിക്കാന്‍ സമയം കണ്ടെത്തി. കര്‍ണാടകയുടെ ഏതോ കോണില്‍ നിന്ന് പരിപാടിയും കഴിഞ്ഞ് മള്ഹറിലെത്തിയ ഉസ്താദിന്റെ മുഖത്ത് യാത്രാ ക്ഷീണം നിഴലിച്ചു കാണുന്നുണ്ട്. വിഷയങ്ങള്‍ ചോദിച്ചറിയുന്നവരോട് ക്ഷീണമോ അനാരോഗ്യമോ പറഞ്ഞ് ഒഴിഞ്ഞു മാറുന്ന ശൈലിയല്ല ആ പണ്ഡിത തേജസ്സിയുടെ സ്വഭാവം. ആ വിജ്ഞാന സാഗരത്തെ അടുത്തറിയുമ്പോഴാണ് അവിടുത്തെ വിജ്ഞാന പരിമളം ആസ്വദിക്കാന്‍ സാധിക്കൂ.

കര്‍ഷകനും ദീനി സ്‌നേഹിയുമായിരുന്ന പിതാവ് മുഹമ്മദിന്റെയും ഖദീജയുടെയും മകനായി 1949 ഫെബ്രുവരി ഏഴിന് കര്‍ണാടക മഞ്ഞനാടിക്കടുത്ത മരിക്കള ജമാഅത്തിലെ പൂടലിലാണ് ഉസ്താദ് ജനിക്കുന്നത്. നിരവധി സ്ഥലങ്ങളില്‍ പഠനം നടത്തി ദീനി വിജ്ഞാനം കരഗതമാക്കി. താജുല്‍ ഉലമാ സയ്യിദ് അബ്ദുര്‍ റഹ് മാന്‍ അല്‍ ബുഖാരി ഉള്ളാള്‍, താജുശരീഅ എം അലിക്കുഞ്ഞി മുസ്ലിയാര്‍, മര്‍ഹും കുഞ്ഞബ്ദുല്ല മുസ്ലിയാര്‍ ആലംപാടി, മഹ് മൂദ് മുസ്ലിയാര്‍ മണ്ടപ്പദവ്, പി ടി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ തുടങ്ങിയവരുടെ കീഴിലായിരുന്നു പഠനം. ഗോള ശാസ്ത്രത്തില്‍ അഗാധ പാണ്ഡിത്യം നേടി കഴിവു തെളിയിച്ച ബേക്കല്‍ ഉസ്താദ് ഇപ്പോള്‍ കേരള കര്‍ണാടകയിലായി അഞ്ചൂറോളം മഹല്ലുകളുടെ ഖാസിയാണ്. പള്ളിയുമായി ബന്ധപ്പെട്ട ഖിബ്‌ല നിര്‍ണയത്തിന് ബേക്കല്‍ ഉസ്താദിനെയാണ് അധിക മഹല്ലുകളും ബന്ധപ്പെടാറ്. കര്‍ണാടക ജംഇയ്യത്തുല്‍ ഉലമയുടെ സംസ്ഥാന പ്രസിഡണ്ടും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര മുശാവറ അംഗം കുടിയാണ്. ഇപ്പോള്‍ ജാമിഅ സഅദിയയുടെ ശരീഅത്ത് കോളജ് വിഭാഗം തലവനും മുദരിസുമാണ്.

വിശുദ്ധ റമദാന്‍ ആഗതമാവുന്നതിന് മുമ്പ് അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരിക്കും. മുളിമേഞ്ഞ കൊച്ചു വീടുകളാണ് അധികവും ഉണ്ടാവുക. ചില സ്ഥലങ്ങളില്‍ ഓട് മേഞ്ഞ വീടുകളും ഉണ്ടാകും. റമദാനിനെ സ്വീകരിക്കാന്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഒരുക്കങ്ങളാവും. സ്ത്രീകളുടെ നിസ്‌കാരപ്പായയും കുപ്പായവുമെല്ലാം കഴുകി വൃത്തിയാക്കും. വീടിന്റെ മച്ചിയും മുറ്റവും അടിച്ച് വാരും. വീടുകളില്‍ ഇരിക്കാന്‍ ഉപയോഗിച്ചിരുന്ന പലകളും മറ്റ് തടിയുപകരണങ്ങളും കഴുകും. പല കഴുകുന്നത് കുട്ടികള്‍ക്കിടയില്‍ വലിയ ആഘോഷവും സന്തോഷവുമായിരുന്നു. പല കഴുകാനായി തോടുകളിലും പുഴകളിലും പോകാറുണ്ട്. ആവേശത്തില്‍ റമദാന്‍ മുന്നൊരുക്കത്തിന്റെ പല കഴുകാന്‍ പോയ കുട്ടികള്‍ വെള്ളത്തില്‍ മുങ്ങിമരിച്ച സംഭവം ബേക്കല്‍ ഉസ്താദ് പങ്കുവെച്ചു.

റമദാന്‍ പിറവിയറിയാന്‍ വലിയ കുന്നിന്‍ മുകളില്‍ കയറും. കുറേ പേര്‍ കൂട്ടമായാണ് കയറുക. റമദാന്‍ മാസപ്പിറവി കണ്ടാല്‍ ഉറക്കെ തക്ബീര്‍ ചൊല്ലി താഴെയിറങ്ങും. പിന്നെ നാട്ടുകാരെ അറിയിക്കാന്‍ ഉറക്കെ മാസം കണ്ടു... മാസം കണ്ടു എന്നു പറഞ്ഞ് തക്ബീറും ചൊല്ലി നടക്കും. ശാന്തമായ അന്തരീക്ഷമായതിനാല്‍ ദൂര സ്ഥലങ്ങളിലേക്ക് ഈ വിളിയാളം കേള്‍ക്കും. കേള്‍ക്കാത്ത വീടുകളില്‍ നടന്നു പോയി പറയും. നാട്ടുകാരെയെല്ലാം വിളിച്ച് പറയും. പലപ്പോഴും റമദാന്‍ വിവരം പിറ്റേന്ന് രാവിലെയാണ് അറിയുക. പെരുന്നാളിന്റെ അവസരങ്ങളിലും ഇത് പോലെ വൈകിയറിഞ്ഞ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്.

നോമ്പ് തുറക്കാന്‍ പച്ചവെള്ളവും കാരക്കയുമാണ് ഉണ്ടാവുക. ഒരു കാരക്കയെ ഏഴെട്ട് കഷ്ണങ്ങളാകി വീതിക്കും. ചിലപ്പോള്‍ ചെറിയൊരു നാരായിരിക്കും കിട്ടുക. അവരവരുടെ വീടുകളിലാണ് നോമ്പ് തുറയുണ്ടാവുക. പള്ളിയില്‍ കുറവായിരിക്കും. പള്ളിയില്‍ നിന്ന് വീട്ടിലേക്ക് മൂന്ന് കിലോമീറ്റര്‍ ദൂരമുണ്ട്. തറാവീഹിന് കൂട്ടുകാര്‍ക്കൊപ്പം നടന്നു പോകും. 10 വയസുമുതല്‍ തറാവീഹിന് പള്ളിയില്‍ പോകാന്‍ തുടങ്ങി. ചെറുപ്പത്തില്‍ തറാവീഹിന് മാത്രമേ പള്ളിയില്‍ പോയിരുന്നുള്ളൂ. നോമ്പ് തുറ കഴിഞ്ഞ് പള്ളിയില്‍ പോയാല്‍ 12 മണിനേരത്തായിരിക്കും വീട്ടില്‍ തിരിച്ചെത്തുക.

നോമ്പു പിടിക്കാന്‍ ചെറുപ്പത്തില്‍ തന്നെ തുടങ്ങിയിട്ടുണ്ട്. 10 വയസ് മുതല്‍ റമദാനിലെ 30 നോമ്പ് പിടിക്കാന്‍ തുടങ്ങി. പിതാവിന്റെയും മാതാവിന്റെയും ദീനീ ചുറ്റുപാടും ഭയഭക്തിയുമാണ് ബേക്കല്‍ ഉസ്താദിനെ ഈ ഒരു ആത്മീയ ചുറ്റുപാടിലേക്ക് എത്തിച്ചത്. കര്‍ഷകനായ പിതാവ് ഒരു നേരത്തെ നിസ്‌കാരം പോലും ഖളാഅ് ആക്കാറില്ല. സൂക്ഷ്മ ശാലിയായ പിതാവിന്റെ ജീവിതത്തില്‍ വൃത്തി മുഖമുദ്രയായിരുന്നു. ജോലി കഴിഞ്ഞ് വന്നാല്‍ അലക്കി കുളിച്ച് വസ്ത്രം കഴുകി ആറാനിടും. ദീനി വിഷയങ്ങള്‍ വായിച്ചും ചോദിച്ചും പഠിക്കും. അറബി മലയാള പുസ്തകങ്ങള്‍ നിരന്തരം വായിച്ച് കാര്യങ്ങള്‍ മനസിലാക്കും. റമദാനായാല്‍ നീണ്ട ഖുര്‍ആനോത്തായിരിക്കും. ളുഹ്‌റ് കഴിഞ്ഞാല്‍ ഖുര്‍ആനോതിയിരിക്കും. പിതാവിന്റെ ഈ ജീവിത രീതി ബേക്കലുസ്താദിനെ ആകര്‍ഷിപ്പിച്ചു.

റമദാനില്‍ മഞ്ഞനാടിയിലേക്കാണ് വയള് കേള്‍ക്കാന്‍ പോകാറ്. വീട്ടില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ നടന്നു വേണം മഞ്ഞനാടിയിലേക്ക് എത്താന്‍. എന്നാലും അറിവ് പഠിക്കാനുള്ള അതിയായ ജിജ്ഞാസയില്‍ ബേക്കല്‍ ഉസ്താദ് അവിടെ വരെ നടക്കും. ദര്‍സ് ജീവിതത്തില്‍ ഉസ്താദ് റമദാനില്‍ വയള് പറഞ്ഞിട്ടില്ലെങ്കിലും ഇന്ന് പതിനായിരങ്ങളെ അഭിസംബോധനം ചെയ്യുന്ന ബഹുഭാഷ പ്രഭാഷകനാണ് ഉസ്താദ്. കര്‍ണാടകയില്‍ ഉറുദു, കന്നട, മലയാള ഭാഷകളില്‍ ഉസ്താദ് പ്രസംഗിക്കാറുണ്ട്.

പെരുന്നാള്‍ ആയാല്‍ പുത്തനുടുപ്പ് അപൂര്‍വമാണ്. പഴയതിന് വലിയ പോറലില്ലെങ്കില്‍ അതു തന്നെ അഡ്ജസ്റ്റ് ചെയ്യലാണ് പതിവ്. ചിലപ്പോള്‍ പുത്തനുടുപ്പ് വാങ്ങും. തേച്ച് മിനുക്കിയ പുത്തനുപ്പിന്റെ മിനുക്ക് പൊടിഞ്ഞ് ചുരുട്ടിയാണ് വസ്ത്രം ധരിക്കാറ്.

-സമ്പാദകന്‍: എന്‍ കെ എം മഹ്‌ളരി ബെളിഞ്ച
മാസം കണ്ടൂ...മാസം കണ്ടൂ

Related Articles:
പത്തിരിയെന്ന വി ഐ പി ഫുഡ്


പൊന്നാനിയിലെ കുഞ്ഞന്‍ നോമ്പ് തുറ

ഏയ്, നാളെ നോമ്പ് അബെ

മണ്‍കലത്തിലൊരു ജുസ്അ് പുള്ളി

കോട്ടുമല ഉസ്താദിനൊപ്പം ഒരു നോമ്പ് തുറ

പീര്‍ സാഹിബ് വന്ന പെരുന്നാള്‍

എന്‍ കെ ബാലകൃഷ്ണന്‍ എസ് ഐയുടെ നോമ്പ് കാലം

കടത്തിണ്ണയില്‍ ഒരു നോമ്പ് തുറ

പാടത്താളിയിലെ നീര്

കിട്ടിയത് ഉണ്ണി മാങ്ങ, വീണത് വിഷപ്പാമ്പ്

കസബിലെ നോമ്പ് തുറ

മദ്രാസിലെ മസാലക്കഞ്ഞിയും, കട്‌ലറ്റും

പത്തിരിയെന്ന വി ഐ പി ഫുഡ്

ബോധം നഷ്ടപ്പെട്ട നോമ്പ്

ദാ, മോനെ ഇപ്പൊ ബാങ്കൊടുക്കും

മടവൂരിനൊപ്പം ഒരു നോമ്പ് തുറ

Keywords : Article, Ramadan, Bekal, Bekal Ibrahim Musliyar, NKM Malhari Belinja.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia