city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാകേന്ദ്രം അഴിമതിക്കാര്‍ക്ക് അക്ഷയഖനി; ലക്ഷങ്ങള്‍ ഒഴുകി പോയതിന് കണക്കില്ല

കാഞ്ഞങ്ങാട്ടെ നിത്യാനന്ദാശ്രമം വിദ്യാകേന്ദ്രം അഴിമതി- 2

കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്

കാഞ്ഞങ്ങാട്: (www.kasargodvartha.com 09/06/2015) അഴിമതിയും ധൂര്‍ത്തും തട്ടിപ്പും കൊടികുത്തി വാഴുന്ന നിത്യാനന്ദാശ്രമത്തിന്റെ അനുബന്ധസ്ഥാപനമായ നിത്യാനന്ദ വിദ്യാകേന്ദ്രം അഴിമതിക്കാര്‍ക്ക് അക്ഷയഖനിയാണ്. നിത്യാനന്ദ പോളിടെക്‌നിക്കും നിത്യാനന്ദാ കോളജ് ഓഫ് എഞ്ചിനീയറിംഗും സൊസൈറ്റി ആക്ട് പ്രകാരം 38/ 1964 ല്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത വിദ്യാകേന്ദ്രത്തിന് കീഴിലാണ്.

12 ഡയറക്ടര്‍മാരാണ് വിദ്യാകേന്ദ്രത്തിലുള്ളത്. ഇതില്‍ വര്‍ക്കിംഗ് പ്രസിഡണ്ട്, മൂന്ന് ഡയറക്ടര്‍, എഞ്ചിനീയറിംഗ് കോളജ് പ്രിന്‍സിപ്പല്‍, എഞ്ചിനീയറിംഗ് കോളജ് നിര്‍മാണത്തിന് കരാര്‍ ഏറ്റെടുത്ത കോണ്‍ട്രാക്ടര്‍ എന്നിവര്‍ക്കെതിരെയാണ് സൊസൈറ്റി സെക്രട്ടറി ടി. പ്രേമാനന്ദ് ഐ.ജിക്കും മറ്റു ഉന്നത പോലീസുദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയത്.

വിദ്യാകേന്ദ്രത്തിന്റെ സെക്രട്ടരി, ട്രഷറര്‍, മറ്റു ഡയറക്ടര്‍മാര്‍ എന്നിവരുമായി കൂടിയാലോചിക്കാതെ അഡ്മിനിസ്‌ട്രേറ്റീവ് കാര്യങ്ങളും നിയമനം, സ്റ്റാഫ്, കെട്ടിട നിര്‍മാണം, സാധന സാമഗ്രികളുടെ പര്‍ച്ചേസിംഗ് എന്നിവയുടെ കാര്യത്തിലാണ് തട്ടിപ്പ് നടന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്. സൊസൈറ്റി ആക്ട് പ്രകാരം വര്‍ക്കിംഗ് പ്രസിഡണ്ട് എന്ന പോസ്റ്റ് തന്നെ നിലവിലില്ലത്തതാണ്.

സെക്രട്ടറിയാണ് ഫയലിന്റെയും മിനുട്‌സിന്റെയും ഉള്‍പെടെയുള്ള റിക്കാര്‍ഡുകളുടെ സൂക്ഷിപ്പുകാരന്‍. എന്നാല്‍ സെക്രട്ടറിയും ട്രഷററും മറ്റു ഡയറക്ടര്‍മാരായ ഗണേശന്‍, ദാമോദരന്‍ തുടങ്ങിയവരെ അറിയിക്കാതെ എതിര്‍ കക്ഷികള്‍ അനധികൃതമായി ഫണ്ട് ഉപയോഗിക്കുകയും അഡ്മിനിസ്‌ട്രേഷന്‍, അഡ്മിഷന്‍, ഫീസ് നിശ്ചയിക്കല്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം തീരുമാനം എടുക്കുന്നത്. സെക്രട്ടറിയും ട്രഷററും ആവശ്യപ്പെട്ടാല്‍ പോലും വര്‍ക്കിംഗ് പ്രസിഡന്റും തട്ടിപ്പുസംഘത്തിലെ മറ്റു ഡയറക്ടര്‍മാരും മിനുട്‌സ് ബുക്ക് ഉള്‍പെടെയുള്ള രേഖകളൊന്നും നല്‍കുന്നില്ലെന്നാണ് പരാതി. കോളജില്‍ അനധികൃതമായി നടക്കുന്ന കാര്യങ്ങളൊന്നും സെക്രട്ടറിയെയോ ട്രഷററെയോ സൊസൈറ്റിയിലെ കോക്കസ് ഗ്രൂപ്പ് അറിയിക്കാറില്ല.

2014 മെയ് 24ന് ഡയറക്ടര്‍മാരില്‍ ഒരാള്‍ വിദ്യാകേന്ദ്രത്തിനെ വഞ്ചിക്കുക എന്ന ഉദ്ദേശത്തോടെ അനധികൃതമായി ചെക്കില്‍ സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ട് പണം പിന്‍വലിക്കാന്‍ നടത്തിയ ശ്രമവും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിദ്യാകേന്ദ്രത്തിന്റെ കാനറ ബാങ്ക് കാഞ്ഞങ്ങാട് ശാഖയില്‍ നിന്നാണ് എഞ്ചിനിയറിംഗ് കോളജ് പ്രിന്‍സിപ്പാളുമായി ചേര്‍ന്ന് 0724101027411 എന്ന അക്കൗണ്ടിലൂടെ 94907 എന്ന ചെക്കുപയോഗിച്ച് 1,40,000 രൂപ പിന്‍വലിക്കാന്‍ ശ്രമിച്ചത്.

എന്നാല്‍ അക്കൗണ്ടില്‍ പണമില്ലാത്തതിനാലും ചെക്കിലെ ഒപ്പ് വ്യത്യാസമുള്ളതിനാലും ചെക്ക് മടങ്ങി സെക്രട്ടറിയുടെ കൈയിലെത്തുകയായിരുന്നു. ഇക്കാര്യം വര്‍ക്കിംഗ് പ്രസിഡണ്ട് ഉള്‍പെടെയുള്ളവരെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് സെക്രട്ടറി പരാതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. എഞ്ചിനീയറിംഗ് കോളജില്‍ വരുന്ന ക്യാഷ് തുകയില്‍ 5,000 രൂപയില്‍ കൂടുതല്‍ കസ്റ്റഡിയില്‍ വെക്കാന്‍ പാടില്ലെന്നാണ് സൊസൈറ്റിയുടെ നിയമം. എന്നാല്‍ ഇത് പാലിക്കാതെ പലപ്പോഴും തുക വഴിവിട്ട് ഉപയോഗിച്ചതായി പരാതിയില്‍ പറയുന്നുണ്ട്.

ചെക്ക് വ്യാജ ഒപ്പിട്ട് ബാങ്കില്‍ നിന്നും മാറാന്‍ ശ്രമിച്ച സംഭവവും അറിഞ്ഞതോടെ സെക്രട്ടറിയും ട്രഷററും ഇതു സംബന്ധിച്ച് കാഞ്ഞങ്ങാട്ടെ ആന്ധ്രാബാങ്ക്, കനറാ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക് തുടങ്ങിയവയുടെ ശാഖാ മാനേജര്‍മാര്‍ക്ക് വിദ്യാകേന്ദ്രം സെക്രട്ടറിയോ ട്രഷററോ അറിയാതെ ഒരു പെയ്‌മെന്റും നടത്താന്‍ പാടില്ലെന്ന് കത്ത് നല്‍കിയിട്ടുണ്ട്. എഞ്ചിനീയറിംഗ് കോളജിന്റെ കെട്ടിട നിര്‍മാണത്തിനായി കനറാ ബാങ്കിന്റെ കാഞ്ഞങ്ങാട് ശാഖയില്‍ നിന്നും 13.5 ശതമാനം പലിശയ്ക്ക് മൂന്ന് കോടി രൂപ വായ്പ എടുത്തിട്ടുണ്ട്. ഈ തുകയ്ക്ക് 45 ലക്ഷത്തോളം രൂപ പലിശയടക്കേണ്ടി വരുന്നുണ്ട്.

2012 ലാണ് ഇത്രയും വലിയൊരു തുക വായ്പയെടുത്തത്. കോളജ് നിര്‍മാണത്തിന്റെ കരാറുകാരന് പലതവണയായി വര്‍ക്കിംഗ് പ്രസിഡണ്ടും ഡയറക്ടറും ചേര്‍ന്ന് നല്ലൊരു തുകയാണ് നല്‍കിയത്. യാതൊരു മാനദണ്ഡവും ഇല്ലാതെയാണ് കരാറുകാരന് വാരിക്കോരി തുക നല്‍കിയത്. ഇതു മനസിലാക്കിയ വിദ്യാകേന്ദ്രം സെക്രട്ടറിയും ട്രഷററും മറ്റ് ഡയറക്ടര്‍മാരും ചേര്‍ന്ന് റിട്ട. പി.ഡബ്ല്യൂ.ഡി. എഞ്ചിനീയറെ കൊണ്ടുവന്ന് നിര്‍മാണ പ്രവര്‍ത്തനം സംബന്ധിച്ച് പരിശോധന നടത്തിയപ്പോള്‍ 25 ലക്ഷം രൂപ കരാറുകാരന് അധികം നല്‍കിയതായി കണ്ടെത്തിയിരുന്നു. ഇതു തിരിച്ചുവാങ്ങുന്നതിനുള്ള നടപടി പോലും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഈ തുക ഒന്നു മുതല്‍ നാലു വരെയുള്ള എതിര്‍കക്ഷികള്‍ ക്രമക്കേടിന് കൂട്ടുനിന്ന് വീതം വെച്ചെടുത്തതായി സംശയിക്കുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2013 ഏപ്രില്‍ നാലിന് 80,343 രൂപയും 2013 ഏപ്രില്‍ ഒമ്പതിന് 24,941 രൂപയും ഹൈദരാബാദിലെ പാനിടപ്പു ശ്രീനിവാസ് എന്നയാളുടെ അക്കൗണ്ടിലേക്ക് സെക്രട്ടറിയുടേയും ട്രഷററുടേയും അനുമതിയില്ലാതെ ഒരു ഡയറക്ടര്‍ രണ്ടു തവണയായി നിക്ഷേപിച്ചിരുന്നു. കോളജിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ആവശ്യങ്ങള്‍ക്കായി സിമെന്റിനും കമ്പിക്കും ഓര്‍ഡര്‍ നല്‍കിയെന്നാണ് അറിയിച്ചത്. സൊസൈറ്റിയുടെ മറ്റു ഡയറക്ടര്‍മാരോ സെക്രട്ടറിയോ ട്രഷററോ ഇക്കാര്യം അറിഞ്ഞിരുന്നില്ല. സിമെന്റും കമ്പിയും എത്തിയതുമില്ല. 1,05,284 രൂപയാണ് ഇതു വഴി വിദ്യാകേന്ദ്രത്തിന് നഷ്ടമായത്. ഈ തുക തിരിച്ചുകിട്ടാനും യാതൊരു നടപടിയും ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. ഇതും ഇവര്‍ വീതിച്ചെടുത്തുവെന്ന് സംശയിക്കുന്നതായാണ് പരാതിയില്‍ പറയുന്നത്.

2014 ഓഗസ്റ്റ് 19 ന് 18,093 രൂപയും 2014 ഓഗസ്റ്റ് 21 ന് 41,520 രൂപയും എഞ്ചിനിയറിംഗ് കോളജ് പ്രിന്‍സിപ്പള്‍ ഉള്‍പെട്ട എതിര്‍കക്ഷികള്‍ സെക്രട്ടറിയുടേയും ട്രഷററുടേയും അനുമതിയില്ലാതെ ഹൈദരാബാദിലെ നാഗേഷ് റാവു എന്നയാളുടെ അക്കൗണ്ടിലേക്ക് കമ്പ്യൂട്ടറും സോളാര്‍ പാനലും എത്തിക്കുന്നതിനായി നിക്ഷേപിച്ചിരുന്നു. ഇതും ഇതുവരെ കോളജില്‍ എത്തിയിട്ടില്ല. ഇതു വഴി കോളജിന് 59,613 രൂപയാണ് നഷ്ടപ്പെട്ടത്. വിദ്യാകേന്ദ്രത്തിന്റെ എസ്.എസ്.എന്‍. ഐ.ടി മെയിന്‍ അക്കൗണ്ടിലെ 011 മുതല്‍ 028 വരെയുള്ള രസീത് നമ്പര്‍ ഉപയോഗിച്ച് 2014 നവംബര്‍ 13 മുതല്‍ 2015 ഫെബ്രുവരി 18 വരെ 13 ലക്ഷം രൂപ എതിര്‍കക്ഷിയില്‍ പെട്ട ഡയറക്ടര്‍ വാങ്ങിയിരുന്നു. ഇതിന്റെ കണക്കും ഇതുവരെ വിദ്യാകേന്ദ്രത്തില്‍ നല്‍കിയിട്ടില്ല.

നിത്യാനന്ദ പോളിടെക്‌നിക്കിലെയും എഞ്ചിനീയറിംഗ് കോളജിലെയും ഉദ്യോഗ നിയമനങ്ങളിലെ ലേലം വിളിയെക്കുറിച്ചുള്ള വിവരങ്ങള്‍ അടുത്ത ദിവസം...
വിദ്യാകേന്ദ്രം അഴിമതിക്കാര്‍ക്ക് അക്ഷയഖനി; ലക്ഷങ്ങള്‍ ഒഴുകി പോയതിന് കണക്കില്ല

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News:
Part 1:
കാഞ്ഞങ്ങാട്ടെ നിത്യാനന്ദാശ്രമം-വിദ്യകേന്ദ്രം അഴിമതി-1

Keywords:   Kasaragod, Kerala, Kanhangad, Information, Complaint, Vidya kendra, Swami Nithyananda Ashram, Kanhangad, Kerala, India, Corruption in Ashram; complaint lodged.


വിദ്യാകേന്ദ്രം അഴിമതിക്കാര്‍ക്ക് അക്ഷയഖനി; ലക്ഷങ്ങള്‍ ഒഴുകി പോയതിന് കണക്കില്ല

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia