പിലിക്കോട് സഹകരണ ബാങ്കിലും മുക്കുപണ്ട തട്ടിപ്പ് കണ്ടെത്തി; 70 ലക്ഷം രൂപയുടെ മുക്കുപണ്ടം പണയപ്പെടുത്തി, കോണ്‍ഗ്രസ് നേതാവായ മാനേജര്‍ ഒളിവില്‍
Jun 17, 2016, 11:42 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 17/06/2016) പിലിക്കോട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കാലിക്കടവ് ബ്രാഞ്ചില്‍ 70 ലക്ഷം രൂപയുടെ മുക്കുപണ്ട തട്ടിപ്പ് കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്സ് നേതാവായ മാനേജര്‍ എംവി ശരത് ചന്ദ്രന്‍ ഒളിവില്‍ പോയി. സഹകരണ വകുപ്പിന്റെ സ്‌ക്വാഡ് വ്യാഴാഴ്ച വൈകിട്ട് പരിശോധനയ്‌ക്കെത്തുന്നതിന് തൊട്ടുമുമ്പ് ബാങ്ക് മാനേജര്‍ ശരത് ചന്ദ്രന്‍ താക്കോല്‍ മേശപ്പുറത്ത് വെച്ച് സ്ഥലം വിടുകയായിരുന്നു. കോണ്‍ഗ്രസ്സ് നീലേശ്വരം ബ്ലോക്ക് ജനറല്‍ സെക്രട്ടറിയാണ് ശരത് ചന്ദ്രന്‍.
ബാങ്കിലെ മറ്റ് ജീവനക്കാര്‍ വിവരം ഹെഡ് ഓഫീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് സെക്രട്ടറി ഭാവദാസന്‍ സ്ഥലത്തെത്തിയതിന് ശേഷമാണ് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ സജീവ് കര്‍ത്തയുടെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചത്. വൈകിട്ട് ആറ് മണിവരെ നടന്ന പരിശോധനയില്‍ 200 പണയ ആഭരണങ്ങള്‍ പരിശോധിച്ചതില്‍ ഏഴര ലക്ഷം രൂപയുടെ പണയ ഉരുപ്പടികള്‍ മുക്കുപണ്ടങ്ങളാണെന്ന് കണ്ടെത്തുകയായിരുന്നു. വെളളിയാഴ്ച രാവിലെ തുടര്‍ പരിശോധന നടന്നപ്പോഴാണ് 70 ലക്ഷത്തോളം രൂപയുടെ മുക്കുപണ്ടങ്ങള്‍ പണയപ്പെടുത്തിയതായി കണ്ടെത്തിയിരിക്കുന്നത്.
പരിശോധന തുടരുകയാണ്. തട്ടിപ്പിന്റെ വ്യാപ്തി കൂടുമെന്നാണ് സൂചന. മൊത്തം 1,250 പണയപ്പണ്ടങ്ങളാണ് ബാങ്കിന്റെ കാലിക്കടവ് ശാഖയിലുള്ളത്. കാസര്‍കോട് നായന്‍മാര്‍മൂല മുട്ടത്തൊടി ബാങ്കില്‍ നടന്ന നാല് കോടി രൂപയുടെ മുക്കുപണ്ട തട്ടിപ്പ് പുറത്ത് വന്നതിനെ തുടര്‍ന്നാണ് ജില്ലയിലെ മുഴുവന്‍ സഹകരണ ബാങ്കുകളിലും സഹകരണ വകുപ്പ് പരിശോധന ആരംഭിച്ചിരിക്കുന്നത്.
പ്രമുഖ ബാങ്കുകളിലാണ് ആദ്യം പരിശോധന നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് പിലിക്കോട് സഹകരണ ബാങ്കില്‍ പരിശോധന ആരംഭിച്ചിരിക്കുന്നത്. അതേ സമയം പിലിക്കോട് തെരുവിലെ മെയിന്‍ ബ്രാഞ്ചില്‍ ഇത്തരത്തിലുള്ള തട്ടിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് സൂചന. ഏതാനും വര്‍ഷം മുമ്പാണ് കാലിക്കടവില്‍ പിലിക്കോട് സഹകരണ ബാങ്കിന്റെ രണ്ടാമത്തെ ശാഖ പ്രവര്‍ത്തനം ആരംഭിച്ചത്.
Keywords: Pilicode, Trikaripur, Co-operation-bank, Kasaragod, Kerala, Gold Loan, Cheating, Manager, Checking