ജില്ലാ ആശുപത്രിയില്‍ വീട്ടമ്മയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി
Jul 4, 2015, 15:50 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04/07/2015) വീട്ടമ്മയ്ക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതായി പരാതി. മാവുങ്കാല്‍ പുതിയകണ്ടം ലക്ഷംവീട് കോളനിയിലെ കെ. ജയ എന്ന വീട്ടമ്മക്കാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സ നിഷേധിക്കപ്പെട്ടത്.
ജൂണ്‍ അഞ്ചിന് കുളിമുറിയില്‍ നിന്ന് കാല്‍ വഴുതി വീണ് കൈയ്യെല്ലുപൊട്ടിയ ജയ ജില്ലാ ആശുപത്രിയിലെത്തുന്നത്. ഇവരെ പരിശോധിച്ച ഡോക്ടര്‍ എക്‌സറേ എടുക്കാന്‍ നിര്‍ദേശിക്കുകയും എല്ല് പൊട്ടിയതായി കണ്ടെത്തുകയും ചെയ്തു.
എന്നാല്‍ എല്ല് പൊട്ടിയതിന് പ്ലാസ്റ്റര്‍ ഇടാതെ ബാന്റേജ് മാത്രം കെട്ടി ഒരാഴ്ചകഴിഞ്ഞ് വരാന്‍ പറയുകയും ചെയ്തു. ഒരാഴ്ച കഴിഞ്ഞ് വീട്ടമ്മ ജില്ലാ ആശുപത്രിയിലെത്തിയെങ്കിലും ഡോക്ടര്‍ തന്നെ പരിശോധിക്കാനോ പ്ലാസ്റ്റര്‍ ഇടാനോ തയ്യറായില്ലെന്ന് വീട്ടമ്മ പറയുന്നു. ഒരാഴ്ച കഴിയുമ്പോഴേയ്ക്കും പൊട്ടിയ കൈ നീരുവന്ന് വേദന അസഹ്യമായിരുന്നു. ഡോക്ടറെ കാണിച്ചപ്പോള്‍ ഒരു മണി കഴിഞ്ഞ ശേഷം നോക്കാമെന്നായിരുന്നു മറുപടി. വീട്ടില്‍ നിന്നും ഭക്ഷണം പോലും കഴിക്കാതെ ആശുപത്രിയിലെത്തിയ വീട്ടമ്മ പരിശോനയ്ക്കായി ഉച്ചവരെ ആശുപത്രിയില്‍ കാത്തുനിന്നു. ഒരുമണി ആയപ്പോള്‍ വീണ്ടും ഡോക്ടറെ സമീപിച്ചെങ്കിലും ഇപ്പോള്‍ നോക്കാന്‍ സമയമില്ലെന്ന് പറഞ്ഞ് ഡോക്ടര്‍ ഇവരോട് കയര്‍ക്കുകയായിരുന്നു.
ഡോക്ടര്‍ പരിശോധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ അവിടെതന്നെയുള്ള മറ്റൊരു ലേഡി ഡോക്ടറെ എക്‌സറെയും കുറിപ്പും കാണിച്ചു. എന്നാല്‍ ആദ്യം പരിശോധിച്ച ഡോക്ടര്‍ തന്നെ നോക്കണമെന്ന നിര്‍ദേശമാണ് ലേഡി ഡോക്ടറില്‍നിന്നുമുണ്ടായത്. സഹായത്തിന് ആരുമില്ലാത്ത വീട്ടമ്മ പിന്നീട് വേദന സഹിക്കാനാകാതെ വീട്ടിലേക്ക് തിരിച്ചുവന്ന് അയല്‍വാസിയോട് 1,500 രൂപ കടം വാങ്ങി സ്വകാര്യ ആശുപത്രിയില്‍ ചെന്നാണ് കൈക്ക് പ്ലാസ്റ്ററിട്ടത്. എല്ലൊടിഞ്ഞ് ഒരാഴ്ച കഴിഞ്ഞതിനാല്‍ പൊട്ടിയ എല്ലിന് സ്ഥാനമാറ്റം സംഭവിച്ചതായി ഡോക്ടര്‍ അറിയിച്ചിരുന്നു. പാവപ്പെട്ടവര്‍ക്കായി നിലകൊള്ളേണ്ട സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ചികിത്സ നിഷേധിക്കുന്ന നിലപാടാണ് പലപ്പോഴുമുള്ളതെന്നും ജയ കുറ്റപ്പെടുത്തുന്നു. ഡോക്ടറെ പ്രത്യേകം കാണാത്തതിനാലാണ് ചികിത്സ നല്‍കാതിരിക്കുന്നതെന്നാണ് ആശുപത്രിയിലെ മറ്റുരോഗികള്‍ പറഞ്ഞതെന്ന് ഇവര്‍ വ്യക്തമാക്കി.
Keywords : Housewife denied treatment in District hospital, District-Hospital, Kanhangad, Treatment, Doctor, Complaint, Kerala,