city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അനുഭവസ്ഥര്‍ പറയുന്നു, മംഗലാപുരം വിമാനത്താവളത്തില്‍ പലതും സംഭവിക്കുന്നു

മാഹിന്‍ കുന്നില്‍

കാസര്‍കോട്: (www.kasargodvartha.com 09.11.2014) മംഗലാപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരാതികളും വിമാനത്താവളം ഉണ്ടായ കാലം മുതല്‍ കേട്ടുവരുന്നു. ഇതില്‍ നിന്നും മനസിലാകുന്നത് വിമാനത്താവളം അതിന്റെ പൂര്‍ണതയില്‍ ഇനിയും എത്തിയിട്ടില്ല എന്നതാണ്. യാത്രക്കാരെ ചൂഷണം ചെയ്യുന്നത് മുതല്‍ വിമാനങ്ങള്‍ സമയത്ത് എത്താത്തത് വരെയുള്ള പ്രശ്‌നങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നു.

168 പേരുടെ ജീവന്‍ നഷ്ടപ്പെടാനിടയായ വിമാനാപകടം ഉണ്ടായ എയര്‍പോര്‍ട്ട് കൂടിയാണിത്. ഈ അപകടത്തിലൂടെ ലോകത്തിലെ ദുരന്തങ്ങളുടെ ഭൂപടത്തില്‍ ഇടം നേടിയ വിമാനത്താവളത്തില്‍ ചെറുതും വലുതുമായ നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നു.

വിമാനത്താവളത്തിന്റെ പ്രധാന പ്രയോക്താക്കള്‍ വടക്കെ മലബാറിലെയും ദക്ഷിണ കന്നഡ ജില്ലകളിലെയും പ്രവാസികള്‍ ഉള്‍പെടെയുള്ള ജനങ്ങളാണ്. ഇവര്‍ തന്നെയാണ് പലപ്പോഴും ഇവിടുത്തെ പരിമിതികളില്‍ വീര്‍പുമുട്ടി കഴിയുന്നത്.

ഇവിടുത്തെ പ്രശ്‌നങ്ങളും പരാതികളും സംബന്ധിച്ച് കാസര്‍കോട് വാര്‍ത്ത തുടങ്ങിവെച്ച 'മംഗലാപുരം വിമാനത്താവളത്തില്‍ സംഭവിക്കുന്നതെന്ത്?' എന്ന അന്വേഷണം പ്രവാസികള്‍ ഏറ്റെടുത്തതോടെ കൂടുതല്‍ സജീവമാകുകയും പീഡന കഥകള്‍ ഒന്നൊന്നായി പുറത്തുവരികയും ചെയ്തു. അന്വേഷണത്തില്‍ സഹകരിച്ച നിരവധി പേര്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ പങ്കുവെച്ചു. നേരിട്ടും ഫോണ്‍ വഴിയും മറ്റും കാസര്‍കോട് വാര്‍ത്തയുമായി ബന്ധപ്പെട്ടവര്‍ നിരവധിയാണ്. മംഗലാപുരം വിമാനത്താവളത്തില്‍ പരിശോധനയുടെ പേരില്‍ പലവിധ പീഡനങ്ങളാണ് തങ്ങള്‍ക്ക് ഏല്‍ക്കേണ്ടി വന്നതെന്ന് അവര്‍ അക്കമിട്ട് വിവരിച്ചു. സമാന രീതിയിലുള്ള ദുരനുഭവങ്ങളാണ് പലര്‍ക്കും പറയാനുണ്ടായിരുന്നത്. അവയില്‍ ചിലത് മാത്രം ഇവിടെ വായനക്കാരുമായി പങ്കുവെക്കുന്നു.

നീലേശ്വരം സ്വദേശിക്ക് എയര്‍പോര്‍ട്ടിലുണ്ടായ പീഡനാനുഭവം ശ്രദ്ധിക്കൂ. സഹോദരിക്കും അവരുടെ മകളോടൊപ്പവുമാണ് ആ യുവാവ് എയര്‍പോര്‍ട്ടില്‍ എത്തിയത്. ബാഗേജില്‍ അനുവദിച്ചതിലധികം സാധനങ്ങള്‍ ഉണ്ടെന്ന് ആരോപിച്ച് അയാളെ ഉദ്യോഗസ്ഥര്‍ തടഞ്ഞു വെക്കുകയായിരുന്നു. തന്റെയും അവരുടെയും മകളുടെയും ലഗേജുകള്‍ എല്ലാം മൊത്തമായി തൂക്കാന്‍ അപേക്ഷിച്ചിട്ടും കൂട്ടാക്കാത്ത അധികൃതര്‍ നന്നായി കെട്ടിയിരുന്ന പായ്ക്ക് പൊളിച്ചു വാരിയിട്ട് അതിലെ സാധനങ്ങള്‍ കുറച്ചതിന് ശേഷമാണ് എമിഗ്രേഷനിലേക്ക് പോകാന്‍ അനുവദിച്ചത്.

ബാഗേജില്‍ നിന്നും മാറ്റിവെക്കുന്ന സാധനങ്ങള്‍ കൊണ്ടു പോകാന്‍ ഒരു സംഘം തന്നെ എയര്‍പോര്‍ട്ടിനകത്തുണ്ടെന്ന് ഈ യുവാവ് പറഞ്ഞു. ആദ്യമായി എയര്‍പോര്‍ട്ടിലെത്തിയ സഹോദരിയും മകളും അധികൃതരുടെ ക്രൂരമായ ഈ നടപടിയില്‍ കരഞ്ഞുപോയത്രേ. പരിശോധന ആവശ്യമാണ്. എന്നാല്‍ ചില യാത്രക്കാരെ മാത്രം തിരഞ്ഞു പിടിച്ചുള്ള പരിശോധന പ്രതിഷേധാര്‍ഹമാണ്.

എമിഗ്രേഷന്‍ കൗണ്ടറിലെ ദുരനുഭവമാണ് അബുദാബിയില്‍ നിന്നും ഫോണ്‍ ചെയ്ത് ഒരു യുവാവിനു പറയാനുണ്ടായിരുന്നത്. പാസ്‌പോര്‍ട്ടില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് രേഖപ്പെടുത്തിയില്ല എന്ന കാരണം  പറഞ്ഞാണത്രെ ആ യുവാവിനെ കൗണ്ടറില്‍ തടഞ്ഞു വെച്ചത്. എയര്‍ ഇന്ത്യയുടെ കൗണ്ടറില്‍ ടിക്കറ്റും പാസ്‌പോര്‍ട്ടും വിസയുമെല്ലാം പരിശോധിച്ചതിന് ശേഷമാണ് എമിഗ്രേഷന്‍ കൗണ്ടറില്‍ എത്തിയത്. പാസ്‌പോര്‍ട്ട് തിരിച്ചും മറിച്ചും നോക്കിയതിന് ശേഷം ഒരു മണിക്കൂറോളം യുവാവിനെ ചോദ്യം ചെയ്തു. പിന്നെ തിരിച്ചയക്കാനുള്ള ശ്രമം നടത്തി. മലയാളം മാത്രം അറിയാവുന്ന യുവാവ് പലതും കരഞ്ഞ് പറഞ്ഞിട്ടും അവര്‍ ചെവിക്കൊണ്ടില്ല. അവസാനം മറ്റൊരു യാത്രക്കാരന്‍ ഇടപെട്ടപ്പോഴാണ് അവര്‍ യുവാവിനെ പോകാന്‍ അനുവദിച്ചത്. കാസര്‍കോട്ടുകാരന്‍ ആയതു കൊണ്ടു മാത്രം അനുഭവിച്ച മനഃസംഘര്‍ഷം!

താന്‍ ദൃക്‌സാക്ഷിയായ ഒരനുഭവം പങ്കുവെക്കുകയാണ് മറ്റൊരു യുവാവ്. 2011 ല്‍ മംഗലാപുരം വിമാനത്താവളത്തില്‍ എത്തിയ കാഞ്ഞങ്ങാട് സ്വദേശിനിയായ ഒരു സ്ത്രീയും ഒരു കുട്ടിയുമാണ് ഇവിടെ അധികൃതരുടെ പീഡനത്തിന് ഇരയായത്. അവര്‍ ദുബൈയിലേക്കോ മറ്റോ പോവുകയാണ്. അവരുടെ പക്കല്‍ ഏതാനും കാര്‍ട്ടൂണ്‍ പെട്ടികള്‍ ഉണ്ടായിരുന്നു. പെട്ടികള്‍ ശ്രദ്ധയില്‍ പെട്ട ബി.എസ്.എഫ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ അവ പരിശോധിക്കുകയും പെട്ടികള്‍ പൊതിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് ഓരോന്നിനും 100 രൂപ വീതം ചിലവ് വരുമെന്നും അവര്‍ അറിയിച്ചു. എന്നാല്‍ സ്ത്രീയുടെ പക്കല്‍ അത്രയും പെട്ടികള്‍ പൊതിയാനുള്ള പണം ഉണ്ടായിരുന്നില്ല. ഈ സമയത്ത് താന്‍ ഈ വിഷയത്തില്‍ ഇടപെട്ടപ്പോള്‍ മറ്റുള്ളവരുടെ കാര്യത്തില്‍ താങ്കള്‍ ഇടപെടേണ്ടെന്നു പറഞ്ഞ് അവര്‍ ആക്ഷേപിക്കുകയും ചെയ്തു.

എന്നാല്‍ താന്‍ ഇടപെടുന്നത് ആ സ്ത്രീയെ സഹായിക്കാനാണെന്ന് അവരെ അറിയിച്ചു. ഒടുവില്‍ പ്രശ്‌നം ഗ്രൗണ്ട്‌സ് സ്റ്റാഫ് മാനേജരുടെ ശ്രദ്ധയില്‍ പെടുത്തിയ താന്‍ പെട്ടികള്‍ പൊതിയാതെ തന്നെ കൊണ്ടുപോകാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയായിരുന്നു. സ്ത്രീയെ ബുദ്ധിമുട്ടിച്ചത് സംബന്ധിച്ച് അസിസ്റ്റന്റ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് ഇമെയില്‍ വഴി പരാതി അയക്കുകയും ചെയ്തിരുന്നു. അസിസ്റ്റന്റ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ അതിന് നല്‍കിയ മറുപടിയില്‍ ക്ഷമാപണവും നടത്തുകയുണ്ടായി.

മറ്റൊരു സുഹൃത്തിന്റെ ദുരനുഭവം കേള്‍ക്കൂ. 15 ദിവസത്തെ ലീവിന് പോയ സമയത്ത് പാസ്‌പോര്‍ട്ടിന് പുറത്ത് യു.എ.ഇ ഇമിഗ്രേഷന്‍ സ്റ്റിക്കര്‍ പതിച്ചിട്ടുണ്ടായിരുന്നു. പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ് സ്റ്റാമ്പ് അടിക്കാന്‍ ശ്രമിക്കവേ അദ്ദേഹം പറഞ്ഞു, ഒട്ടിപ്പിടിച്ചിരിക്കുന്ന സ്റ്റിക്കര്‍ അടര്‍ത്തിമാറ്റാന്‍. അതിലെന്താ കുഴപ്പം എന്ന എന്റെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞു, തിരിച്ചൊന്നും പറയണ്ട പറയുന്നത് കേട്ടാല്‍ മതിയെന്ന്. പക്ഷെ എത്ര ശ്രമിച്ചിട്ടും അത് മുഴുവനായി അടര്‍ത്തിമാറ്റാന്‍ എനിക്ക് കഴിഞ്ഞില്ല. വീണ്ടും അദ്ദേഹം പറഞ്ഞു മുഴുവനും അടര്‍ത്തിമാറ്റണമെന്ന്. ഞാനാകെ കുഴങ്ങി. എന്റെ പരിഭവം കണ്ടാവണം ക്യൂവില്‍ നില്‍ക്കുന്ന ഒരാള്‍ പറഞ്ഞു, തലയില്‍ എണ്ണ തേച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഉരച്ചു നോക്കൂ.  അന്നേരം സ്റ്റിക്കര്‍ അടര്‍ന്നു പോവുമെന്ന്. തലയില്‍ എണ്ണ തേച്ചിട്ടില്ലാത്ത എനിക്ക് അതിനും കഴിഞ്ഞില്ല. നിസഹായനായി നിന്ന എന്റെ പാസ്‌പോര്‍ട്ട് വേറൊരാള്‍ വാങ്ങി പറഞ്ഞതുപോലെ തലയില്‍ ഉരച്ചുകൊണ്ട് അത് മുഴുവനായി അടര്‍ത്തിമാറ്റിത്തന്നു. പിന്നീടാണ് എന്നെ പോവാന്‍ സമ്മതിച്ചത്. ഈ സമയം ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞിരുന്നു ഞാനവിടെ. പക്ഷെ ഇപ്പോഴും എനിക്ക് മനസിലായിട്ടില്ല എന്തിനായിരുന്നു എന്നെ അങ്ങനെ ചെയ്തതെന്ന്.

മറ്റൊരു സുഹൃത്തിന് രണ്ട് വര്‍ഷം മുമ്പുണ്ടായ അനുഭവം വായനക്കാരുമായി പങ്കുവെക്കുന്നു. കുവൈത്തില്‍ നിന്നും മംഗലാപുരത്തേക്ക് എയര്‍ ഇന്ത്യ വഴി നാട്ടിലേക്ക് തിരിച്ച തന്റെ കൂടെ സുഹൃത്തിന്റെ കുടുംബവും ഉണ്ടായിരുന്നു (സ്ത്രീകളും കുട്ടികളും അടക്കം നാലുപേര്‍). അവരുടെ കൂടെ പുരുഷന്മാര്‍  ആരും ഇല്ലാത്തതിനാല്‍ അവരെ സുരക്ഷിതമായി നാട്ടിലേക്ക് എത്തിക്കുക എന്നതാണ് എനിക്കുള്ള കടമ. ഫ്‌ളൈറ്റില്‍ വേറെയും ഒരുപാട് സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ ഉണ്ടായിരുന്നു.

എന്നാല്‍ എന്തുകൊണ്ടെന്നറിയില്ല, എന്റെ കൂടെ വന്ന സ്ത്രീകളെ മാറ്റി നിര്‍ത്തുകയും അവരുടെ മുഴുവന്‍ ബാഗേജുകളും പൊളിച്ച് പരിശോധിക്കണം എന്നും (കാര്‍ട്ടൂണ്‍ ബോക്‌സ് അടക്കം) അതില്‍ ഉള്ള സാധനങ്ങള്‍ വ്യക്തമായി പരിശോധിക്കണം എന്നും നിര്‍ദേശിച്ചു. ഇത് സ്‌കാന്‍ ചെയ്തു പരിശോധിക്കാന്‍ ഞാനും ആവശ്യപ്പെട്ടു. അതുപറ്റില്ലെന്നും തുറന്നു തന്നെ പരിശോധിക്കണം എന്നും ഉദ്യോഗസ്ഥന്‍ വാശിപിടിക്കുകയും ഒടുവില്‍ ഞാന്‍ അതിനു സമ്മതിക്കുകയും പൊളിച്ചാല്‍ അതുപോലെ തിരിച്ചു ബോക്‌സില്‍ കേറ്റിത്തരണമെന്നും ആവശ്യപ്പെട്ടു. അപ്പോള്‍ ഉദ്യോഗസ്ഥന്‍ വക തെറിവിളിയും. അതിനു വീട്ടില്‍ നിന്നും വാപ്പാനെ കൊണ്ടുവരണമെന്നും പറഞ്ഞു.

ഒടുവില്‍ നാലാമന്‍ വന്നു (ഇടനിലക്കാരന്‍). 2000 രൂപ കൊടുത്താല്‍ മതിയാകും എന്ന് പറഞ്ഞുവന്നു. എന്റെ കയ്യില്‍ പണമില്ലെന്നു ഞാനും പറഞ്ഞു. ഒടുവില്‍ അവിടുന്ന് ബുദ്ധിപൂര്‍വം തലയൂരാന്‍ ഞാനും ഒന്ന് കളിച്ചു. പുറത്തു വന്നാല്‍ ഞങ്ങളെ കൂട്ടാന്‍ വന്നവരില്‍ നിന്നും പണം വാങ്ങിത്തരാം എന്ന് പറഞ്ഞു. ഒടുവില്‍ തീരുമാനം ആയി. കൂടെ ഒരു പയ്യനെയും വിട്ടു. പുറത്തിറങ്ങി സ്ത്രീകളെ അവരുടെ വേണ്ടപ്പെട്ടവരുടെ കൂടെ സുരക്ഷിതമായി വിട്ടതിനു ശേഷം ഞാനും വണ്ടിയില്‍ കയറി സ്ഥലംവിട്ടു. അതിന് ശേഷം ഇന്നുവരെ ഞാന്‍ മംഗലാപുരം വിമാനത്താവളം വഴി യാത്ര ചെയ്തിട്ടില്ല. കരിപ്പൂര്‍ വിമാനത്താവളം വഴി ഒരിക്കല്‍ പോലും ഇങ്ങനെയൊരു മോശമായ അനുഭവം ഉണ്ടായിട്ടില്ല.

മംഗലാപുരം വിമാനത്താവളം വഴി സ്ഥിരമായി യാത്ര ചെയ്യാറുള്ള മറ്റൊരു സുഹൃത്ത് പറയുന്നത് ഇങ്ങനെ:  2014 സെപ്റ്റംബര്‍ 23ന്  ജെറ്റ് എയര്‍ലൈനില്‍ ദുബൈയില്‍ പോകാന്‍ എത്തിയതായിരുന്നു.  എമിഗ്രേഷന്‍ ചെക്കിംഗ് കഴിഞ്ഞു നീങ്ങുമ്പോള്‍ അവിടെ യാത്രക്കാരെ ഒരു കസ്റ്റംസ് ഓഫീസര്‍ തടഞ്ഞുനിര്‍ത്തി പാസ്‌പോര്‍ട്ട് ചെക്ക് ചെയ്യുകയാണ്. ഇക്കാര്യം താന്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അവര്‍ പറഞ്ഞു. നിങ്ങള്‍ തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് ചോദിക്കൂ എന്ന്. ഞാന്‍ അയാളോട് കാര്യം തിരക്കിയപ്പോള്‍ താങ്കളെ ഞാന്‍ ബുദ്ധിമുട്ടിച്ചില്ലല്ലോ, നിങ്ങള്‍ പോവുക എന്നാണ് അയാള്‍ എനിക്ക് മറുപടി നല്‍കിയത്.

പീഡന കഥകള്‍ ഇവിടെയൊന്നും തീരുന്നില്ല. ഈ അനുഭവങ്ങളുടെ ആവര്‍ത്തനമാണ് ഞങ്ങള്‍ക്ക് ലഭിച്ച 100 ലേറെ പരാതികള്‍. ഓരോ പ്രശ്‌നവും പരിഹരിക്കപ്പെടട്ടെ. അതിനുള്ള നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവരട്ടെ. അധികൃതരുടെ കണ്ണുകളും കാതുകളും തുറപ്പിക്കാന്‍ അതിനു കഴിയട്ടെ. ഓരോന്നില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങളും സൗകര്യങ്ങളും യാത്രക്കാര്‍ക്കു ലഭ്യമാക്കാനുള്ള അടിയന്തിര നടപടികള്‍ ഉണ്ടാവും എന്നു തന്നെയാണ് പ്രതീക്ഷ.

ഈ അന്വേഷണത്തിനു പ്രേരണയായി വര്‍ത്തിച്ച കെ.എം.സി.സി നേതാവ് സലാം കന്യപ്പാടിയോടും  സഹകരിച്ച മുനീര്‍ ചെര്‍ക്കളം, പി.ഡി നൂറുദ്ദീന്‍, യൂസുഫ് പച്ചിലംപാറ, ഹാരിസ് സീനത്ത്, ജുനൈദ് ഉദുമ പടിഞ്ഞാര്‍ തുടങ്ങിയ സുഹൃത്തുക്കളോടും, വായനക്കാരോടും മറ്റു പ്രവാസി സംഘടനകളോടുമുള്ള കടപ്പാടും നന്ദിയും ഇവിടെ അറിയിക്കുന്നു.

ഈ വിഷയം ജനപ്രതിനിധികളുടെയും അധികൃതരുടെയും ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ എല്ലാവരുടെയും വിശിഷ്യാ പ്രവാസികളുടെ സഹകരണം ഇനിയും ഉണ്ടാവുമെന്ന് ഉറപ്പുണ്ട്. ജനപ്രതിനിധികളുടെ പ്രതികരണങ്ങള്‍ അടുത്ത ദിവസം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

അനുഭവസ്ഥര്‍ പറയുന്നു, മംഗലാപുരം വിമാനത്താവളത്തില്‍ പലതും സംഭവിക്കുന്നു

Related: 
മംഗലാപുരം വിമാനത്താവളത്തില്‍ സംഭവിക്കുന്നതെന്ത്? പി.ഡി നൂറുദ്ദീന് പറയാനുള്ളത്

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia