city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി ഐ കെ വി വേണുഗോപാലിന് വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍

കാസര്‍കോട്: (www.kasargodvartha.com 27/01/2016) കണ്ണൂര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് സി ഐ കെ വി വേണുഗോപാല്‍ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലിന് അര്‍ഹനായി. അന്വേഷിച്ച നാല് കൊലപാതകക്കേസുകളും തെളിയിക്കുകയും പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്ത അദ്ദേഹത്തിന് 75 ഗുഡ് സര്‍വ്വീസ് എന്‍ട്രിയും ലഭിച്ചിട്ടുണ്ട്.

2009 നവംബറില്‍ കരിവേടകത്തെ ബാര്‍ബര്‍ തൊഴിലാളി രമേന്ദ്രന്‍ എന്ന രമണനെ അടിച്ചുകൊന്ന കേസിലെ പ്രതി കരിവേടകം ഓറുക്കുഴിയിലെ രാജുവിനെ(51) പത്തുവര്‍ഷം കഠിന തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചതടക്കം നാല് കൊലക്കേസുകളില്‍ ശിക്ഷ വാങ്ങി കൊടുത്തതടക്കമുള്ള വേണുഗോപാലന്റെ അന്വേഷണങ്ങള്‍ പരിഗണിച്ചാണ് പോലീസ് മെഡല്‍ നല്‍കിയത്.

ഭാര്യയുടെ ചാരിത്ര്യത്തില്‍ സംശയിച്ച് മടിക്കൈ കാരക്കോട് സ്വദേശിനി ഇന്ദിരയെ(37) വാക്കത്തി കൊണ്ട് വെട്ടിക്കൊന്ന ഭര്‍ത്താവും കാഞ്ഞങ്ങാട് നഗരത്തിലെ ഓട്ടോ ഡ്രൈവറുമായ പക്രു കൃഷ്ണ(45)നെ കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസ് അന്വേഷിച്ചതും വേണുഗോപാലായിരുന്നു. 2012 മാര്‍ച്ച് ഏഴിന് നടന്ന ഈ സംഭവത്തില്‍ 24 മണിക്കൂറിനകം അറസ്റ്റുചെയ്യാന്‍ കഴിഞ്ഞിരുന്നു. ഇതിന്റെ കുറ്റപത്രം അതിവേഗം സമര്‍പിക്കുകയും ചെയ്തിരുന്നു. ഇളയ മകള്‍ക്ക് തന്റെ ഛായ ഇല്ലെന്ന തോന്നലില്‍ പട്ടാപകലാണ് പ്രതി ക്രൂരകൃത്യം നടത്തിയത്. ദൃക്‌സാക്ഷികളില്ലാത്ത ഈ കേസില്‍ 99 ശതമാനവും ശാസ്ത്രീയമായ രീതിയിലുള്ള അന്വേഷണം നടത്തിയാണ് പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ നേടിക്കൊടുത്തത്.

തായന്നൂര്‍ ടൗണിലെ ചുമട്ടുതൊഴിലാളിയായിരുന്ന ബാഡൂര്‍ കോളനിയിലെ കടുക്ക രാജുവിനെ (35) വീടിനു മുമ്പിലുള്ള റോഡില്‍ വെച്ച് കുത്തിക്കൊന്ന കേസിലും വേണുഗോപാലന്റെ അന്വേഷണം പ്രശംസ പിടിച്ചു പറ്റിയിുരന്നു. രാജുവിന്റെ ഭാര്യ ബാലാമണിയുടെ അമ്മാവന്‍ കാലിക്കുട്ടിയെന്ന രാമകൃഷ്ണനെ (48) യാണ് ജീവപര്യന്തം തടവിനും കാല്‍ലക്ഷം രൂപ പിഴയടയ്ക്കാനും കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) ശിക്ഷിച്ചിരുന്നു. 2003 ജനുവരി ഒമ്പതിന് രാത്രിയാണ് സംഭവം നടന്നത്.

രാമകൃഷ്ണന്റെ ബന്ധു കവുങ്ങിന്‍ തോട്ടത്തില്‍ നിന്നും അടയ്ക്ക മോഷ്ടിച്ചുകടത്തിയതും രാജുവിന്റെ പറമ്പില്‍ നിന്നും കുടിവെള്ളം ശേഖരിക്കുന്നത് വിലക്കിയതുമാണ് കൊലയ്ക്ക് കാരണമായത്. ഹൊസ്ദുര്‍ഗ് സി ഐ ആയിരുന്ന കെ വി വേണുഗോപാല്‍ തന്നെയാണ് ഈ കേസും അന്വേഷിച്ചത്.

ചന്തേര പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചെറുവത്തൂര്‍ മടക്കര ബോട്ടുജെട്ടിയില്‍ വെച്ച് ബാലകൃഷ്ണന്‍ എന്ന യുവാവിനെ അടിച്ചുകൊന്ന കേസിലും ബേക്കലിലെ ബാലകൃഷ്ണന്‍ നായരെ കൊലപ്പെടുത്തിയ കേസിലും അന്വേഷണം നടത്തിയത് വേണുഗോപാലാണ്. ഈ കേസുകളുടെ വിചാരണ നടക്കുകയാണ്. 2011 ല്‍ കുത്ത് പറമ്പില്‍ നടന്ന അഷറഫ് വധക്കേസ് അന്വേഷിച്ചതും വേണുഗേപാലായിരുന്നു. 50 ലേറെ ചാരായ സ്പിരിറ്റ് വാഹനങ്ങളും പിടികുടി സര്‍ക്കാറിലേക്ക് കണ്ട് കെട്ടിയിരുന്നു.

ഇച്ഛാശക്തിയും ആര്‍ജവവും നെല്ലും പതിരും തിരിച്ചറിയാനുള്ള കഴിവുമുള്ള യുവ പോലീസ് ഓഫീസറാണ് സി ഐ കെ വി വേണുഗോപാല്‍. കാഞ്ഞങ്ങാട് നെഹ്‌റു കോളജിലെ യൂണിയന്‍ ഭാരവാഹിയായും തുടര്‍ന്ന് കാഞ്ഞങ്ങാട് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് കേരള പോലീസില്‍ എസ് ഐ ആയി നിയമനം ലഭിച്ചത്. ഏത് സഘര്‍ഷ മേഖലയിലെത്തിയാലും ശരിയും ജനഹിതവും മാനിച്ച് ജോലി ചെയ്യുന്ന അപൂര്‍വം പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാള് അദ്ദേഹം.

കാഞ്ഞങ്ങാട്ടെ യാഥാസ്ഥിതിക കോണ്‍ഗ്രസ് കുടുംബാംഗമായ വേണുഗോപാല്‍ കോളജില്‍ കെ എസ് യുവിനെ പ്രതിനിധീകരിച്ചാണ് യൂണിയന്‍ ഭാരവാഹിയായത്. എന്നാല്‍ പോലീസില്‍ നിയമനം ലഭിച്ചതോടെ സത്യസന്ധത മുഖമുദ്രയാക്കി മാറ്റുകയായിരുന്നു. ഒരു വര്‍ഷം മുമ്പ് മട്ടന്നൂരിലെ മണല്‍ മാഫിയക്കെതിരെ നടപടി ശക്തമാക്കിയതോടെ അദ്ദേഹത്തെ ഉന്നത കേന്ദ്രങ്ങളില്‍നിന്നുള്ള സമ്മര്‍ദത്തെതുടര്‍ന്ന് സ്ഥലം മാറ്റുകയായിരുന്നു. ഒരുതരത്തിലും അവഗണിക്കാനാവാതെ വന്നപ്പോഴാണ് വിശിഷ്ട സേവാ മെഡല്‍ അദ്ദേഹത്തിന് നല്‍കാന്‍ നിര്‍ബന്ധിതരായത്.
സി ഐ കെ വി വേണുഗോപാലിന് വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍

Keywords:  Kerala, Kasaragod, Award, CM's award for CI Venugopal

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia