'പ്രേമം' സ്റ്റൈലില്‍ ക്യാമ്പസില്‍ മദ്യപാനം; കാസര്‍കോട്ടെ പ്രമുഖ കോളജില്‍ നിന്നും 2 വിദ്യാര്‍ത്ഥികളെ പുറത്താക്കി
Sep 17, 2015, 16:57 IST
കാസര്‍കോട്: (www.kasargodvartha.com 17/09/2015) സൂപ്പര്‍ ഹിറ്റായ പ്രേമം സിനിമയെ പോലെ കോളജിനുള്ളില്‍ മദ്യപിച്ച രണ്ട് വിദ്യാര്‍ത്ഥികളെ സ്റ്റാഫ് കൗണ്‍സില്‍ യോഗം ചേര്‍ന്ന് പുറത്താക്കി. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് രണ്ട് വിദ്യാര്‍ത്ഥികളെ മദ്യലഹരിയില്‍ കോളജിനകത്തുവെച്ച് മറ്റു വിദ്യാര്‍ത്ഥികള്‍ പിടികൂടിയത്.
കൂടെയുണ്ടായിരുന്ന മറ്റു ചിലര്‍ ഓടിരക്ഷപ്പെട്ടു. പിന്നീട് പിടികൂടിയ രണ്ടുപേരേയും പ്രിന്‍സിപ്പളിന്റെ ചേമ്പറിലെത്തിച്ച് പരിശോധിച്ചപ്പോള്‍ ഇവര്‍ നല്ല മദ്യലഹരിയിലാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതിനിടയില്‍ ഇവരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ചില വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിനകത്തും പ്രിന്‍സിപ്പളിന്റെ ഓഫീസിന് സമീപവും പ്രകടനവും നടത്തി.
ഇതേതുടര്‍ന്നാണ് അടിയന്തിര സ്റ്റാഫ് മീറ്റിങ്ങ് വിളിച്ചുകൂട്ടി ഒരാഴ്ചത്തേക്ക് വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ തീരുമാനിച്ചത്. ഇവര്‍ക്കെതിരെ കൂടുതല്‍ നടപടി സ്വീകരിക്കുമെന്നാണ് അറിയുന്നത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളാണ് കോളജില്‍ മദ്യപിച്ചതിന്റെ പേരില്‍ പിടിയിലായത്. ഇതില്‍ ഭരണപക്ഷത്തെ വിദ്യാര്‍ത്ഥി സംഘടനയുടേയും പ്രതിപക്ഷത്തെ വിദ്യാര്‍ത്ഥി സംഘടനയുടേയും പ്രവര്‍ത്തകരാണ് ഉള്‍പെട്ടതെന്നാണ് ആരോപണം. വിദ്യാര്‍ത്ഥികളെ പുറത്താക്കിയ വിവരം നോട്ടീസ് ബോര്‍ഡിലും അറിയിച്ചിട്ടുണ്ട്.
Keywords: Class Room, College, Students, Suspend, Kasaragod, Kerala, Liquor: 2 students suspended from college, Fashion Gold