city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രതിലോമ മാധ്യമ പ്രവര്‍ത്തനവും കേരളത്തില്‍ സജീവം: മാധ്യമ സെമിനാര്‍

കാസര്‍കോട്: (www.kasargodvartha.com 15/09/2015) ആവശ്യങ്ങള്‍ പാടെ നിരാകരിച്ച സമരം അത്യുജ്വല വിജയമെന്നും രണ്ടിലൊന്ന് നേടിയെടുത്ത സമരം അമ്പേ പരാജയമെന്നും വാഴ്ത്തുന്ന പ്രതിലോമ മാധ്യമപ്രവര്‍ത്തനവും കേരളത്തില്‍ സജീവമാണെന്ന് മാധ്യമ സെമിനാര്‍ ചൂണ്ടിക്കാട്ടി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കാസര്‍കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സമൂഹം, വിപണി, മാധ്യമം എന്ന സെമിനാറിലാണ് മാധ്യമപ്രവര്‍ത്തനത്തിലെ പ്രതിലോമ ചിന്തകളെ പങ്കുവച്ചത്.

മൂന്നാര്‍ സമരം അത്യുജ്വല വിജയമെന്ന് മാധ്യമങ്ങളെല്ലാം വാഴ്ത്തി. എന്നാല്‍ 20 ശതമാനമുണ്ടായിരുന്ന ബോണസ് പരിധി 8.31 ശതമാനമായി താഴ്ത്തുകയായിരുന്നു ഫലത്തില്‍ ഉണ്ടായത്. ഇപ്പോള്‍ അനുവദിച്ചതായി പറയുന്ന 20 ശതമാനം ബോണസ് എന്നുപറയുന്നത് എക്‌സ്‌ഗ്രേഷ്യ കൂടി കൂട്ടിയതാണ്. അടുത്ത വര്‍ഷത്തെ ബോണസ് ചര്‍ച്ചയില്‍ 8.31 ശതമാനം അടിസ്ഥാനമാക്കിയായിരിക്കും മുതലാളിമാര്‍ വിലപേശുന്നത്. ഇക്കാര്യം വെളിപ്പെടുത്താനാകാത്ത മാധ്യമപ്രവര്‍ത്തനമാണ് കേരളത്തില്‍ നടക്കുന്നത്.

വാര്‍ത്തയെന്നത് നിര്‍ദോഷമായി ലഭിക്കുന്ന ഒന്നല്ല. അനുഭൂതികളുടെ വര്‍ണം കൂടി ഉള്‍പ്പെടുത്തി തിരിച്ചറിയാനാകാത്ത വിധം പൊതിഞ്ഞുകെട്ടിയാണ് പുറത്തെത്തുന്നത്. വാര്‍പ്പു മാതൃകകളിലും ചടങ്ങുകളിലും ജനതയെ തളച്ചിടാനാണ് മാധ്യമ മൂലധനം എക്കാലത്തും ശ്രദ്ധിക്കുന്നതെന്നും സംവാദം നിയന്ത്രിച്ച ദ ഹിന്ദു അസോസിയേറ്റ് എഡിറ്റര്‍ സി ഗൗരിദാസന്‍ നായര്‍ പറഞ്ഞു.

മൂന്നാറില്‍ എന്താണ് സംഭവിച്ചതെന്ന് തുറന്നു പറയാന്‍ കഴിയാതിരിക്കുന്ന പ്രതിലോമ മാധ്യമപ്രവര്‍ത്തനത്തിന്റെ കാലം കൂടിയാണിതെന്ന് ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ പി.എം മനോജ് പറഞ്ഞു. തൊഴിലാളി ബോണസില്‍ 11 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. ഇതിനുവഴിതെളിച്ച സമരം അത്യുജ്വലമെന്നും രണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ച് ഒന്നുനേടിയെടുത്ത സെക്രട്ടറിയറ്റ് ഉപരോധം അമ്പേ പരാജയമെന്നും പ്രചരിപ്പിക്കുന്ന പ്രതിലോമ മാധ്യമ പ്രവര്‍ത്തനത്തിന് മൂലധന തല്‍പര്യവുമായി വലിയ ബന്ധമില്ല. പ്രതിലോമ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പ്രചാരണം മാത്രമാണ് ഇവര്‍ സംഘടിപ്പിക്കുന്നത്. തങ്ങള്‍ക്ക് കിട്ടുന്ന പരിമിതമായ സ്വാതന്ത്ര്യം പോലും ദുരുപയോഗിക്കുന്ന മാധ്യമപ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നത്- പി.എം മനോജ് പറഞ്ഞു.

മാധ്യമങ്ങളുടെ വിപണിയുടെ ബന്ധം ഇഴപിരിക്കാനാവാത്തതാണെന്ന് എഷ്യാനെറ്റ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍ പറഞ്ഞു. അതേസമയം നവമാധ്യമങ്ങളുടെ സജീവമായ കടന്നുവരവ് മൂലധന താല്‍പര്യത്തെ ചെറുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിപണിയും മാധ്യമങ്ങളും തമ്മിലുള്ള വേഴ്ചയില്‍ സമൂഹത്തിന് പ്രാധാന്യം ഇല്ലാതായിരിക്കുകയാണെന്ന് കൈരളി ടിവി ന്യൂസ് ഡയറക്ടര്‍ എന്‍.പി ചന്ദ്രശേഖരന്‍ പറഞ്ഞു. ഭൂഖണ്ഡങ്ങളില്‍ നിന്നും പരക്കെ സഞ്ചരിക്കുന്ന സ്വത്വം കൂടിയാണ് മൂലധനം. മാധ്യമപ്രവര്‍ത്തനം ഷോബിസിനസ്സിലേക്ക് മാറ്റിയതും അത്തരം മൂലധന താല്‍പര്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

പൊതുജനങ്ങളും മാധ്യമ പ്രവര്‍ത്തകരുമായി വിവിധ വിഷയങ്ങളില്‍ സംവദിച്ചു. ഗുസ്തിക്കാരികളെ പോലെ ആരോഗ്യവും ആകാരവുമുള്ള സ്ത്രീ, തന്നെ രണ്ടു പേര്‍ പീഡിപ്പിച്ചുവെന്ന് പറഞ്ഞാല്‍ അത് പൊലിപ്പിച്ച് വാര്‍ത്തയാക്കുകയും ദിവസങ്ങളോളം ആഘോഷിക്കുകയും ചെയ്യുന്ന രീതി ശരിയല്ലെന്ന് വ്യവസായി യു.കെ യൂസഫ് പറഞ്ഞു. കേരളത്തില്‍ നേരത്തെ പിണറായി വിജയന്‍ സൂചിപ്പിച്ച മാധ്യമ സിന്‍ഡിക്കറ്റ് ഇപ്പോഴും ഉണ്ടോയെന്ന് കവി രവീന്ദ്രന്‍ പാടി ആരാഞ്ഞു. വ്യാജ പട്ടയമുണ്ടാക്കി ഭൂമി തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ചില മാധ്യമങ്ങള്‍ തമസ്‌കരിച്ചതായി പൊതുപ്രവര്‍ത്തകന്‍ സൈഫുദ്ദീന്‍ മാക്കോട് ആരോപിച്ചു.

അവികസിത ജില്ലയായ കാസര്‍കോടിന്റെ പ്രശ്‌നങ്ങള്‍ സംസ്ഥാനത്തെയും, കേന്ദ്രത്തിലെയും അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് മാധ്യമങ്ങള്‍ ഇപ്പോഴും അമാന്തം കാട്ടുകയാണെന്ന് റിട്ട. ആര്‍ഡിഒ ഇ. ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞു. പലപ്പോഴും വലിയ സംഭവങ്ങളാണെങ്കില്‍ പോലും താലൂക്ക് പേജുകളില്‍ മാത്രമാണ് പത്രങ്ങള്‍ വാര്‍ത്ത നല്‍കാറുള്ളത്- അദ്ദേഹം ആരോപിച്ചു.

എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷനായി. ചന്ദ്രിക എഡിറ്റര്‍ ടി.പി ചെറൂപ്പ, പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡണ്ട് കെ പ്രേംനാഥ്, ജനറല്‍സെക്രട്ടറി എന്‍ പത്മനാഭന്‍, സി നാരായണന്‍, എം.ഒ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. സണ്ണി ജോസഫ് സ്വാഗതവും വിനോദ് പായം നന്ദിയും പറഞ്ഞു.

പ്രതിലോമ മാധ്യമ പ്രവര്‍ത്തനവും കേരളത്തില്‍ സജീവം: മാധ്യമ സെമിനാര്‍

Keywords : Kasaragod, Kerala, Media Worker, Seminar, Press Club, Conference, KUWJ State Conference, KUWJ state conference Media Seminar.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia