പ്രമുഖ പ്രഭാഷകന്‍ കുട്ടമ്മത്ത് എ. ശ്രീധരന്‍ മാസ്റ്റര്‍ അന്തരിച്ചു
Sep 30, 2015, 13:14 IST
ചെറുവത്തൂര്‍: (www.kasargodvartha.com 30/09/2015) ഉത്തരകേരളത്തിലെ പ്രമുഖ നാടന്‍ കലാ ഗവേഷകനും പണ്ഡിതനും ഗ്രന്ഥകാരനും പ്രഭാഷകനുമായ കുട്ടമ്മത്ത് എ. ശ്രീധരന്‍ മാസ്റ്റര്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. അസുഖത്തെതുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തെയ്യംകലയുടെ കുലപതി നര്‍ത്തകരത്‌നം കൊടക്കാട് കണ്ണപെരുവണ്ണാന്റെ ജീവചരിത്രമായ ചിലമ്പിട്ട ഓര്‍മകളുടെ രചയിതാവാണ് അദ്ദേഹം.
മഹാകവി കുട്ടമ്മത്തിന്റെ പൗത്രനായ (മകളുടെ മകനായ) ശ്രീധരന്‍ മാസ്റ്റര്‍ കൊടക്കാട് കാലനികേതനം സ്ഥാപിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു. കോഴിക്കോട് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലറും പ്രമുഖ ചരിത്രകാരനുമായ ഡോ. കെ.കെ. കുറിപ്പിനോടൊപ്പം ചേര്‍ന്ന് ഉത്തര കേരളത്തിന്റെ ചരിത്രവും നാടന്‍ കലാ മേഖലയില്‍ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതില്‍ ശ്രീധരന്‍ മാസ്റ്റര്‍ നിര്‍ണായ പങ്കുവഹിച്ചു. മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്‌ക്കാരം നേടിയ ശ്രീധരന്‍ മാസ്റ്റര്‍ റിട്ട. ഹെഡ്മാസ്റ്ററും അറിയപ്പെടുന്ന കലാ - സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായിരുന്നു. കവി മണിക്ഠദാസ് മകനാണ്. വ്യാഴാഴ്ച രാവിലെ മൃതദേഹം ചെറുവത്തൂര്‍ തിമിരിയില്‍ എത്തിച്ച് സംസ്‌ക്കരിക്കും.
മലയാളത്തിലെ പ്രമുഖ ആനുകാലിക പ്രസിദ്ധീകരണങ്ങളിലും സ്മരണികകളിലും മറ്റുമായി അദ്ദേഹത്തിന്റെ നൂറുകണക്കിന് പ്രൗഡോജ്ജ്വലമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: സരോജിനി. മറ്റുമക്കള്‍: സൗദാമിനി, രമണി (പോലീസ് കോണ്‍സ്റ്റബിള്‍, പയ്യന്നൂര്‍), വിജയലക്ഷ്മി. മരുമക്കള്‍: ഗീത (ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ചട്ടഞ്ചാല്‍), പുരുഷോത്തമന്‍ (തൃക്കരിപ്പൂര്‍), ബാലകൃഷ്ണന്‍ (പയ്യന്നൂര്‍), ബാലകൃഷ്ണന്‍ (പയ്യന്നൂര്‍ കൊറ്റി), സഹോദരങ്ങള്‍: മുരളീധരന്‍, മധുരമീനാക്ഷി, സരോജിനി.
Keywords: Cheruvathur, Kasaragod, Kerala, Kuttamath A. Sridhar Master passes away