city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വ്യാജ മണല്‍ പാസ്: സൂത്രധാരന്‍ റഫീഖ് കേളോട്ട് ഗള്‍ഫിലേക്ക് കടക്കുന്നതിനിടെ പിടിയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 31.12.2014) കാസര്‍കോട്ടും കാഞ്ഞങ്ങാട്ടുമായി വ്യാജ മണല്‍പാസ് നിര്‍മിച്ചുനല്‍കി സര്‍ക്കാറിനേയും ജനങ്ങളേയും ഒരു പോലെ വഞ്ചിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യ സൂത്രധാരന്‍ ബദിയടുക്ക ബീജന്തടുക്കയിലെ റഫീഖ് കേളോട്ട് (28) പിടിയിലായി.

ദുബൈയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍വെച്ചാണ് ഇയാള്‍ പിടിയിലായത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15ന് കാസര്‍കോട് നിന്നും പ്രവര്‍ത്തനം ആരംഭിച്ച ഒരു ഓണ്‍ലൈന്‍ പത്രത്തിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് പിടിയിലായ റഫീഖ്.

വ്യാജമണല്‍ പാസ് കാഞ്ഞങ്ങാട്ട് നിന്നും പിടികൂടിയ വിവരം അറിഞ്ഞതോടെ നാട്ടില്‍നിന്നും മുങ്ങിയ ഇയാളുടെ നീക്കങ്ങള്‍ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. റഫീഖ് രാജ്യം വിട്ടിട്ടില്ലെന്ന് ഉറപ്പാക്കിയ പോലീസ് വിമാനത്താവളങ്ങളിലും മറ്റും ലുക്കൗട്ട് നോട്ടീസ് നല്‍കിയിരുന്നു. അതിനിടെ ഒമാനിലുള്ളതായി വരുത്തിത്തീര്‍ക്കാന്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് അവിടെ നിന്നും മറ്റൊരാളെ കൊണ്ട് ലോഗിന്‍ ചെയ്യിപ്പിക്കുകയും മറ്റ് വിവിധ രൂപത്തില്‍ അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതായും പോലീസ് പറഞ്ഞു.

ബുധനാഴ്ച രാവിലെ ഗള്‍ഫിലേക്ക് കടക്കാനായി വിമാനത്താവളത്തിലെത്തിയ റഫീഖിനെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെക്കുകയും വിവരം കാസര്‍കോട് ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിനെ അറിയിക്കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ചീഫിന്റെ നിര്‍ദേശ പ്രകാരം സ്‌പെഷ്യല്‍ സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി കസ്റ്റഡിയിലെടുത്തു. കേസന്വേഷിക്കുന്ന കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ഹരിഷ്ചന്ദ്ര നായിക്കിന്റെ നേതൃത്വത്തില്‍ റഫീഖിനെ പോലീസ് വിശദമായി ചോദ്യം ചെയ്യും.

എം.എസ്.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി ആബിദ് ആറങ്ങാടിയുടെ ഉടമസ്ഥതയിലുള്ള കാഞ്ഞങ്ങാട് പഴയ കൈലാസ് തീയേറ്ററിന് മുന്നിലുള്ള മാള്‍ ഓഫ് ഇന്ത്യ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന 'പ്രിന്റേജ്' എന്ന സ്ഥാപനത്തില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 10ന് പോലീസ് നടത്തിയ റെയ്ഡിലാണ് വ്യാജ മണല്‍ പാസുകളും മറ്റും പോലീസ് പിടികൂടിയത്. ആബിദിന്റെ ഓഫീസിലെ ഇ മെയില്‍ പരിശോധിച്ചപ്പോഴാണ് വ്യാജ മണല്‍പാസിന്റെ ഇമേജ് ഫയല്‍ റഫീഖ് കേളോട്ടിന്റെ മെയില്‍ നിന്നാണ് വന്നിട്ടുള്ളതെന്ന് പോലീസ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ റഫീഖ് ചെയര്‍മാനായുള്ള കാസര്‍കോട് എസ്.എം.എസ്. ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പത്രം ഓഫീസിലും റഫീഖിന്റെ ബദിയടുക്ക ബീജന്തടുക്കയിലെ വീട്ടിലും നടത്തിയ റെയ്ഡിലും നിരവധി രേഖകള്‍ പോലീസ് പിടിച്ചെടുത്തതായാണ് വിവരം. വ്യാജ മണല്‍ പാസിന്റെ ഇമേജ് ഡിസൈന്‍ ചെയ്തത് ഓണ്‍ലൈന്‍ പത്ര ഓഫീസില്‍ വെച്ചുതന്നെയാണെന്ന് പോലീസ് ഇതിനകം ഉറപ്പാക്കിയിട്ടുണ്ടെന്നും വ്യക്തമായിട്ടുണ്ട്. വ്യാജ മണല്‍ പാസ് ഡിസൈന്‍ ചെയ്ത ഗ്രാഫിക് ഡിസൈനറെയും പോലീസ് തിരിച്ചറിഞ്ഞതായും സൂചനയുണ്ട്.

ആബിദിന്റെ കാഞ്ഞങ്ങാട്ടെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ 18 ലക്ഷം രൂപ വിലവരുന്ന കോണിക കമ്പനിയുടെ ഡിജിറ്റല്‍ ലേസര്‍ പ്രിന്റര്‍, അനുബന്ധ ഉപകരണങ്ങള്‍, സര്‍ക്കാര്‍ മുദ്രയുള്ള വ്യാജ മണല്‍ പാസുകള്‍ എന്നിവയും തിരിച്ചറിയല്‍ കാര്‍ഡുകളും പിടിച്ചെടുത്തിരുന്നു. ചുവപ്പ് നിറത്തില്‍ സര്‍ക്കാര്‍ മുദ്രയും പച്ചനിറത്തില്‍ കാസര്‍കോട് ജില്ലാ അംഗീകൃത മണല്‍ പാസ് എന്നും അച്ചടിച്ച നിരവധി വ്യാജ മണല്‍ പാസുകളാണ് പ്രിന്റേജില്‍നിന്നും പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് ആബിദ് ആറങ്ങാടിക്കെതിരേയും പാര്‍ട്ണര്‍ സഫീര്‍ ആറങ്ങാടിക്കെതിരേയും ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തിരുന്നു. സംഭവം നടക്കുമ്പോള്‍ വിസിറ്റിംഗ് വിസയില്‍ പോയ ആബിദ് ഗള്‍ഫിലായിരുന്നു. സഫീര്‍ വര്‍ഷങ്ങളായി ഗള്‍ഫില്‍ ജോലിചെയ്യുകയാണ്. വിസിറ്റിംഗ് വിസയുടെ കാലാവധി കഴിയുന്ന ജനുവരി 10ന് ആബിദ് മടങ്ങിയെത്തുമെന്നാണ് സൂചന. ഇതോടെ ആബിദിന്റെ അറസ്റ്റും രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു.

സുഹൃത്തും ഓണ്‍ലൈന്‍ പത്രത്തിന്റെ മാനേജിംഗ് ഡയറക്ടറുമായ റഫീഖ് കേളോട്ട് ഒരു ഫയല്‍ തന്റെ മെയിലിലേക്ക് അയച്ചതായും അത് പ്രിന്റെടുത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ടതായും ആബിദ് മണല്‍പാസ് പിടികൂടിയതിന് ശേഷം എസ്.പിയെ ഇമെയില്‍ സന്ദേശത്തില്‍ അറിയിച്ചിരുന്നു. കളക്ടറേറ്റില്‍ നിന്നുള്ള അസൈന്‍മെന്റ് എന്നാണ് റഫീഖ് തന്നോട് ഇതേകുറിച്ച് പറഞ്ഞതെന്നും ആബിദ് അറിയിച്ചിട്ടുണ്ട്. റഫീഖ് അയച്ചഫയല്‍ താന്‍ തുറന്നുനോക്കി പരിശോധിച്ചില്ലെന്നും പ്രിന്റെടുത്ത് നല്‍കാന്‍ ഓഫീസിലേക്ക് നിര്‍ദേശം നല്‍കുകയായിരുന്നുവെന്നുമാണ് ആബിദ് അറിയിച്ചത്.

വ്യാജ മണല്‍ പാസിന്റെ മുഖ്യ സൂത്രധാരനാണ് ഇപ്പോള്‍ പിടിയിലായ റഫീഖ് എന്ന് പോലീസ് വെളിപ്പെടുത്തി. കാഞ്ഞങ്ങാട്, കാസര്‍കോട്, ബദിയടുക്ക ഭാഗങ്ങളിലാണ് വ്യാജ മണല്‍ പാസുകള്‍ വ്യാപകമായി വിതരണം ചെയ്തിരുന്നതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 50 മണല്‍ പാസാണ് തന്റെ ഓഫീസില്‍ നിന്നും പ്രിന്റ് ചെയ്തുകൊടുത്തതെന്നും 500 രൂപ ചാര്‍ജായി റഫീഖ് ഓഫീസിലേല്‍പിച്ചിരുന്നുവെന്നും ഗള്‍ഫിലുള്ള ആബിദ് പോലീസിനെ അറിയിച്ചിട്ടുണ്ട്.

മണല്‍ പാസുമായി ബന്ധപ്പെട്ട ആദ്യത്തെ അറസ്റ്റാണ് റഫീഖിന്റേത്. ഇയാളെ ചോദ്യംചെയ്ത് മൊഴിയെടുത്തശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് കേസന്വേഷിക്കുന്ന കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ഹരിശ്ചന്ദ്ര നായ്ക്കും ഹൊസ്ദുര്‍ഗ് സി.ഐ. ടി.പി. സുമേഷും പറഞ്ഞു. റഫീഖ് ചെന്നൈയിലുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം അവിടെയെത്തിയെങ്കിലും ഇയാള്‍ കടന്നുകളയുകയായിരുന്നു.

ഇതിനിടയിലാണ് ദുബൈയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍വെച്ച് എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായത്. ഓണ്‍ലൈന്‍ പത്രത്തിന്റെ ആവശ്യാര്‍ത്ഥം നേരത്തെ തന്നെ റഫീഖ് ഗള്‍ഫിലേക്ക് പോകാന്‍ ഒരുങ്ങിയിരുന്നു. ഈ ഒരുക്കങ്ങള്‍ക്കിടെയാണ് വ്യാജ മണല്‍പാസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വ്യാജ മണല്‍ പാസുമായി ബന്ധപ്പെട്ട് റഫീഖിന് പിന്നില്‍ ആരൊക്കെയാണ് ഉള്ളതെന്ന് കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

കാസര്‍കോട്ടെ ഒരു മണല്‍ രാജാവിന് വേണ്ടിയാണ് വ്യാജ പാസുകള്‍ നിര്‍മിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം. റഫീഖ് ആദ്യമായാണോ ആബിദിന്റെ സ്ഥാപനത്തില്‍നിന്നും വ്യാജമണല്‍ പാസിന്റെ പ്രിന്റ് എടുത്തതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കേസില്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നിരുന്നുവെങ്കിലും പോലീസ് ചീഫ് തോംസണ്‍ ജോസ് വഴങ്ങാതിരുന്നതാണ് മുഖ്യ സൂത്രധാരന്‍ പിടിയിലാകാന്‍ കാരണം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ബന്ധപ്പെട്ടും കേസ് തേച്ച് മായിച്ച് കളയാന്‍ ജില്ലയിലെ മണല്‍ ലോബി ശ്രമിച്ചിരുന്നു. എന്നാല്‍ ആഭ്യന്തര മന്ത്രിയും ഇതിന് വഴങ്ങിയിട്ടില്ലെന്നാണ് പ്രതി പിടിയിലായതോടെ വ്യക്തമായിരിക്കുന്നത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

വ്യാജ മണല്‍ പാസ്: സൂത്രധാരന്‍ റഫീഖ് കേളോട്ട് ഗള്‍ഫിലേക്ക് കടക്കുന്നതിനിടെ പിടിയില്‍

Related News: 

വ്യാജ മണല്‍ പാസ്: സമഗ്ര അന്വേഷണം വേണമെന്ന് എം.എസ്.എഫ്; ആബിദിനെ പുറത്താക്കാന്‍ തീരുമാനം
വ്യാജ മണല്‍പാസ് നിര്‍മ്മാണം: അന്വേഷണം ഊര്‍ജിതമാക്കണമെന്ന് എന്‍.വൈ.എല്‍
കോടികളുടെ വ്യാജ മണല്‍ പാസിന് പിന്നിലെ രാഷ്ട്രീയ ബന്ധങ്ങള്‍ പുറത്തുകൊണ്ടുവരണം: ബിജെപി
വ്യാജ മണല്‍ പാസിനു പിന്നില്‍ കാസര്‍കോട്ടെ വന്‍ റാക്കറ്റ്; മറയാക്കിയത് ഓണ്‍ലൈന്‍ പത്രം, 3 പേര്‍ക്കെതിരെ കേസ്
Keywords : Kasaragod, Kerala, Custody, Accuse, Airport, Certificate, Bill, Print, Sand, Rafeeq Kelot, Counterfeit e sand pass: Key player arrested. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia