city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുട്ടത്തൊടി ബാങ്കില്‍ നടന്നത് കോടികളുടെ തട്ടിപ്പ്; മാനേജര്‍മാരില്‍ ഒരാള്‍ ഒളിവില്‍

കാസര്‍കോട്: (www.kasargodvartha.com 07.06.2016) മുക്കുപണ്ടം പണയം വെച്ച് സഹകരണബാങ്കിന്റെ മുട്ടത്തൊടി ശാഖയില്‍ കോടികളുടെ തട്ടിപ്പാണ് നടന്നതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. സഹകരണ വകുപ്പ് നടത്തിയ പരിശോധനയില്‍ ഇതുവരെ മൂന്നുകോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. പരിശോധന തുടരുകയാണ്. ഇതോടെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവരുമെന്നാണ് വിവരം.

സഹകരണബാങ്കിന്റെ മുട്ടത്തൊടി ശാഖയില്‍ മുക്കുപണ്ടം പണയം വെച്ച് അരക്കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ പ്രതികളായ അപ്രൈസര്‍മാരും ഇടപാടുകാരുമടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുക്കുപണ്ട തട്ടിപ്പ് കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തിയ ബാങ്കിന്റെ രണ്ട് ശാഖകളുടെയും മാനേജര്‍മാരെ ഭരണ സമിതി സസ്‌പെന്റ് ചെയ്യുകയായിരുന്നു. മുക്കുപണ്ടം പണയം വെക്കാന്‍ ഇടപാടുകാര്‍ക്ക് ഒത്താശ നല്‍കിയത് അപ്രൈസര്‍മാരാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അതിനിടെ തട്ടിപ്പുമായി ബാങ്ക് മാനേജര്‍മാര്‍ക്ക് ബന്ധമുണ്ടോയെന്നതു സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ബാങ്ക് മാനേജര്‍മാരെ പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. പോലീസിനുപുറമെ സഹകരണവകുപ്പ് കൂടി അന്വേഷണം തുടങ്ങിയതോടെ തട്ടിപ്പുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ഇതോടെ മുട്ടത്തൊടി ശാഖയിലെ മാനേജര്‍ ടി ആര്‍ സന്തോഷ്‌കുമാര്‍ ഒളിവില്‍ പോയിരിക്കുകയാണ്. മുട്ടത്തൊടി ശാഖയില്‍ 30 ലക്ഷത്തോളം രൂപയുടെ മുക്കുപണ്ടമാണ് പരിശോധനയില്‍ കണ്ടെത്തിയത്. പതിമൂന്നുകോടിയോളം രൂപയുടെ സ്വര്‍ണ്ണപണയ വായ്പയാണ് മുട്ടത്തൊടി ബാങ്കില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്. ബാങ്കിന്റെ എതിര്‍ത്തോടുള്ള എടനീര്‍ ശാഖയിലും സിറ്റിസണ്‍ നഗറിലുള്ള ഹെഡ് ഓഫീസിലും തിങ്കളാഴ്ച സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു.സഹകരണവകുപ്പിലെ ഇന്‍സ്‌പെക്ടര്‍മാരുടെയും സമീപബാങ്കുകളിലെ അപ്രൈസര്‍മാരുടെയും സഹായത്തോടെയാണ് പരിശോധന നടത്തിയത്.

അതിനിടെ തട്ടിപ്പ് നടന്ന രണ്ട് ബാങ്ക് ശാഖകളുടെയും മാനേജര്‍മാര്‍ കേസില്‍ പ്രതികളാകുമെന്നാണ് സൂചന. ഇവര്‍ക്കെതിരെ അന്വേഷണസംഘം തെളിവുകള്‍ ശേഖരിച്ചുവരികയാണ്. തിങ്കളാഴ്ച മുട്ടത്തൊടി ബാങ്കില്‍ പരിശോധനയും തെളിവെടുപ്പും നടക്കുന്നതിനിടെ ഇടപാടുകള്‍ തടസപ്പെട്ടത് ബാങ്കിലെത്തിയവരെ പ്രകോപിതരാക്കി. ഉരുപ്പടികള്‍ വേഗം നല്‍കണമെന്നാവശ്യപ്പെട്ട് ഇടപാടുകാര്‍ ബഹളം വെച്ചു. ബാങ്ക് ജീവനക്കാരും ഇടപാടുകാരും തമ്മില്‍ ഇതേചൊല്ലിയുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്കുവരെ എത്തി. കാസര്‍കോട് ഡി വൈ എസ് പി എസ് മുരളീധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തിയാണ് ഇടപാടുകാരെ ശാന്തരാക്കിയത്. മുക്കുപണ്ട തട്ടിപ്പിന് പിന്നില്‍ വന്‍ റാക്കറ്റ് തന്നെയുണ്ട്.

ഇപ്പോള്‍ അറസ്റ്റിലായവര്‍ക്കുപുറമെ തട്ടിപ്പുമായി ബന്ധമുള്ള മറ്റുപലരെക്കുറിച്ചും പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. ബാങ്ക് അപ്രൈസര്‍മാര്‍ മുഖ്യസൂത്രധാരന്‍മാരായാണ് കോടികളുടെ തട്ടിപ്പ് നടന്നിരിക്കുന്നത്. നായന്‍മാര്‍ മൂലയില്‍ വര്‍ഷങ്ങളായി സ്വര്‍ണ്ണപ്പണിയെടുത്തുവരുന്ന ബാങ്ക് അപ്രൈസര്‍ക്ക് പരിചയക്കാരും സുഹൃത്തുക്കളുമായി നിരവധി പേരുണ്ട്. ഈ ബന്ധമാണ് തട്ടിപ്പിനായി ദുരുപയോഗം ചെയ്തത്. ഒമ്പത് മാസം കൊണ്ട് 3.50 കോടിയുടെ തട്ടിപ്പാണ് ബാങ്കില്‍ നടന്നത്. മുക്കുപണ്ടം യഥാര്‍ഥ സ്വര്‍ണ്ണമാണെന്ന വ്യാജേന പരിചയക്കാരെക്കൊണ്ട് പണയം വെപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു.


മുട്ടത്തൊടി ബാങ്കില്‍ നടന്നത് കോടികളുടെ തട്ടിപ്പ്; മാനേജര്‍മാരില്‍ ഒരാള്‍ ഒളിവില്‍

Keywords: Kasaragod, Bank, Police, Accuse, Arrest, Crore, Gold, Racket, Branch, Monday, Checking, Advertisement by Zaitooni.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia