city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖാസി കേസ്: ആക്ഷന്‍ കമ്മിറ്റി നിയമ നടപടികള്‍ ശക്തമാക്കുന്നു; കക്ഷി ചേര്‍ന്നവരോട് പിന്മാറാന്‍ ആവശ്യപ്പെടും

കാസര്‍കോട്: (www.kasargodvartha.com 13.11.2014) ചെമ്പരിക്ക-മംഗലാപുരം ഖാസി സി.എം. അബ്ദുല്ല മൗല്ലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് നിയമ നടപടികള്‍ ശക്തമാക്കാന്‍ ഖാസി ആക്ഷന്‍ കമ്മിറ്റിയും ബന്ധുക്കളും തീരുമാനിച്ചു. എസ്.വൈ.എസ്. സംസ്ഥാന വൈസ് പ്രസിഡണ്ട് ഖത്തര്‍ ഇബ്രാഹിം ഹാജിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം മേല്‍പറമ്പ് മദ്രസാ ഹാളില്‍ കേസ് നടപടികള്‍ ഊര്‍ജിതമാക്കുന്നതിനായി ഖാസി ആക്ഷന്‍ കമ്മിറ്റിയുടെ വിപുലമായ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. യോഗത്തില്‍ 35ഓളം പേര്‍ പങ്കെടുത്തു.

ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസ് നടപടികള്‍ വേഗത്തിലാക്കുന്നതിനും ആവശ്യമെങ്കില്‍ റിവ്യു പെറ്റീഷന്‍ നല്‍കുന്ന കാര്യവുമാണ് ആക്ഷന്‍ കമ്മിറ്റി ആലോചിക്കുന്നത്. ഖാസി കേസ് ആം ആദ്മി പാര്‍ട്ടി ഏറ്റെടുക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഖാസി ആക്ഷന്‍ കമ്മിറ്റി കൂടി ഇക്കാര്യത്തില്‍ ശക്തമായി രംഗത്തുവന്നത് ഖാസി കേസിനെ വീണ്ടും ജീവന്‍ വെപ്പിച്ചിരിക്കുകയാണ്. നാല് വര്‍ഷത്തിലധികമായി കേസ് നടപടികള്‍ അനന്തമായി നീണ്ടുപോയിരിക്കുകയാണ്. ഹൈക്കോടതിയില്‍ ഖാസിയുടെ മരുമകന്‍ മുഹമ്മദ് ഷാഫി നല്‍കിയ കേസില്‍ മകന്‍ ഷാഫി, എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്, ഖാസി സംയുക്ത സമര സമിതി എന്നിവര്‍ കക്ഷി ചേര്‍ന്നിരുന്നു.

കേസിന്റെ ഇപ്പോഴത്തെ അവസ്ഥ സംബന്ധിച്ച് കക്ഷിചേര്‍ന്നവര്‍ക്കോ മറ്റോ കൃത്യമായ വിവരങ്ങളൊന്നും നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച രാത്രി പ്രധാന ഭാരവാഹികളും ഖാസിയുടെ ബന്ധുക്കളും മേല്‍പ്പറമ്പ് സി.എം.ഉസ്താദ് ഇസ്ലാമിക് സെന്ററില്‍ കൂടിയാലോചന നടത്തി. ഇതില്‍ കേസ് നടപടികള്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകാന്‍ തീരുമാനിച്ചു.

കേസ് വിളിക്കുമ്പോള്‍ കേസില്‍ കക്ഷി ചേര്‍ന്നവരുടെ അഭിഭാഷകരും മറ്റും കൃത്യമായി ഹാജരാകാത്തതാണ് കേസ് അനന്തമായി നീട്ടിവെക്കാന്‍ കാരണമാകുന്നതെന്നാണ് യോഗത്തില്‍ പങ്കെടുത്തവര്‍ വിലയിരുത്തിയത്. ബുധനാഴ്ച രാത്രി മേല്‍പ്പറമ്പില്‍ നടന്ന യോഗത്തില്‍ ഖാസി ആക്ഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ താജുദ്ദീന്‍ ചെമ്പരിക്ക, കണ്‍വീനര്‍ ഷാഫി ചെമ്പരിക്ക, പഞ്ചായത്തംഗം ഷംസുദ്ദീന്‍ ചെമ്പരിക്ക, സി.ബി.ബാവ ഹാജി, സൈഫുദ്ദീന്‍ മാക്കോട്, ഖാസിയുടെ മരുമകന്‍ ഷാഫി ദേളി, മകന്‍ മുനീര്‍ എന്നിവരാണ് മുഖ്യമായി സംബന്ധിച്ചത്.

ഇതിന് പരിഹാരമായി ഒന്നുകില്‍ കക്ഷിചേര്‍ന്നവര്‍ക്കെല്ലാം ഒരേ അഭിഭാഷകനെ വെക്കാനും അല്ലെങ്കില്‍ ഒരാള്‍ മാത്രം കേസ് നടത്താനും ധാരണയായി. കേസില്‍ കക്ഷി ചേര്‍ന്നവരെയെല്ലാം ഒന്നിച്ചിരുത്തി വിഷയം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചു. ഖാസിയുടെ മരണം സംബന്ധിച്ച് സി.ബി.ഐ. നല്‍കിയ അന്തിമ അന്വേഷണ റിപോര്‍ട്ട് ഹൈക്കോടതി നേരത്തെ നിരാകരിച്ചിരുന്നു. ഖാസിയെ പോലുള്ള പ്രമുഖ പണ്ഡിതന്‍ ജീവന്‍ വെടിയുകയായിരുന്നുവെന്ന രീതിയില്‍ സി.ബി.ഐ. നല്‍കിയ റിപോര്‍ട്ട് ഹൈക്കോടതി പോലും മുഖവിലയ്‌ക്കെടുക്കാതെ തള്ളിക്കളഞ്ഞു.

എന്നാല്‍ കേസില്‍ തുടര്‍ന്നുള്ള നടപടികള്‍ അനന്തമായി നീണ്ടുപോകുന്നത് പലവിധത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമായി തീര്‍ന്നിട്ടുണ്ട്. കേസ് നടത്തുന്നതിലുണ്ടായിട്ടുള്ള വീഴ്ച്ചകളാണ് വിമര്‍ശന വിധേയമായത്. ഇതിനെ തുടര്‍ന്നാണ് ആം ആദ്മി പാര്‍ട്ടി കേസിന്റെ തുടര്‍ നടപടികള്‍ ഏറ്റെടുക്കാനും സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണുമായി കേസിന്റെ കാര്യങ്ങള്‍ ചര്‍ചചെയ്യാന്‍ ഡല്‍ഹിയിലേക്ക് പോകാനും തീരുമാനിച്ചത്. നിയമ പോരാട്ടങ്ങള്‍ ഒരുവഴിക്ക് നടക്കുമ്പോള്‍ മറ്റൊരു വഴിക്ക് സമരവും നയിക്കാനാണ് ആം ആദ്മിയുടെ തീരുമാനം.

നവംബര്‍ 22ന് ഖാസി കേസില്‍ നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കല്രേക്ടറ്റിന് മുന്നില്‍ നിരാഹാര സമരം നടത്താനാണ് ആം ആദ്മി തീരുമാനിച്ചിട്ടുള്ളത്. ഇത്തരമൊരു സാഹചര്യത്തില്‍ ഖാസി കേസില്‍ ഇടപെട്ട മറ്റു സംഘടനകള്‍ക്കും വെറുതെ ഇരിക്കാന്‍ കഴിയില്ല. ഇതോടെയാണ് ഖാസി കേസില്‍ ബന്ധപ്പെട്ടവര്‍ യോഗം ചേര്‍ന്നത്. ഹബീബ് റഹ്‌മാന്റെ ലീഗ് പ്രവേശനമാണ് ഖാസി കേസ് വീണ്ടും ചര്‍ച്ചയായത്.

അതേസമയം ഖാസി കേസില്‍ മുസ്ലിം ലീഗും ശക്തമായി ഇടപെടുമെന്ന് സൂചനയുണ്ട്. ഖാസി കേസില്‍ താന്‍ നിരപരാധിയാണെന്ന ഹബീബ് റഹ്‌മാന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ അദ്ദേഹത്തിനെ തന്നെ ഈ കേസ് കൈകാര്യംചെയ്യാന്‍ ഏല്‍പിക്കണമെന്ന വാദം ചില മുസ്ലിം ലീഗ് നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥനായ ഹബീബ് റഹ്‌മാനെ തന്നെ കേസ് നടത്തിപ്പിന്റെ ചുമതല ഏല്‍പിച്ചാല്‍ അതു വഴിത്തിരിവാകുമെന്ന് കരുതുന്നവരുമുണ്ട്. പുതിയ സാഹചര്യത്തില്‍ ഹബീബ് റഹ്‌മാനോട് സമസ്തയ്ക്കുണ്ടായിട്ടുള്ള എതിര്‍പ്പ് കുറഞ്ഞുവന്നതായും ചില ലീഗ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ഖാസി കേസില്‍ താന്‍ ഒരു തരത്തിലുള്ള ഇടപെടലും നടത്തിയിട്ടില്ലെന്നും ഖാസി ആത്മഹത്യ ചെയ്തതാണെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ലെന്നും ഹബീബ് റഹ്‌മാന്‍ നേരത്തെ കാസര്‍കോട് വാര്‍ത്തയിലൂടെ വെളിപ്പെടുത്തിയിരുന്നു. ഹബീബ് റഹ്‌മാനോട് വിരോധമുണ്ടായിരുന്ന ചിലരാണ് ഖാസി കേസിലേക്ക് ഹബീബ് റഹ്‌മാന്റെ പേര് വലിച്ചിഴച്ചതെന്ന് ചില കേന്ദ്രങ്ങളില്‍നിന്നുണ്ടായ വെളിപ്പെടുത്തലുകളിലൂടെ പലര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. താന്‍ കേസിന്റെ ഏതെങ്കിലും അന്വേഷണ ഘട്ടത്തില്‍ ഇടപെട്ടതായി തെളിയിക്കാന്‍ അദ്ദേഹം വെല്ലുവിളിച്ചിരുന്നു. ഹബീബ് റഹ്‌മാനെ സി.ബി.ഐ. അടക്കം നേരത്തെ ഈ കേസില്‍ ചോദ്യം ചെയ്തിരുന്നുവെങ്കിലും അദ്ദേഹം കേസില്‍ ഇടപെട്ടതായി തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഖാസിയെ സ്‌നേഹിക്കുന്നവരും മുഴുവന്‍ ജനങ്ങളും അദ്ദേഹത്തിന്റെ മരണത്തിലും തുടര്‍ന്നുണ്ടായ വിവാദങ്ങളിലും ഏറെ വേദനിക്കുന്നവരാണ്. ആക്ഷന്‍ കമ്മിറ്റിയുടെയും മറ്റും നടപടികളെ തുടര്‍ന്ന് സത്യാവസ്ത ഉടന്‍ പുറത്തുകൊണ്ടുവരാനാകും എന്നാണ് എല്ലാവരുടെയും പ്രതീക്ഷ.

ഖാസി കേസ്: ആക്ഷന്‍ കമ്മിറ്റി നിയമ നടപടികള്‍ ശക്തമാക്കുന്നു; കക്ഷി ചേര്‍ന്നവരോട് പിന്മാറാന്‍ ആവശ്യപ്പെടും

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഖാസിയുടെ മരണം: കേസ് ആം ആദ്മി പാര്‍ട്ടി ഏറ്റെടുക്കുന്നു; 22ന് നിരാഹാരം; നിയമ സഹായത്തിന് പ്രശാന്ത് ഭൂഷണ്‍

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia