city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോട്ടുമല ഉസ്താദിനൊപ്പം ഒരു നോമ്പ് തുറ

നോമ്പ് അനുഭവം: അലിക്കുഞ്ഞി ഉസ്താദ് ഷിറിയ

(www.kasargodvartha.com 15/06/2016) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സംസ്ഥാന ഉപാധ്യക്ഷനും ഷിറിയ ലത്വീഫിയ്യ ഇസ്ലാമിക് കോംപ്ലക്‌സിന്റെ ചെയര്‍മാനുമാണ് ഉസ്താദുല്‍ അസാതീദ് എം അലിക്കുഞ്ഞി ഉസ്താദ് ഷിറിയ. താജുശരീഅ എന്നാണ് അപരനാമം. നാമം പോലെ തെളിച്ചമാണ് അവിടുത്തെ ജീവിതം. സമസ്തയുടെ തലയെടുപ്പുള്ള പണ്ഡിത നിരയില്‍ ഏറ്റവും കൂടുതല്‍ പാരമ്പര്യമുള്ള വ്യക്തിത്വവുമാണ് ശൈഖുനാ.

റമദാന്‍ അനുഭവം കുറിക്കാന്‍ ഷിറിയയിലെ വീട്ടിലെത്തുമ്പോള്‍ സമയം ഉച്ചയോടടുത്തിരുന്നെതിനാല്‍ ആരാധനക്ക് ഭംഗം വരാത്ത രൂപത്തില്‍ സംസാരിച്ചു പിരിയാമെന്നായിരുന്നു തീരുമാനം. വിഷയം സൂചിപ്പിച്ചപ്പോള്‍ ക്ഷീണത്തിനിടയിലും കാര്യങ്ങള്‍ പങ്കുവെച്ചു. റമദാനില്‍ ആരാധന നിരതനായി കാലം ചെലവഴിച്ച ഉസ്താദുല്‍ അസാതിദിന്റെ റമദാന്‍ അനുഭവം പരിചിതര്‍ക്ക് കുറിക്കിക്കാതെയറിയാം. സംസാരിച്ച് പിരിയുമ്പോള്‍ വീടിന്റെ കോലായില്‍ നിന്ന് കൊണ്ട് യാത്ര പറഞ്ഞുവന്ന ലേഖകന്റെ തല മറയുന്നത് വരെ ഉസ്താദ് അവിടെ നില്‍പ്പുണ്ടായിരുന്നു. വീട്ടിലെത്തിയ അതിഥികള്‍ ആരായാലും ഉസ്താദിന്റെ ഈ നില്‍പ് പതിവാണ്. ഇതില്‍ നിന്നും ആര്‍ക്കും മനസ്സിലാക്കാവുന്നതാണ് അലിക്കുഞ്ഞി ഉസ്താദിലെ താജുശരീഅ.

കുട്ടിക്കാലം ഒളയത്തായിരുന്നു. നോമ്പിന്റെ പോരിശ നല്ലോണം ഉണ്ടായിരുന്ന നാട്. റമദാനിനെ വരവേല്‍ക്കാന്‍ ദിവസങ്ങള്‍ക്ക് മുമ്പേ ഒരുങ്ങും. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കും. നിസ്‌കാരപ്പായയും കുപ്പായവുമെല്ലാം അലക്കിവെക്കും. റമദാനിന്റെ വരവ് പവിത്രതയോടെ വരവേല്‍ക്കും. റമദാനിന്റെ ചന്ദ്രക്കല ഉദയം ചെയ്താല്‍ ജന മനസ്സില്‍ ആത്മീയതയുടെ പേമാരി പെയ്യും. ചുരുക്കത്തില്‍ നോമ്പും അനുബന്ധങ്ങളെല്ലാം മട്ടത്തിലായിരുന്നുവെന്നാണ് ഉസ്താദിന്റെ ഭാഷ്യം.

പഴമയുടെ പൊലിമ ചോരാതെ നിലനിര്‍ത്തുകയാണ് ശൈഖുനാ. അമ്പത് വര്‍ഷത്തിനപ്പുറത്തുള്ള റമദാന്‍ ഓര്‍മകള്‍ക്ക് പഞ്ഞമനുഭവിക്കുന്നുവെങ്കിലും ഓര്‍ത്തെടുക്കാനുള്ള പരിശ്രമത്തിലാണ് അലിക്കുഞ്ഞി ഉസ്താദ്. റമദാനിന്റെ മാസപ്പിറവി ഉറപ്പിക്കാന്‍ കാസര്‍കോട് പോകലാണ് പതിവ്. തളങ്കര മാലിക് ദീനാറായിരുന്നു എല്ലാവരുടെയും ആശ്രയ കേന്ദ്രം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് റമദാനിന്റെയും പെരുന്നാളിന്റെയും പിറവിയറിയാന്‍ തളങ്കര പള്ളിയിലെത്തും. ഒളയത്ത് നിന്നും ആരെങ്കിലും അവിടെ പോകും. അവരുടെ വരവും കാത്ത് എല്ലാവരും പള്ളിയില്‍ നില്‍ക്കും. മാസപ്പിറവിയുടെ സന്ദേശമെത്തിയാലാണ് പിന്നെ നാട്ടുകാരുടെ മുഖത്ത് പെരുന്നാള്‍ പ്രതീതിയാണ്.

റമദാനിന്റെ പുണ്യം മനസിലാക്കാനും അതനുസരിച്ച് ഇബാദത്തുക്കള്‍ ചെയ്യാനുമുള്ള പഴയ കാല മനസ്‌കത ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. കൃഷി പാടത്തില്‍ വിയര്‍പ്പൊലിപ്പിച്ച് സുബിഹ് മുതല്‍ അസര്‍ ഉച്ചവരെ പണിയെടുത്ത് അധ്വാനിച്ചവരാണ് പിന്നീട് പള്ളിയില്‍ വന്ന് വയള് കേട്ടും ഖുര്‍ആനോതിയും ഇരിക്കുന്നത്. ളുഹ്‌റിന് ശേഷം പള്ളിയില്‍ നടക്കുന്ന ഉര്‍ദി ജനങ്ങള്‍ സാകൂതം കേള്‍ക്കുകയും അതില്‍ നിന്നും കിട്ടുന്ന അറിവുകള്‍ പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നവരായിരുന്നു.

കുട്ടിക്കാലത്ത് ഖുര്‍ആനോത്തിലും മറ്റ് സല്‍കര്‍മങ്ങളുമായി ചിലവഴിക്കലാണ് പതിവ്. മുതഅല്ലിം ജീവിതത്തിലാണ് ശൈഖുനാ വയള് പറയാന്‍ പഠിക്കുന്നത്. റമദാനില്‍ നാടായ ഒളയവും പരിസര പ്രദേശങ്ങളായ മുട്ടം, ഷിറിയ, മള്ളങ്കൈ തുടങ്ങിയ മറ്റ് പല സ്ഥലത്തും വയള് പറയും. ഈ സമയത്തൊന്നും നയാ പൈസപോലും ഉസ്താദ് വാങ്ങിയിരുന്നില്ല. പഠിച്ച അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കലായിരുന്നു ആദ്യന്ത്യ ലക്ഷ്യം. പിന്നീട് പല നാടുകളിലും മുപ്പത്, നാല്‍പത് ദിവസങ്ങളോളം വയള് പറഞ്ഞ ചരിത്രം ഈ അത്ഭുത മനുഷ്യന്റെ ജീവിതത്തില്‍ കഴിഞ്ഞു പോയിട്ടുണ്ട്. റമദാനിനെ ഇല്‍മു കൊണ്ടും ഇബാദത്തുകള്‍ കൊണ്ടും സമ്പുഷ്ടമാക്കലാണ് ഉസ്താദുല്‍ അസാതിദിന്റെ ജീവിത ശൈലി.

നോമ്പു തുറയുടെ വെടി ഒളയത്തും ഉണ്ടായിരുന്നുവെന്നാണ് ഉസ്താദ് പറയുന്നത്. വിദഗ്ധനായ ഒരാളാണ് ഇതിന്റെ കര്‍മം ചെയ്തിരുന്നത്. ആ വെടിയൊച്ച വീടുകളില്‍ നോമ്പ് തുറയുടെ സമയത്തിനുള്ള സൂചനയാണ്. വികസനം എത്താത്ത ആ കാലത്തെ ഇത്തരം കണ്ടുപിടുത്തങ്ങള്‍ സമ്മതിച്ചേ പറ്റൂ.

നോമ്പ് തുറക്കുള്ള വിഭവങ്ങളായി കാരക്കയും പച്ചവെള്ളവും തന്നെയായിരുന്നു ഇവിടെയും. ചീരാ കഞ്ഞിയും ഉണ്ടാകും. വീട്ടിലാണ് അധിക പേരും നോമ്പ് തുറക്കാറ്. അതു കഴിഞ്ഞാല്‍ തറാവീഹിന് പള്ളിയില്‍ പോകും. സ്ത്രീകളാണെങ്കില്‍ റമദാനിന്റെ പോരിശ മനസ്സിലാക്കി ആരാധന വര്‍ധിപ്പിക്കും. വീടുകളില്‍ ഖുര്‍ആനും സ്വലാത്തുമായി റമദാനിനെ ധന്യമാക്കും. അടുക്കളപ്പണിക്ക് വേണ്ടി കൂടുതല്‍ സമയം ചിലവഴിക്കേണ്ടി വന്നിരുന്നില്ല. ദാരിദ്രത്തിന്റെ കാലമായതിനാല്‍ ഉള്ളത് കൊണ്ട് തൃപ്തിപ്പെടലായിരുന്നു പതിവ്.

കാസര്‍കോട് ജില്ലയിലെ ദര്‍സ് ജീവിതത്തിനു ശേഷം തളിപ്പറമ്പ് ഖുവ്വത്തിലും പരപ്പനങ്ങാടിയിലും ശൈഖുനാ ദര്‍സ് പഠനം നടത്തി. ശംസുല്‍ ഉലമാ ഇ കെ ഉസ്താദിന്റെ ദര്‍സില്‍ പഠിക്കുമ്പോള്‍ ഇ കെ ഹസന്‍ മുസ്ലിയാര്‍, സി എം മടവൂര്‍ സീനിയര്‍ വിദ്യാര്‍ത്ഥികളും ശൈഖുനയുടെ ഉസ്താദുമാരും ആയിരുന്നു. കോട്ടുമല അബൂബക്കര്‍ മുസ്ലിയാരാണ് താജുശരീഅയുടെ പ്രധാന ഗുരു. സല്‍സ്വഭാവിയും അഗാധ ജ്ഞാനിയുമായ കോട്ടുമല അബൂബക്കര്‍ മുസ്ലിയാരുടെ കീഴിലുള്ള ദര്‍സ് ജീവിത കാലയളവില്‍ പല മഹാന്മാരെ നേരിട്ട് കാണാനും അവരുടെ പ്രസംഗങ്ങള്‍ കേള്‍ക്കാനും സാധിച്ചു.

വിശുദ്ധ റമദാനില്‍ ദര്‍സ് അവധിയില്‍ നാട്ടില്‍ വന്നാല്‍ ഒരു നോമ്പ് തുറ കോട്ടുമല ഉസ്താദിന്റെ കൂടെയാവാന്‍ എല്ലാ വര്‍ഷവും അവിടെ പോയി നോമ്പ് തുറക്കും. ഇപ്പോഴും വര്‍ഷത്തിലൊരിക്കല്‍ തന്റെ ഗുരുവിന്റെ ഖബര്‍ സിയാറത്തിനു വേണ്ടി അലികുഞ്ഞി ഉസ്താദ് പോകാറുണ്ട്. കോട്ടുമല ഉസ്താദിന്റെ ജീവിത കാലത്ത് റമദാനില്‍ വൈകുന്നേരം കോട്ടുമലയില്‍ എത്തി നോമ്പ് തുറന്ന് അത്താഴം കഴിച്ച് സുബ്ഹി നിസ്‌കാരം കഴിഞ്ഞാണ് അവിടെന്ന് തിരിക്കാറ്.

റമദാനിലെ കോട്ടുമല ഉസ്താദിന്റെ ജീവിത ശൈലി നേരിട്ടു പഠിക്കാനും ആത്മ നിര്‍വൃതി അനുഭവിക്കാനും ഈ യാത്ര സഹായകമാകുന്നു. ഒരു പെരുന്നാളിന് വാങ്ങിയ പുതിയ തൊപ്പിയിട്ട് ശവ്വാലില്‍ ദര്‍സില്‍ പോയപ്പോള്‍ ആ തൊപ്പിയെ കോട്ടുമല ഉസ്താദിന് ഇഷ്ടമില്ലാത്തതിനാല്‍ തൊപ്പി മാറ്റി തലപ്പാവ് ധരിക്കണമെന്നുപദേശം കൊടുത്തപ്പോഴേക്കും 17 രൂപ കൊടുത്ത് വാങ്ങിയ പുതിയ തൊപ്പി അലിക്കുഞ്ഞി ഉസ്താദ് ധര്‍മം ചെയ്യുകയും തലപ്പാവ് ധരിക്കുകയും ചെയ്തു. അച്ചടക്കത്തിന്റെ ആള്‍രൂപമാണ് ശൈഖുനാ അലിക്കുഞ്ഞി ഉസ്താദ്. സമസ്തയുടെ ഉപാധ്യക്ഷ പദവിയിലിരിക്കുമ്പോഴും വിനയാന്വിതനായി അധ്യാപന ജീവിതം നയിക്കുന്ന ഉസ്താദുല്‍ അസാതിദിന്റെ ജീവിതം ഏവര്‍ക്കും പാഠമാണ്.

-സമ്പാദകന്‍: എന്‍ കെ എം മഹ്‌ളരി ബെളിഞ്ച

കോട്ടുമല ഉസ്താദിനൊപ്പം ഒരു നോമ്പ് തുറ


Related Articles:

വാല് പോലെ അഹ് മദ് മോന്‍


പൊന്നാനിയിലെ കുഞ്ഞന്‍ നോമ്പ് തുറ

ഏയ്, നാളെ നോമ്പ് അബെ

മണ്‍കലത്തിലൊരു ജുസ്അ് പുള്ളി
Keywords : Ramadan, Article, Alikunhi Usthad Shiriya, NKM Belinja.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia