city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖാസിയുടെ മരണം കൊലപാതകമാണെന്നതിന് 17 സാഹചര്യ തെളിവുകളുമായി മുന്‍ SKSSF നേതാവ് രംഗത്ത്

(www.kasargodvartha.com 09.11.2014) ചെമ്പിരിക്ക-മംഗലാപുരം ഖാസിയായിരുന്ന സി.എം.അബ്ദുല്ല മൗലവിയുടെ മരണം കൊലപാതകമാണെന്ന് ഉറച്ചുവിശ്വസിക്കുന്നതായി എസ് കെ എസ് എസ് എഫ് ഉദുമ മേഖല മുന്‍ സെക്രട്ടറിയും ആം ആദ്മി പ്രവര്‍ത്തകനുമായ ഇംദാദ് ബ്യാരി സാഹചര്യ തെളിവുകള്‍ നിരത്തി പറയുന്നു. ഇക്കാര്യത്തില്‍ അദ്ദേഹം പറയുന്ന സാഹചര്യ തെളിവുകള്‍ ഇവയാണ്.

1. ഒരു മുസ്ലിമായ മത പണ്ഡിതന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല.

2. ചെരിപ്പ്, വടി മുതലായവ കണ്ടെത്തിയ സ്ഥലം വളരെ ദുഷ്‌ക്കരമായ പാറക്കല്ലുകള്‍ നിറഞ്ഞ, യുവാക്കള്‍ക്ക് പോലും പകല്‍ വെളിച്ചത്തില്‍ കയറിച്ചെല്ലാന്‍ ബുദ്ധിമുട്ടുള്ള സ്ഥലമാണ്. അവിടെ രാത്രിയുടെ രണ്ടാം യാമത്തില്‍ അതും അമാവാസി രാത്രിയില്‍ കണ്ണട പോലും ധരിക്കാതെ കാല്‍ മുട്ട് വളക്കാന്‍ സാധിക്കാത്ത ഖാസി ഊന്നു വടിയും പിടിച്ച് കയറിയെന്ന് പറയുന്നതു തന്നെ സിബിഐയുടെ വങ്കത്തരം .

3 സംഭവ രാത്രി മൂന്നു മണിക്ക് സംഭവ സ്ഥലത്ത് ഒരു വെളുത്ത കാര്‍ വന്നു നില്‍ക്കുന്നത് കണ്ട വൃദ്ധന്റെ മൊഴി സിബിഐ കേട്ടില്ലെന്നു നടിക്കുന്നത് എന്ത് കൊണ്ട്?

4. അതേ സമയത്ത് തന്നെ കഴുത്തിന് പിടിക്കപ്പെട്ട ആള്‍ ഉണ്ടാക്കുന്ന വിധത്തിലുള്ള ശബ്ദം കേട്ടുവെന്ന വൃദ്ധയായ സ്ത്രീയുടെ മൊഴിയും എന്ത് കൊണ്ട് സിബിഐ രേഖപ്പെടുത്തുന്നില്ല?

5. സ്ഥിരമായി മണല്‍ വാരുന്ന ഈ സ്ഥലത്ത് പതിവ് പോലെ മണല്‍ വാരാന്‍ വന്നവരെ, ഇന്ന് മണല്‍ വരാന്‍ തുനിയരുതെന്നും പോലീസ് വരുന്നുണ്ടെന്നും പറഞ്ഞു രാത്രി 12 മണിയോടെ വിളിച്ചു മുന്നറിയിപ്പ് നല്‍കി ഒഴിപ്പിച്ചത് ആരെന്ന് എന്ത് കൊണ്ട്  സിബിഐ കണ്ടെത്തുന്നില്ല?

6. രണ്ടു ചെരിപ്പുകളും കൃത്യമായി ചേര്‍ത്ത് അടുക്കി വെച്ച നിലയിലാണുണ്ടയിരുന്നത്, മുട്ട് വളക്കാനൊ കുനിയാനോ  സാധിക്കാത്ത ഒരാള്‍ക്കു ഒരിക്കലും ഇത് പോലെ ചെരുപ്പ് അഴിച്ചു വെക്കാന്‍ സാധിക്കില്ല. ഈ സ്ഥലത്ത് ഈ വസ്തുക്കളൊക്കെ കൊണ്ട് വെച്ചത് തന്നെ കൊലയാളികള്‍ ചെയ്ത വലിയ മണ്ടത്തരമാണ്.

7. കടലില്‍ ചാടി എന്ന് പറയപ്പെടുന്ന സ്ഥലം ഒരുപാട് ആഴമുള്ളതാണ്, അവിടെയാകട്ടെ അടിയില്‍ ചെളി നിറഞ്ഞിരിക്കുകയുമാണ്, ഖാസിയുടെ വസ്ത്രത്തിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്നത് താഴെ കാണുന്ന വിധത്തിലുള്ള വലിയ മണലുകള്‍ ആയിരുന്നു, ഇതില്‍ നിന്നും വ്യക്തമാണ് കൃത്യം നടന്നത് പാറക്കല്ലിന്റെ മുകളില്‍ വെച്ചല്ലെന്ന്, ഇക്കാര്യങ്ങള്‍ െ്രെകം ബ്രാഞ്ച് ശാസ്ത്രീയമായി പരീക്ഷിച്ചതുമാണ്.

8. മാത്രമല്ല പറക്കല്ലിന്റെ മുന്നിലുള്ള കടലില്‍ ഒരുപാട് കൂര്‍ത്ത മുനകളുള്ള മുരുക്കല്‍ നിറഞ്ഞതാണ്, അവിടെ നിന്ന് ചാടിയാല്‍ എവിടെയെങ്കിലും തട്ടി പരിക്കെല്‍ക്കാതെയിരിക്കാന്‍ ഒരു സാധ്യതയുമില്ല, അത്തരത്തിലുള്ള പരിക്കുകള്‍ ഒന്നും തന്നെ ശരീരത്തില്‍  ഉണ്ടായിരുന്നില്ല. ഉണ്ടായ പരിക്കാവട്ടെ രണ്ടു കണ്ണിന്റെയും കുഴിയിലും. ഇത് സൂചിപ്പിക്കുന്നത് അദ്ദേഹത്തെ മൂക്ക് പോതിപ്പിടിച്ചപ്പോള്‍ ഉണ്ടായ പരിക്കാണെന്നാണ്.

9. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞ മറ്റൊരു പരിക്ക് കഴുത്തെല്ല് അഥവാ spinal bone ഒടിഞ്ഞിട്ടുണ്ടെന്നാണ്, ഇത് സംഭവിച്ചത് മരിക്കുന്നതിനു മുമ്പെന്നും, വെള്ളത്തില്‍ ചാടുന്നയാളുടെ കഴുത്തെല്ല് എങ്ങെയാണ് പൊട്ടുന്നത്? കല്ലില്‍ തട്ടി പോട്ടിയതെന്നാണ് ഉത്തരമെങ്കില്‍ ബാഹ്യമായ പരിക്കെവിടെ?
കാര്യം വ്യക്തമാണ്, കൊലയാളി മൂക്കില്‍ കുത്തിപ്പിടിച്ചു കഴുത്തെല്ല് പൊട്ടിച്ചതിനുശേഷം കടലില്‍  മുക്കി കൊല്ലുകയും, കടലില്‍ തള്ളി വിടുകയുമാണ് ചെയ്തത്.

10. പോലീസ് സര്‍ജന്‍ വാദിക്കുന്നത് ശ്വാസകോശത്തില്‍ മണല്‍ കാണപ്പെട്ടത് കാരണം മരണം നടന്നത് വെള്ളത്തില്‍ ചാടിയത്തിനു ശേഷമാണെന്ന്, കടലില്‍ മുക്കിക്കൊന്നാലും ശ്വാസ കോശത്തില്‍ മണല്‍ കയറുമെന്ന് അറിയാന്‍ പോലീസ് ഒന്നും ആകേണ്ടാതില്ലല്ലോ, മാത്രമല്ല ഇതില്‍ നിന്നും വ്യക്തമാണ് മരണം സംഭവിച്ചത് പാറക്കല്ലില്‍ നിന്നും ചാടിയല്ലെന്നും, താഴെ നിന്നുമാണെന്നും, കാരണം മണലുള്ളത് താഴെയാണല്ലോ.

11. പറക്കല്ലിനു മേല്‍ ഖസിക്ക് കയറാന്‍ കഴിയുമെന്നു സിബിഐ സമര്‍ത്ഥിക്കുന്നത് തലേ ദിവസം 35 സ്റ്റെപ്പുകള്‍ കയറി പിതാവിന്റെ മഖ്ബറ സന്ദര്‍ശിച്ചിരുന്നു എന്നാണ്. ദുഷ്‌ക്കരമായ പറക്കല്ലിനെ സുഖമായി കയറാന്‍ വേണ്ടി ഉണ്ടാക്കിയ സ്‌റ്റെപ്പുമായി താരതമ്യം ചെയ്യുന്ന സിബിഐ ബുദ്ധി അപാരം തന്നെ. അങ്ങിനെയാണെങ്കില്‍ സിബിഐ ഡമ്മി പരീക്ഷണത്തിലൂടെ അത് തെളിയിക്കണമായിരുന്നു, ഖാസിയുടെ അതെ പ്രായവും ആരോഗ്യ സ്ഥിതിയിലുള്ള ഒരാളെ രാത്രി വേണ്ട പകല്‍ വെളിച്ചത്തിലെങ്കിലും കയറ്റി നോക്കണമായിരുന്നു.

12. കാറിന്റെ  ലോണ്‍ അടച്ചു തീര്‍ത്തെന്നതാണ് ആത്മഹത്യയെന്നു സമര്‍ത്ഥിക്കാന്‍ സിബിഐ ഉപയോഗിക്കുന്നത്, ബാധ്യത ഉള്ളവര്‍ ആത്മഹത്യ ചെയ്തു എന്നാണ് സാധാരണ നാം കേള്‍ക്കാറുള്ളത്. തമാശ തോന്നുന്നു.

13. പിതാവിനെ സന്ദര്‍ശിച്ചതാണ് മറ്റൊരു കണ്ടെത്തല്‍, മരണം അടുത്ത ഒരു മുസ്ലിമിനു സ്വന്തം പിതാവിനെ തലേ ദിവസം സന്ദര്‍ശിക്കാനുള്ള ഒരു ഉള്‍വിളിയുണ്ടാകുന്നതില്‍ എന്താണ് തെറ്റ്?. ഒരു വിശ്വാസിയുടെ വലിയൊരു അടയാളമാണ് ഇത് സൂചിപ്പിക്കുന്നത്.

14. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന മറ്റൊരു പരിക്ക് കാലിന്റെ നെരിയാണിയുടെ അടുത്ത് വള്ളി കൊണ്ട് കെട്ടിയാല്‍ ഉണ്ടാകുന്ന തരത്തിലുള്ളതാണ്.

15. മരണത്തിനു കുറച്ചു മാസങ്ങള്‍ക്ക്  മുമ്പ് ചെമ്പിരിക്കയിലും മലബാര്‍ ഇസ്ലാമിക് കോപ്ലക്‌സിനും അടുത്ത് ക്യാമ്പ് ചെയ്ത അധോലോക ഗുണ്ട റഷീദ് മലബാറിയുടെ റോളിനെക്കുറിച്ചും എന്ത് കൊണ്ട് സിബിഐ അന്വേഷിക്കുന്നില്ല?

16. വളരെ നന്നായി നീന്താന്‍ അറിയുന്ന ആളാണ് ഖസിയെന്ന വസ്തുത സിബിഐ മറച്ചു വെക്കുന്നതെന്തിനാണ്?

17. ലോക്കല്‍ പോലീസ് ചെയ്തു കൂട്ടിയ കൃത്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്;

എന്ത് കൊണ്ട് ഒരു അസ്വാഭാവിക മരണം നടന്നാല്‍ പോലീസ് ചെയ്യേണ്ട പ്രാഥമിക കാര്യങ്ങളൊന്നും ചെയ്തില്ല? പൂട്ടിയെന്ന് പറയുന്ന പൂട്ടിന്റെ വിരലടയാളം എന്ത് കൊണ്ട് എടുത്തില്ല? ഡോഗ് സ്‌ക്വാഡിനെ എന്തുകൊണ്ട് കൊണ്ടുവന്നില്ല? എന്ത് കൊണ്ട് ബോഡി ഇന്‍ക്വസ്റ്റു പോലും ചെയ്തില്ല? പോസ്റ്റുമോര്‍ട്ടം ചെയ്യേണ്ടതില്ലെന്ന് തുടക്കത്തില്‍ പോലീസ് എന്തിനു പറഞ്ഞു?

ഖസിയുടെ വീട് പരിശോധിക്കുമ്പോള്‍ എന്തിനാണ് സായാഹ്ന പത്രക്കാരനെ കൂടെ കൂട്ടിയത്? തുടര്‍ന്ന് ബുര്‍ദ പരിഭാഷയുടെ ഒരു കഷ്ണം കടലാസ് എടുത്തു കൊണ്ട് തനിക്കു കിട്ടേണ്ടത് കിട്ടിയെന്നും പറഞ്ഞ് പത്രക്കാരന് പോസ് ചെയ്തു കൊടുക്കാന്‍ ഡിവൈഎസ്പി ആവേശം കാട്ടിയതെന്തിനാണ്? പിന്നീട് ഇത് ആത്മഹത്യ കുറിപ്പാണെന്ന് പറഞ്ഞു ഈ പത്രത്തില്‍ വര്‍ത്തയാക്കി ആഘോഷിച്ചു.

പക്ഷെ അല്‍പ സമയം കൊണ്ടുതന്നെ അത് ആത്മഹത്യ കുറിപ്പല്ലെന്നു ജനലോകം മനസിലാക്കിയിട്ടും തിരുത്ത് കൊടുത്തില്ലെന്ന് മാത്രമല്ല വീണ്ടും വീണ്ടും വല്ലതും കിട്ടാന്‍ വേണ്ടി നടക്കുകയായിരുന്നു ഈ ഡിവൈഎസ്പിയും പത്രക്കാരനും.

ഡിവൈഎസ്പിയെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കണ്ടവരോട്, പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പുറത്തു വരുന്നതിനു മുമ്പ് തന്നെ താന്‍ പോലീസ് സര്‍ജനുമായി സംസാരിച്ചെന്നും ഡെഡ് ബോഡിയില്‍ ഒരുപോറല്‍ പോലും ഇല്ലെന്നും പച്ചക്കള്ളം പറഞ്ഞതെന്തിനാണ്? എന്നിട്ട് എന്ത് തന്നെ പറഞ്ഞാലും ഇതൊരു കൊലപാതകമല്ലെന്നു അന്വേഷണം പോലും തുങ്ങുന്നതിനുമുമ്പ്  തറപ്പിച്ചു പറയാന്‍ ശ്രമിച്ചതെന്തിനാണ്?

പോലീസ് സര്‍ജനെ പ്രമുഖനായ ഒരു വ്യക്തിയുടെ നേതൃത്വത്തില്‍ എന്തിനാണ് സംഭവ സ്ഥലത്ത് കൊണ്ട് വന്ന്, ആത്മഹത്യ ആണെന്ന് സ്ഥാപിക്കാനുള്ള തരത്തില്‍ റിപോര്‍ട്ട് ഉണ്ടാക്കി കൊടുത്തത്?  ബോഡിയില്‍ കാണപ്പെട്ട പരിക്കുകള്‍ അടങ്ങുന്ന പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ആദ്യമായി മനോരമയില്‍ വന്നപ്പോള്‍ എന്തിനാണ് പോലിസ് സി.ഐ. ദേഷ്യപ്പെടുകയും, അന്നത്തെ സായാഹ്നത്തില്‍ ഇതേ സായാഹ്ന പത്രത്തില്‍ മനോരമ റിപോര്‍ട്ട് ശരിയല്ലെന്നും യഥാര്‍ത്ഥ വസ്തുത ആത്മഹത്യ എന്ന് സ്ഥാപിക്കാന്‍ സര്‍ജന്‍ എഴുതിക്കൊടുത്ത റിപ്പോര്‍ട്ട് കോപ്പി സഹിതം പ്രസിദ്ധീകരിക്കന്‍ പോലീസ് എന്തിനാണ് സായാഹ്ന പത്രക്കാരന് കൊടുത്തത്?

ഇത് ഒരു ആത്മഹത്യ ആണെങ്കില്‍ പോലീസ് ആരെയാണ് ഭയപ്പെടുന്നത്? ആര്‍ക്ക് വേണ്ടിയാണു ഇതൊക്കെ ചെയ്തത്? തുടര്‍ന്ന് നാലുദിവസം പഴക്കമുള്ള ഈ റിപോര്‍ട്ട് അടങ്ങിയ സായാഹ്ന പത്രം സൗജന്യമായി മേല്‍പ്പറമ്പ് ടൗണില്‍ എന്തിനാണ് പോലീസ് അകമ്പടിയോടെ വിതരണം ചെയ്തത്?

ഇനി സിബിഐ എന്താണ് ചെയ്തതെന്ന് നോക്കാം;

തുടക്കത്തില് സിബിഐയുടെ അന്വേഷണം സി.ഐ. ലാസറിന്റെ നേതൃത്വത്തില്‍ നല്ല നിലയിലും ശരിയായ ദിശയിലും മുന്നോട്ട് പോയെങ്കിലും അന്വേഷണം യഥാര്‍ത്ഥ പ്രതികളിലേക്ക് എത്തുമെന്ന് കണ്ടപ്പോള്‍ അദ്ദേഹത്തിനുമേല്‍ മേലുദ്യോഗസ്ഥന്‍ അന്വേഷണം തടസപ്പെടുത്തുന്ന സമീപനം സ്വീകരിച്ചത്. ഇക്കാര്യം അദ്ദേഹം തന്നെ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

തനിക്ക് തന്റെ മേലൂദ്യാഗസ്ഥനെ കാര്യങ്ങള്‍ വിശ്വസിപ്പിക്കാന്‍ സാധിക്കുന്നിലെന്നു തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് ഇദ്ദേഹത്തെ സഹായിക്കാനെന്ന വ്യാജേന ലോക്കല്‍ പോലീസില്‍ നിന്നും ഡെപ്യുട്ടേഷനില്‍ സിബിഐയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഉദ്യോഗസ്ഥനെ നിയമിക്കുക്കയും കേസ് അട്ടിമറിക്കുകയും ചെയ്യുകയാണുണ്ടായത്. പിന്നീട്  ഈ ഉദ്യോഗസ്ഥന്‍ വഴി റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നതിനുമുമ്പ് തന്നെ എന്താണ് റിപോര്‍ട്ട് എന്ന് മനോരമ പത്രത്തിലൂടെ ചോര്‍ത്തിക്കൊടുത്തു സമൂഹത്തില്‍ ആശയക്കുഴപ്പമുണ്ടാക്കാനും ശ്രമമുണ്ടായി.

സത്യത്തില്‍ ഇപ്പോള്‍ കോടതിയില്‍ എത്തിയിരിക്കുന്ന റിപോര്‍ട്ട് ലാസര്‍ അന്വേഷിച്ച റിപോര്‍ട്ട് അല്ല, മറിച്ച് എസ്.പി. നന്ദകുമാര്‍ നേരിട്ട് ഇടപെട്ട് പ്രതികള്‍ക്ക് വേണ്ടി ഉണ്ടാക്കിയ റിപോര്‍ട്ട് ആണ് സമര്‍പിക്കപെട്ടിട്ടുള്ളത്. ഇതിലാകട്ടെ ഒരുപാട് അബദ്ധങ്ങളും കള്ള മൊഴികളും ചേര്‍ത്ത അപൂര്‍ണമായ റിപ്പോര്‍ട്ട് ആണ്. .

സിബിഐക്ക് തന്നെ അറിയാം ഈ റിപ്പോര്‍ട്ട് കോടതിക്ക് മുമ്പില്‍ നിലനില്‍ക്കില്ലെന്നും തള്ളപ്പെടുമെന്നും, അതിനാല്‍ തന്നെ കേസ് കോടതിയുടെ ബെഞ്ചിനു മുമ്പില്‍ വരാതെ അനന്തമായി നീട്ടിക്കൊണ്ടുപോകനാണ് സിബിഐ ശ്രമിക്കുന്നത്.

അതിനു വേണ്ടി കൊലയാളി പ്രമുഖരുടെ സ്വാധീനം ഉപയോഗിച്ചു ഹൈകോടതിക്കുള്ളില്‍ തന്നെ സ്വാധീനിച്ചു. ഓരോ തവണയും കേസ് ബെഞ്ചിനു മുമ്പില്‍ ഏതാതിരിക്കാന്‍ വേണ്ടി മനപ്പൂര്‍വം ലിസ്റ്റില്‍ പിന്തള്ളപ്പെടുന്ന രീതിയില്‍ ക്രമീകരിക്കുകയാണ് ചെയ്തു  കൊണ്ടിരിക്കുന്നത്.

ഖാസിക്കെതിരെ സിബിഐ റിപോര്‍ട്ടില്‍ മൊഴി രേഖപ്പെടുത്തിയവരില്‍ ചിലര്‍ പറയുന്നത് തങ്ങള്‍ ഈ രീതിയില്‍ മൊഴി നല്‍കിയിട്ടില്ലെന്നും അത് നിഷേധിച്ചു കൊണ്ട് അവര്‍ കോടതിയില്‍ സത്യവാങ്മൂലം കൊടുക്കുകയും ചെയ്തിട്ടുണ്ട്.

ഇങ്ങനെ ഒരുപാടു കള്ളത്തരങ്ങള്‍ കാട്ടി ആത്മഹത്യ ആക്കി മാറ്റാന്‍ മനപ്പൂര്‍വം ശ്രമിക്കുന്ന ദയനീയ ശ്രമമാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. കൊലപതകമാനെന്നതിനു തെളിവ് ലഭിച്ചിട്ടില്ലെങ്കില്‍ എങ്ങനെയാണ് ഒരു മരണം ആത്മഹത്യ ആകുന്നത്? ആത്മഹത്യ എന്ന് പറയാന്‍ നിരത്തുന്ന തെളിവുകള്‍ വളരെ ദുര്‍ബലമാണ്. എത്ര കേസുകള്‍ തെളിയാതെ പോകുന്നുണ്ട്, അതൊക്കെ  ആത്മഹത്യ ആണെന്ന് എങ്ങനെയാണു പറയാന്‍ സാധിക്കുക?

ഖാസിയുടെ മരണം കൊലപാതകമാണെന്നതിന് 17 സാഹചര്യ തെളിവുകളുമായി മുന്‍ SKSSF നേതാവ് രംഗത്ത്

ഇവിടെ നടക്കുന്നത് വലിയ ഒരു സ്വാധീന ശക്തിക്ക് മുമ്പില്‍ സിബിഐയുടെ എല്ലാ ക്രെഡിബിലിറ്റിയും കളഞ്ഞു കുളിക്കുകയാണ്. ഇതിനു ചുക്കാന്‍ പിടിക്കുന്നതാകട്ടെ ഒരുപാടു കേസില്‍ കോടതിയുടെ രൂക്ഷ വിമര്‍്ശനങ്ങള്‍ ഏറ്റു വാങ്ങിയ നന്ദകുമാറും.

ആത്മഹത്യ ആണെങ്കില്‍ പിന്നെ എന്തിനാണ് ചിലരുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുകയും നുണപരിശോധനയ്ക്കും വിധേയമാക്കുകയും ചെയ്തത്? കളവു പരിശോധനയില്‍ ചോദിച്ച ചോദ്യങ്ങള്‍ ഒന്നും തന്നെ ചോദിക്കേണ്ട ചോദ്യങ്ങള്‍ ആയിരുന്നില്ല, അതായതു സയന്റിഫിക് ക്വസ്റ്റ്യന്‍ ചോദിച്ചിട്ടില്ല. മാത്രമല്ല പറഞ്ഞ ഉത്തരങ്ങളില്‍ പോലും വൈരുധ്യങ്ങളുമുണ്ട്.

ഇംദാദ് ബ്യാരി, പള്ളിപ്പുഴ
(എസ് കെ എസ് എസ് എഫ് ഉദുമ മേഖല മുന്‍ സെക്രട്ടറിയും ആം ആദ്മി പ്രവര്‍ത്തകനുമാണ് ലേഖകന്‍)


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords: Kasaragod, Kerala, SKSSF, Qazi death, Muslim-league, Police, CBI, Investigation, Political party, Report, Qazi death and probe- Imdad Byari

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia