city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പീര്‍ സാഹിബ് വന്ന പെരുന്നാള്‍

നോമ്പ് അനുഭവം: അബ്ദുല്ല മുസ്ലിയാര്‍ ബായാര്‍

(www.kasargodvartha.com 16/06/2016) മംഗളൂരുവില്‍ പോയി തിരിച്ചു വരുമ്പോഴാണ് എ കെ സഖാഫി കന്യാന ബായാര്‍ അബ്ദുല്ല മുസ്ലിയാരെ കുറിച്ച് ഓര്‍മിപ്പിച്ചത്. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഉപ്പള കൈകമ്പക്കടുത്തുള്ള ഗസ്റ്റ് ഹൗസിനു സമീപത്തുള്ള ഫ്‌ളാറ്റില്‍ താമസിക്കുന്ന വിവരം കിട്ടി. ആ വയോ പണ്ഡിത കുലപതിയെ കണ്ടപ്പോള്‍ മനസില്‍ കുണ്ഡിതം തോന്നി. ശാരീരിക ക്ഷീണം കാരണം വിശ്രമ ജീവിതം നയിക്കുന്ന അബ്ദുല്ല മുസ്ലിയാര്‍ പരിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുകയായിരുന്നു. വിനയാന്വിതരായി ഞങ്ങള്‍ മാറി നിന്നെങ്കിലും ഉസ്താദ് അകത്തേക് ക്ഷണിച്ച് ഇരിക്കാന്‍ പറഞ്ഞു. വിഷയം അവതരിപ്പിച്ചതിനു ശേഷം ഓര്‍മകള്‍ പങ്കു വെച്ചു തുടങ്ങി.

റമദാനിന്റെ ആഗമനം വലിയ സന്തോഷമായിരുന്നു. റമദാന്‍ വരവായ്..റമദാന്‍ വരവായ് എന്ന് മുതിര്‍ന്നവര്‍ പാടി നടക്കും. പല നാടുകളിലും കണ്ടു വരുന്നത് പോലെ റമദാന്‍ മുന്നോടിയായി ബായാറിലും പഴയ കാല സ്ത്രീ പുരുഷന്മാര്‍ വീടും പരിസരവും വൃത്തിയാക്കും. വീട്ടുവളപ്പിലും പരിസരത്തുമുള്ള ചപ്പുചവറുകളും കുന്നുകൂട്ടി തീ വെച്ച് ചാരമാക്കും. എല്ലാം ഒരു വെളിച്ചമാണ്.

ബായാര്‍ പള്ളിയില്‍ ദീര്‍ഘകാലം സേവനം ചെയ്ത മഞ്ചേരി സ്വദേശി അഹ് മദ് മുസ്ലിയാരാണ് ബായാര്‍ ഉസ്താദിന്റെ പിതാവ്. ബായാര്‍ പള്ളിയില്‍ മുക്രിയും ഖത്തീബുമായി ജോലി ചെയ്ത അഹ് മദ് മുസ്ലിയാര്‍ ബായാറില്‍ നിന്നാണ് വിവാഹം ചെയ്തത്. ആ ദാമ്പത്യ വല്ലരിയില്‍ വിരിഞ്ഞ സൂനമാണ് അബ്ദുല്ല മുസ്ലിയാര്‍. 1944 സെപ്തംബറിലാണ് ജനനം. മൊല്ലാ കുടുംബമെന്നാണ് പിതാവിന്റെ കുടുംബം അറിയപ്പെട്ടിരുന്നത്. ഭംഗിയായി ഖുര്‍ആനോതുന്ന അഹ് മദ് മുസ്ലിയാരുടെ സേവനം ബായാര്‍ക്കാര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു. മുക്രിക്ക എന്നപേരിലാണ് അഹ് മദ് മുസ്ലിയാര്‍ അറിയപ്പെട്ടത്. ബായാര്‍ പള്ളിക്കടുത്താണ് മുക്രിക്കയുടെ വീട്.

റമദാന്‍ വരവായാല്‍ പിതാവിന്റെ മുന്‍കൂര്‍ നിര്‍ദേശം വരും. മക്കളെ, റമദാന്‍ വരാനായി. നല്ല പോലെ സ്വീകരിക്കണം. തെറ്റുകള്‍ ചെയ്യരുത്. ഖുര്‍ആനോത്തും നിസ്‌കാരവും മുറപോലെ നിര്‍വഹിക്കണം. ഇതായിരുന്നു പിതാവിന്റെ നിര്‍ദേശം. നാട്ടുകാരോടും കുട്ടികളോടുമെല്ലാം പിതാവിന്റെ ഈ സാരോപദേശം ഉണ്ടാകും.

റമദാനിന്റെ പിറവിയറിയാന്‍ ബായാറിലുണ്ടായിരുന്ന കുന്നിന്‍ മുകളില്‍ കയറും. വുളൂഅ് (അംഗസ്‌നാനം) ചെയ്താണ് കയറുക. ഉപ്പള കടല്‍ ഇവിടെ നിന്നും നോക്കിയാല്‍ കാണാം. സൂര്യാസ്തമയം നല്ല പോലെ കാണാന്‍ പറ്റുന്നത് കൊണ്ടാണ് കുന്നില്‍ കയറി മാസപ്പിറവി കാണാന്‍ പോകുന്നത്. മഗ്‌രിബ് സമയം ആയാല്‍ കുന്നിന്‍ മുകളില്‍ തന്നെ നിസ്‌കരിക്കും. അതിനാണ് ആദ്യം വുളൂഅ് ഉണ്ടാക്കി കയറുന്നത്. ചിലപ്പോള്‍ പിറവി കാണും. കണ്ടാല്‍ തക്ബീര്‍ ചൊല്ലി കൊണ്ടാണ് ഇറങ്ങിവരിക.

ചന്ദ്രക്കല ദര്‍ശിച്ച ചരിത്രം ബായാറിന് പറയാനുണ്ട്. പിറവി കാണാതപ്പോള്‍ തൊട്ടടുത്ത നാടുകളിലെ വിവരം കിട്ടാന്‍ കാത്തു നില്‍ക്കും. ചിലപ്പോള്‍ പാതിരാക്കായിരിക്കും വിവരം ലഭിക്കുക. കിടന്നുറങ്ങുമ്പോള്‍ മാസപ്പിറവി കണ്ടതറിഞ്ഞ് പാതിരാക്ക് വന്ന് വാതില്‍ മുട്ടി വിളിച്ച ചരിത്രവുമുണ്ട്. റമദാനിന്റെ വിവരമറിഞ്ഞാല്‍ സൈക്കിളിലോ കാല്‍നടയായോ പോയി വീടുകളിലും നാടുകളിലും സന്ദേശമെത്തിച്ച സന്ദര്‍ഭങ്ങള്‍ അഭിമാനത്തോടെ ഓര്‍ത്തെടുക്കുകയാണ് അബ്ദുല്ല മുസ്ലിയാര്‍.

റമദാനില്‍ നോമ്പ് തുറ അധികവും പള്ളിയിലാണ്. വീട് പള്ളിക്കടുത്തായതിനാല്‍ എല്ലാ നേരവും നിസ്‌കാരത്തിന് പിതാവ് പള്ളിയില്‍ കൂട്ടിക്കൊണ്ട് പോകും. ആറ് വയസു മുതല്‍ പള്ളിയിലായിരുന്നു നിസ്‌കാരം. ദാരിദ്ര്യത്തിന്റെ പുക നിറഞ്ഞ അന്തരീക്ഷത്തില്‍ ഒരു നേരത്തെ ഭക്ഷണത്തിനുപോലും തേങ്ങുകയായിരുന്നു അധിക വീടുകളും. കഴിവുള്ളവര്‍ കഞ്ഞിയോ പത്തിരിയോ ഉണ്ടാക്കി നോമ്പ് തുറക്ക് പള്ളിയിലെത്തിക്കും. പത്ത് മുപ്പതോളം ആളുകള്‍ നോമ്പ് തുറക്ക് പള്ളിയിലുണ്ടാകും. പച്ച വെള്ളം കൊണ്ടാണ് അധികവും നോമ്പ് തുറക്കാറ്. ചിലപ്പോള്‍ കാരക്ക കിട്ടിയെന്ന് വരും. ഒരു കാരക്ക എട്ട്പത്ത് കീറ്റാക്കി ഓഹരി വെക്കും. അത്രയും ക്ഷാമമാണ് ആ കാലം.

വീട്ടിലാണെങ്കില്‍ നോമ്പ് തുറ കഴിഞ്ഞ് കൂടുതലൊന്നും കിട്ടാറില്ല. പിണ്ടിയും പയര്‍ കറിയുമാണ് ഉണ്ടാകാറ്. പള്ള നിറയെ കഴിക്കാനായി വീട്ടുവളപ്പിലുള്ള കശുമാവില്‍ (കൊട്ടന്റെ മരം) നിന്ന് കശുവണ്ടിപ്പഴം പറിച്ച് കൊട്ടയിലാക്കി വെക്കും. നോമ്പ് തുറ കഴിഞ്ഞാല്‍ പള്ള നിറച്ച് തിന്നും. യഥേഷ്ടം തിന്നാന്‍ കിട്ടിയിരുന്ന ഒന്നാണ് കശുവണ്ടിപ്പഴം. തീന്‍ സുപ്രയിലും ഇത് സ്ഥാനം പിടിച്ചിരുന്നു. വൈകുന്നേരമായാല്‍ കശുമാവിന്‍ ചുവട്ടില്‍ പോയി പഴം പെറുക്കലാണ് പണി.

തറാവീഹിന് പള്ളിയില്‍ ഉറുദിയുണ്ടാകും. ളുഹ്‌റിന് ശേഷമാണ് കൂടുതലായും വയള് പറയാറ്. മുട്ടം അബ്ബാസ് മുസ്ലിയാരുടെ മതപ്രഭാഷണം എല്ലാവര്‍ക്കും ഹരമാണ്. (മുട്ടം പള്ളിയിലാണ് അദ്ദേഹത്തിന്റെ മഖ്ബറ). ഒരു കാലില്ലാത്ത അബ്ബാസ് മുസ്ലിയാര്‍ നാടിന്റെ പല ഭാഗങ്ങളിലും പ്രസംഗിക്കാറുണ്ട്. ബായാറില്‍ വന്നാല്‍ മൂന്ന്, നാല് ദിവസം അദ്ദേഹം പ്രസംഗിക്കും. കര്‍മശാസ്ത്ര മസ്അലയും വയളില്‍ പറഞ്ഞ് കൊടുക്കും.

തറാവീഹ് കഴിഞ്ഞാല്‍ വീട്ടില്‍ വന്ന് മുറ്റത്ത് പായ വിരിച്ചിരിക്കും. ചുറ്റും ഇരുളായിരിക്കും. പിതാവും ഉമ്മയും മക്കളുമെല്ലാം പുറത്തിരുന്ന് ഏറെ നേരം കാറ്റും കൊണ്ട് കഥ പറഞ്ഞിരിക്കും. മണ്ണെണ്ണ വിളിക്ക് കത്തിച്ച് വെച്ചാണ് ഈ സൊറപറയല്‍. വിളക്ക് കാറ്റത്ത് കെടാതിരിക്കാന്‍ ചുറ്റും പലവെക്കും. ഉപ്പ നോമ്പിന്റെ മസ്അലകള്‍ പറഞ്ഞു തരും. കഴിഞ്ഞു പോയ ആ കാലത്തെ അനുഭവങ്ങളോര്‍ക്കുമ്പോള്‍ ആ കാലം തിരിച്ചു വരാന്‍ ആഗ്രഹിച്ച് പോകുന്നു. എല്ലാം നാഥന്റെ തീരുമാനം...

ദര്‍സ് ജീവിതം തുടങ്ങിയതിനു ശേഷം റമദാനില്‍ വയളുപറയാന്‍ പോയിരുന്നു. ഓതി പഠിച്ചിരുന്ന കിതാബുകള്‍ വയളു പറഞ്ഞു കിട്ടിയ കാഷ് കൊണ്ടും ബായാറിലെ ദീനി സ്‌നേഹികളുടെ ഉദാരമനസ്‌കതയിലും വാങ്ങിയതാണ്. ഉപ്പിനങ്ങാടിയില്‍ വയള് പറയാന്‍ പോയപ്പോള്‍ നോമ്പ് തുറക്കു കിട്ടിയ കഞ്ഞി കുടിച്ചാണ് പിറ്റേ ദിവസത്തെ നോമ്പെടുത്തത്. അത്താഴത്തിന് ഒന്നും ഉണ്ടായിരുന്നില്ല. പച്ച വെള്ളമായിരുന്നു ആ ദിവസത്തെ അത്താഴം.

ബായാറിലെ ഒരു പെരുന്നാളായിരുന്നു രസം. പെരുന്നാളിന്റെ പിറവി കാണാത്തതിനാലും മറ്റ് വിവരങ്ങള്‍ ലഭിക്കാത്തതിനാലും എല്ലാവരും ബേജാറിലായി. അത്താഴം കഴിച്ച് നോമ്പിനൊരുങ്ങി. രാവിലെ ഉപ്പളയില്‍ നിന്നും ബായാറിലേക്ക് പീര്‍ സാഹിബിന്റെ ബസ് സര്‍വീസുണ്ട്. അത് വന്നെങ്കില്‍ മാത്രമാണ് കൂടുതല്‍ വിവരം കിട്ടാന്‍ സാധ്യത. നാട്ടുകാരെല്ലാം പിറ്റേ ദിവസം എട്ട് മണിക്ക് പീര്‍ സാഹിബിന്റെ ബസും കാത്ത് റോഡരികില്‍ നിന്നു. ഉടനെ പീര്‍ സാഹിബിന്റെ ബസ് എത്തി. പെരുന്നാള്‍ വിവരം അന്വേഷിച്ചപ്പോഴാണ് ഉപ്പളയില്‍ ഇന്ന് പെരുന്നാളാണെന്ന വിവരം കിട്ടുന്നത്. ഉടനെ ആനന്ദത്തോടെ എല്ലാവരും തക്ബീര്‍ ചൊല്ലി പെരുന്നാള്‍ ആഘോഷിച്ചു. പീര്‍ സാഹിബ് വന്ന പെരുന്നാളായിരുന്നു അത്.

പീര്‍ സാഹിബ് വന്ന പെരുന്നാള്‍

Related Articles:

വാല് പോലെ അഹ് മദ് മോന്‍


പൊന്നാനിയിലെ കുഞ്ഞന്‍ നോമ്പ് തുറ

ഏയ്, നാളെ നോമ്പ് അബെ

മണ്‍കലത്തിലൊരു ജുസ്അ് പുള്ളി

കോട്ടുമല ഉസ്താദിനൊപ്പം ഒരു നോമ്പ് തുറ

Keywords : Article, Ramadan, Abdulla Musliyar, NKM Belinja, Ramadan experience: Abdulla Musliyar. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia