ആദൂരില്‍ 'വി ഐ പി' ചീട്ടുകളി സംഘം കുടുങ്ങി; 24,000 രൂപയുമായി 5 പേര്‍ അറസ്റ്റില്‍; നടന്നത് പുലര്‍കാല റെയ്ഡ്
Feb 11, 2016, 10:59 IST
ആദൂര്‍: (www.kasargodvartha.com 11/02/2016) ആദൂര്‍ പള്ളപ്പാടിയില്‍ എസ് ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് നടത്തിയ റെയ്ഡില്‍ 'വി ഐ പി' ചീട്ടുകളി സംഘം കുടുങ്ങി. അഞ്ചുപേരെ അറസ്റ്റുചെയ്തു. 24,000 രൂപ പിടികൂടി. ചൂതാട്ടകേന്ദ്രം നടത്തിവന്നവരും മറ്റുള്ളവരും പോലീസിനെകണ്ട് ഓടിരക്ഷപ്പെട്ടു. രക്ഷപ്പെട്ടവര്‍ കളിക്കളത്തില്‍ലുണ്ടായിരുന്ന ലക്ഷകണക്കിന് രൂപയുമായാണ് കടന്നുകളഞ്ഞത്.
സുള്ള്യയിലെ ഇബ്രാഹിം (41), കോളിയടുക്കത്തെ കൃഷ്ണകുമാര്‍ (31), അഡൂരിലെ വിജയന്‍ (33), പള്ളപ്പാടിയിലെ ഉദയന്‍ (26), പള്ളപ്പാടിയിലെ മുഹമ്മദ് ബഷീര്‍ (46) എന്നിവരാണ് അറസ്റ്റിലായത്. പള്ളപ്പാടിയിലെ ഒരു പറമ്പിലാണ് പുലര്‍ച്ചെ രണ്ട് മണിവരെയും ചൂതാട്ടം നടന്നുവന്നത്. പോലീസിന്റെ റെയ്ഡ് ഭയന്ന് പലസ്ഥലങ്ങളിലായാണ് ഇവര്‍ 'പുള്ളിമുറി' എന്ന ചൂതാട്ടം നടത്തിവന്നിരുന്നത്.
ഒരു ദിവസം സുള്ള്യയിലാണ് ചൂതാട്ടമെങ്കില്‍ അടുത്തദിവസം പുത്തൂരിലായിരിക്കും ചൂതാട്ടം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജാല്‍സൂര്‍, പള്ളപ്പാടി, മുള്ളേരിയ എന്നിവിടങ്ങളിലും ചൂതാട്ടം നടന്നുവന്നിരുന്നു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡിനെത്തിയത്. രക്ഷപ്പെട്ടവരില്‍ പലരും അറിയപ്പെടുന്ന സമ്പന്നരാണെന്നാണ് പോലീസിന് ലഭിച്ച വിവരം.
Keywords: Gambling, Adoor, Kasaragod, Kerala, Arrest, Gambling: 5 arrested