city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വയോമിത്രത്തില്‍നിന്നും നല്‍കിയത് കാലാവധി കഴിഞ്ഞ ഗുളികകള്‍; വൃദ്ധന്‍ കോമയിലായി

കാസര്‍കോട്: (www.kasargodvartha.com 19.11.2014) വയോമിത്രത്തില്‍നിന്നും നല്‍കിയത് കാലാവധി കഴിഞ്ഞ ഗുളികകള്‍. ഇതുകഴിച്ച വൃദ്ധന്‍ കോമയിലായി. കാസര്‍കോട് നഗരസഭയിലെ അഞ്ചാം വാര്‍ഡായ കേളുഗുഡെ റോഡില്‍ ഇസദ്ദ് നഗറിലെ അബ്ദുല്ലയാണ് (95) ശരീരം തളര്‍ന്ന് കോമയിലായത്.

നാല് ദിവസം മുമ്പ് വാര്‍ഡ് കൗണ്‍സിലര്‍ നിര്‍മലയും വയോമിത്രത്തിലെ ഏതാനും നേഴ്‌സുമാരും അബ്ദുല്ലയുടെ വീട്ടിലെത്തുകയും അദ്ദേഹത്തെ പരിശോധിക്കുകയും ചെയ്തിരുന്നു. പിറ്റേദിവസം വയോമിത്രത്തില്‍നിന്നും അബ്ദുല്ലയ്ക്ക് നല്‍കാനായി രക്തയോട്ടം വര്‍ധിപ്പിക്കാനുള്ള -ആസ്പിരിന്‍, കൊളസ്‌ട്രോള്‍ കുറക്കാനുള്ള -അറ്റോഡര്‍, രക്തസമ്മര്‍ദ്ദം കുറക്കാനുള്ള -എല്‍പ്രസ് എന്നീ ഗുളികകള്‍ വാര്‍ഡ് കൗണ്‍സിലര്‍ നിര്‍മലയുടെ കൈവശം കൊടുത്തുവിടുകയായിരുന്നു.

രണ്ട് ദിവസം ഗുളിക കഴിച്ചപ്പോള്‍ തന്നെ അതുവരെ സംസാരിച്ചുകൊണ്ടിരുന്ന അബ്ദുല്ല ശരീരം തളര്‍ന്ന് കോമയിലാവുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. ഇതോടെ ഗുളിക നല്‍കുന്നത് വീട്ടുകാര്‍ നിര്‍ത്തി. തൊട്ടടുത്ത ക്ലബ്ബ് പ്രവര്‍ത്തകരും അബ്ദുല്ലയുടെ മകനും വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതികരണ വേദി പ്രവര്‍ത്തകരായ എം.എം.കെ. സിദ്ദിഖ്, ബദറുദ്ദീന്‍ കറന്തക്കാട്, അബ്ദുര്‍ റഹ്മാന്‍ തെരുവത്ത് എന്നിവര്‍ വീട്ടിലെത്തി ഗുളിക പരിശോധിച്ചപ്പോഴാണ് വയോമിത്രത്തില്‍നിന്നും നല്‍കിയ ഗുളികയില്‍ ആസ്പിരിന്‍ ഗുളികയുടെ കാലാവധി 2013ല്‍തന്നെ അവസാനിച്ചതായി വ്യക്തമായത്.

സര്‍ക്കാര്‍ സംവിധാനത്തില്‍നിന്നും നല്‍കിയതിനാലാണ് ഗുളികനല്‍കാന്‍ തയ്യാറായതെന്ന് വീട്ടുകാര്‍ പറയുന്നു. സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ വയോമിത്രത്തില്‍ എത്തിയ സമൂഹ്യപ്രവര്‍ത്തകരോട് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്.

ആദ്യം കൗണ്‍സിലറുടെ കയ്യില്‍ രോഗിക്ക് കൊടുക്കാന്‍ ഗുളിക കൊടുത്തുവിട്ടിട്ടില്ലെന്ന് പറഞ്ഞ വയോമിത്രത്തിലെ ഉദ്യോഗസ്ഥനും ജീവനക്കാരും പിന്നീട് ഡോക്ടറെ കാണിച്ച് രോഗിക്ക് നല്‍കാനാണ് ഗുളിക കൊടുത്തുവിട്ടതെന്ന് പറഞ്ഞ് തടിയൂരുകയായിരുന്നു. ഡോക്ടറെ കാണിക്കാന്‍ നല്‍കുന്ന ഗുളികയില്‍ ഒരുവര്‍ഷം മുമ്പ് കാലാവധി കഴിഞ്ഞ ഗുളിക എന്തിനാണ് കൊടുത്തതെന്ന് ചോദിച്ചപ്പോള്‍ ഇവര്‍ക്ക് വ്യക്തമായ ഉത്തരം ഉണ്ടായില്ല. കൗണ്‍സിലര്‍ പുറത്തുനിന്നായിരിക്കാം ഗുളിക വാങ്ങിയതെന്ന് ഇതിനിടയില്‍ ഇവര്‍ പറയുകയും ചെയ്തു.

രോഗികളുടെ രോഗത്തെ കുറിച്ചോ, അവരുടെ വിവരങ്ങളോ, നല്‍കുന്ന മരുന്നുകളെ കുറിച്ചോ ഒരു രേഖകളോ മറ്റു വിവരങ്ങളോ വയോമിത്രത്തില്‍ സൂക്ഷിച്ചിട്ടില്ല. എല്ലാ കുറ്റവും വാര്‍ഡ് കൗണ്‍സിലറുടെ തലയില്‍കെട്ടിവെക്കാനാണ് വയോമിത്രം അധികൃതര്‍ ശ്രമിച്ചത്.

സംഭവത്തെകുറിച്ച് ഡി.എം.ഒയ്ക്കും മറ്റും പരാതിനല്‍കുമെന്ന് ബന്ധുക്കളും നാട്ടുകാരും സാമൂഹ്യപ്രവര്‍ത്തകരും അറിയിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


വയോമിത്രത്തില്‍നിന്നും നല്‍കിയത് കാലാവധി കഴിഞ്ഞ ഗുളികകള്‍; വൃദ്ധന്‍ കോമയിലായി

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia