city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റിട്ട. എസ്.പി ഹബീബ് റഹ്മാനെ ലീഗിലെടുക്കേണ്ടെന്ന് നിര്‍ദേശിച്ചിട്ടില്ലെന്ന് ഹൈദരലി തങ്ങളും KPA മജീദും

കാസര്‍കോട്: (www.kasargodvartha.com 07.11.2014) റിട്ട. എസ്.പി ഹബീബ് റഹ്മാനെ മുസ്ലിം ലീഗിലെടുക്കേണ്ടെന്ന നിര്‍ദേശം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും കാസര്‍കോട്‌വാര്‍ത്തയോട് വെളിപ്പെടുത്തി. ഹബീബ് റഹ്മാനെ ലീഗിലെടുക്കുന്നത് സംബന്ധിച്ച് വാര്‍ഡ് കമ്മിറ്റിയെടുത്ത തീരുമാനം താല്‍ക്കാലികമായി തടഞ്ഞതും സ്വീകരണ സമ്മേളനം മാറ്റിവെച്ചതും സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനപ്രകാരമല്ല.

ഇതുസംബന്ധിച്ച് ആര്‍ക്കും ഒരുനിര്‍ദേശവും നല്‍കിയിട്ടില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ ജില്ലാ കമ്മിറ്റിക്കപ്പുറം ചര്‍ച്ച ചെയ്യാറില്ലെന്ന് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. ഹബീബ് റഹ്മാനെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കാനുള്ള സമ്മേളനം താല്‍ക്കാലികമായി മാറ്റിവെക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് ജില്ലയിലെ ഒരു പ്രമുഖ മുസ്ലിം ലീഗ് നേതാവും വെളിപ്പെടുത്തി. സര്‍വീസിലുള്ള സമയങ്ങളില്‍ ഒരു പോലീസുകാരനെന്ന നിലയില്‍ പാര്‍ട്ടിയെയോ പ്രവര്‍ത്തകരെയോ വേണ്ടവിധം പരിഗണിക്കാതിരിക്കുകയോ, ദ്രോഹിക്കുകയോ ചെയ്തിട്ടുണ്ടെന്ന ആക്ഷേപവും ലീഗിലേക്ക് വരുന്നതോടെ ഇല്ലാതാകും. അത് മറക്കാനും പൊറുക്കാനും മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തയ്യാറാകും. ഇതിലും കൂടുതല്‍ പാര്‍ട്ടിയെയും നേതാക്കളെയും ബുദ്ധിമുട്ടിക്കുകയും അപമാനിക്കുകയും ചെയ്തവര്‍ക്കെല്ലാം പാര്‍ട്ടി മാപ്പു നല്‍കുകയും അവരെ പാര്‍ട്ടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അവരെല്ലാം ഇപ്പോള്‍ ലീഗില്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഹബീബ് റഹ്മാനെ മുസ്ലിം ലീഗിലെടുക്കുന്നത് സംബന്ധിച്ച് കെ.എം.സി.സിയും യൂത്ത് ലീഗിലെ ചില നേതാക്കളും ഉയര്‍ത്തിയ പ്രതിഷേധം കണക്കിലെടുത്ത് ഈ വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതിനും എതിര്‍പ്പ് പ്രകടിപ്പിച്ചവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് സ്വീകരണ സമ്മേളനം തല്‍ക്കാലത്തേക്ക് മാറ്റിവെക്കാന്‍ ധാരണയിലെത്തിയത്.
റിട്ട. എസ്.പി ഹബീബ് റഹ്മാനെ ലീഗിലെടുക്കേണ്ടെന്ന് നിര്‍ദേശിച്ചിട്ടില്ലെന്ന് ഹൈദരലി തങ്ങളും KPA മജീദും

ഖാസി വിഷയത്തില്‍ ബോധപൂര്‍വമായ ഇടപെടല്‍ താന്‍ നടത്തിയിട്ടില്ലെന്നും ഹബീബ് റഹ്മാന്‍ സംസ്ഥാന നേതാക്കളെയും ജില്ലാ നേതാക്കളെയും ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഹബീബ് റഹ്മാനെ കുറിച്ചുണ്ടായ തെറ്റിദ്ധാരണ കെ.എം.സി.സി - യൂത്ത് ലീഗ് നേതാക്കളെ ബോധ്യപ്പെടുത്തുകയും അതോടൊപ്പം ഖാസി കേസ് സംബന്ധിച്ച അന്വേഷണ കാര്യത്തില്‍ കൂടുതല്‍ സമര പരിപാടികളും ഇടപെടലുകളും ലീഗിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്ന സൂചനയും നേതാക്കള്‍ നല്‍കുന്നുണ്ട്. ഊഹാപോഹങ്ങളുടെയും ചിലരുടെ ആരോപണങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രം ഒരാളെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ലീഗിനാവില്ല. കേസ് അട്ടിമറിക്കാന്‍ ഹബീബ് ഇടപെട്ടിട്ടില്ലെന്ന് തന്നെയാണ് സംസ്ഥാന - ജില്ലാ നേതാക്കള്‍ സൂചിപ്പിക്കുന്നത്. മുസ്ലിം ലീഗ് ഒരുകാലത്തും ഇക്കാര്യത്തില്‍ ഹബീബിനെ കുറ്റപ്പെടുത്തിയിട്ടില്ല.

ഖാസി വിഷയവുമായി ബന്ധപ്പെട്ട് ഹബീബ് റഹ്മാന്റെ ഭാഗത്തു നിന്നുണ്ടായ സമീപനത്തില്‍ കെ.എം.സി.സി ഉള്‍പെടെയുള്ള ചില സംഘടനകള്‍ക്ക് തെറ്റിദ്ധാരണയുണ്ടായിട്ടുണ്ട്. ഇത് പരിഗണിക്കേണ്ട ഉത്തരവാദിത്വം നേതൃത്വത്തിനുണ്ടെന്നും ജില്ലാ നേതാവ് പറഞ്ഞു. ഉയര്‍ന്ന പോലീസ് റാങ്കില്‍ നിന്നും വിരമിച്ച ഹബീബ് റഹ്മാനെ പോലുള്ള ഒരു ഉദ്യോഗസ്ഥന്‍ ലീഗിലേക്ക് കടന്നുവരുന്നത് എന്തുകൊണ്ടും പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് സംസ്ഥാന - ജില്ലാ നേതാക്കള്‍ തുറന്നുപറയുന്നത്.

ഐ.പി.എസ് റാങ്കിന് ശുപാര്‍ശ ചെയ്യപ്പെട്ട ഹബീബ് റഹ്മാന്‍ പാര്‍ട്ടിയിലേക്ക് വരുന്നത് ഒരു മുതല്‍കൂട്ടാണെന്നും നേതാക്കള്‍ സൂചിപ്പിച്ചു. ഇപ്പോഴുണ്ടായിട്ടുള്ള എതിര്‍പ്പ് എല്ലാ അര്‍ത്ഥത്തിലും പരിഹരിച്ച് ഹബീബ് റഹ്മാനെ ലീഗിലേക്ക് പ്രവേശിപ്പിക്കും എന്നുതന്നെയാണ് സംസ്ഥാന അധ്യക്ഷന്റെയും ജനറല്‍ സെക്രട്ടറിയുടെയും പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Muslim-league, Membership, Rtd SP Habeeb Rahman, Controversy, Habeeb Rahman: Hyderali Thangal and KPA Majeed clarify. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia