ജെറിനും അഭിഷേകും ആ കാറിനുള്ളില്‍ എത്തിപ്പെട്ടത് എങ്ങിനെ?
Nov 28, 2015, 23:55 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18/11/2015) പടന്നക്കാട്ടെ സര്‍ക്കാര്‍ ഷെല്‍ട്ടര്‍ ഹോമിലെ അന്തേവാസികളായ രണ്ട് കുട്ടികളെ കാറിനകത്ത് മരിച്ച സംഭവം നാടിനെ നടുക്കി. രാവണേശ്വരം മുക്കൂട്ടെ തേപ്പ് പണിക്കാരന്‍ ബാബു - സൗമ്യ ദമ്പതികളുടെ മകന്‍ അഭിഷേക് (ഏഴ്), ചിറ്റാരിക്കാല്‍ കണ്ണിവയലിലെ ജിഷോയുടെ മകന്‍ ജെറിന്‍ (ആറ്) എന്നിവരെയാണ് ശനിയാഴ്ച രാത്രിയോടെ അഗതി മന്ദിരത്തിന് സമീപത്തെ പറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഉപയോഗ ശൂന്യമായ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അഭിഷേകിന്റെ മാതാവ് സൗമ്യയെ രണ്ട് ദിവസം മുമ്പ് വിഷം അകത്ത് ചെന്ന നിലയില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഭിഷേകിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനാഥരായ അഞ്ച് കുട്ടികളും മൂന്ന് അമ്മമാരുമാണ് ഈ അനാഥ മന്ദിരത്തില്‍ കഴിയുന്നത്.
കുട്ടികളെ ഉച്ച മുതല്‍ കാണാതായിട്ടും ബന്ധപ്പെട്ടവര്‍ പോലീസില്‍ പരാതി നല്‍കാതിരുന്നത് എന്തുകൊണ്ടാണെന്ന സംശയം ബാക്കി നില്‍ക്കുകയാണ്. മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ വിശദമായ ഇന്‍ക്വസ്റ്റിനും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മാത്രമേ മരണ കാരണം സംബന്ധിച്ച് എന്തെങ്കിലും പറയാന്‍ കഴിയൂ എന്നാണ് ഹൊസ്ദുര്‍ഗ് സി.ഐ യു പ്രേമന്‍ പറയുന്നത്.
കുട്ടികളെ വായില്‍ നിന്നും നുരയും, പതയും വന്ന നിലയിലാണ് ശനിയാഴ്ച രാത്രി എട്ട് മണിയോടെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് മരണ വിവരം പോലീസിലെത്തിയത്. പോലീസെത്തിയ ഉടനെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം രാത്രി 10 മണിയോടെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
പ്രാഥമിക പരിശോധനയില്‍ മൃതദേഹത്തില്‍ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കുട്ടികള്‍ ഉപയോഗ ശൂന്യമായ കാറിനകത്ത് എങ്ങിനെ അകപ്പെട്ടു എന്ന കാര്യത്തില്‍ ഇപ്പോള്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പടന്നക്കാട് ടോള്‍ ബൂത്തിനടുത്തുള്ള വീടിന് സമീപമാണ് ഉപയോഗ ശൂന്യമായ കാര്‍ കിടന്നിരുന്നത്. കുട്ടികളെ കാണാതായതിന് ശേഷം നടത്തിയ അന്വേഷണങ്ങള്‍ക്കിടയിലൊന്നും കുട്ടികള്‍ കാറിനകത്താണുള്ളതെന്ന് ഒരു സൂചനയും ലഭിച്ചിരുന്നില്ല. രാത്രിയോടെ അധികൃതര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് കാറിനകത്ത് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അഭിഷേകിന്റെ മാതാവും ഈ അഗതി മന്ദിരത്തില്‍ തന്നെയാണ് താമസം. സാമൂഹ്യ ക്ഷേമവകുപ്പിന്റെ അംഗീകാരമുള്ള ഗാര്‍ഹിക പീഡന കേസുകളില്‍ ഉള്‍പെടുന്ന സ്ത്രീകളെയും അഗതികളായ കുട്ടികളെയും സംരക്ഷിക്കുന്ന കേന്ദ്രമാണ് ഇത്. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് 2015 ജൂലൈ 25നാണ് അഭിഷേകിനെയും മാതാവ് സൗമ്യയെയും ഷെല്‍ട്ടര്‍ ഹോമിലെത്തിച്ചത്.
കീര്‍ത്തന, അഭിനവ് എന്നിവര്‍ അഭിഷേകിന്റെ സഹോദരങ്ങളാണ്. രാവിലെ വിശദമായ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോകുമെന്ന് പോലീസ് സൂചിപ്പിച്ചു.
Related News: പടന്നക്കാട് അനാഥാലയത്തില്‍ നിന്നും കാണാതായ രണ്ട് കുട്ടികള്‍ കാറിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍
Keywords : Kasaragod, Kerala, Death, Children, Car, Police, Investigation, Kanhangad, Padannakad, Abhishek, Jerin, How they trapped in car.