city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മംഗലാപുരം വിമാനത്താവളത്തില്‍ സംഭവിക്കുന്നതെന്ത്? പി.ഡി നൂറുദ്ദീന് പറയാനുള്ളത്

സകലതും മാറി, മാറാത്തത് മനോഭാവം മാത്രം

(www.kasargodvartha.com 01.10.2014) ഉത്തര മലബാറിലെയും ദക്ഷിണ കനറയിലെയും പ്രവാസികളുടെയും കുടുംബങ്ങളുടെയും സംഘടനകളുടെയും നിതാന്ത പരിശ്രമങ്ങള്‍ക്കും നീണ്ട കാത്തിരിപ്പുകള്‍ക്കും ഒടുവിലാണ് മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളം എന്ന സ്വപ്‌നം സഫലമായത്. കൊങ്കണ്‍ പാത യാഥാര്‍ത്ഥ്യമാകുന്നതിന് മുമ്പ് ബോംബൈ ബസുകളെയും കണക്ഷന്‍ ബസുകളെയും മാത്രം ആശ്രയിച്ചിരുന്നവര്‍ക്ക് മംഗലാപുരത്ത് നിന്നും ഗള്‍ഫ് നാടുകളിലേക്ക് നേരിട്ടുള്ള യാത്രയ്ക്ക് അവസരമൊരുങ്ങിയതോടെ ഉത്തര മലബാറിലെ പ്രവാസികളുടെ യാത്രാ സ്വപ്‌നങ്ങള്‍ക്കും ചിറകു മുളച്ചു.

വെറും മൂന്നും നാലും മണിക്കൂര്‍ കൊണ്ട് ഗള്‍ഫ് നാടുകളിലേക്കും തിരിച്ചും പറന്നെത്താന്‍ സാധിച്ചതോടെ പ്രവാസികളും കുടുംബങ്ങളും തമ്മിലുള്ള അകലവും നന്നേ കുറഞ്ഞു. അടുത്ത ബന്ധുക്കളുടെയോ മറ്റോ മരണാനന്തര കര്‍മങ്ങളില്‍ പോലും പറന്നെത്താന്‍ പാകത്തില്‍ നാടും ഗള്‍ഫ് നാടുകളും അടുത്തതോടെ വര്‍ഷത്തിലൊരിക്കലോ രണ്ട് വര്‍ഷത്തിലൊരിക്കലോ നാടണഞ്ഞിരുന്ന പ്രവാസികളുടെ യാത്രാ ശൈലിയും മാറി. പലപ്പോഴുമത് സര്‍പ്രൈസ് യാത്രയായി നിര്‍വചിക്കപ്പെട്ടു.

യാത്രാ ക്ലേശം കുറഞ്ഞതോടെ നാട്ടിലുള്ള കുടുംബാംഗങ്ങളുടെ ഗള്‍ഫ് യാത്രയെന്ന സ്വപ്‌നവും പൂവണിഞ്ഞു തുടങ്ങി. മൊത്തത്തില്‍ മംഗലാപുരം വിമാനത്താവളത്തിന്റെ മുഖച്ഛായ തന്നെ മാറി. പക്ഷേ മാറ്റങ്ങളേറെ സംഭവിച്ചിട്ടും മാറാത്തത് വിമാനത്താവള അധികൃതരുടെ മനോഭാവം മാത്രമാണ്. എയര്‍പോര്‍ട്ടിനകത്തേക്ക് കയറുന്നത് മുതല്‍ തുടങ്ങുന്നു അധികൃതരുടെ സംശയ ദൃഷ്ടിയോടുള്ള പെരുമാറ്റം. ടിക്കറ്റും പാസ്‌പോര്‍ട്ടും പ്രവേശന കവാടത്തില്‍ നിയോഗിച്ചിരിക്കുന്ന സെക്യൂരിറ്റി ഗാര്‍ഡ് പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ അകത്തേക്ക് പ്രവേശനമുള്ളൂ എന്നിരിക്കെ തുടര്‍ന്ന് നില്‍ക്കുന്ന ഓരോ സെക്യൂരിറ്റി ഗാര്‍ഡുകളും വീണ്ടും വീണ്ടും പരിശോധിച്ച് പേരും വിലാസവും ചോദിക്കുന്ന രീതി മറ്റൊരു എയര്‍പോര്‍ട്ടിലും കാണാനാവാത്തതാണ്.

ബഹുഭൂരിപക്ഷം മലയാളി യാത്രക്കാരായിട്ടും മലയാളം കൈകാര്യം ചെയ്യാനറിയാവുന്ന ജീവനക്കാര്‍ വിരളമാണ്. അതിനാല്‍ തന്നെ ആദ്യമായി യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ഇവരുടെ മറുഭാഷകളിലെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കേണ്ടി വരുന്നു. വൃദ്ധരോ, സ്ത്രീകളോ കുട്ടികളോ മാത്രമായി യാത്ര ചെയ്യുമ്പോള്‍ അടുത്ത ബന്ധുക്കള്‍ക്ക് പാസ്‌പോര്‍ട്ടോ മറ്റു രേഖകളോ തെളിവായി സ്വീകരിച്ച് ചെക്ക് ഇന്‍ കൗണ്ടര്‍ വരെ അവരെ അനുഗമിക്കാനുള്ള അനുവാദം പല എയര്‍പോര്‍ട്ടുകളിലും ഉണ്ട്. എന്നാല്‍ ഇവിടെ അത് എന്തോ മഹാ പാതകം പോലെയാണ്.

നമ്മുടെ ബാഗേജുകള്‍ എത്ര ഭദ്രമായിട്ടാണ് പൊതിഞ്ഞിരിക്കുന്നതെങ്കിലും അത് തൃപ്തികരമല്ലെന്ന് പറഞ്ഞ് നിര്‍ബന്ധിപ്പിച്ച് റാപ്പിംഗ് (Wrapping) ചെയ്ത് പണം ഈടാക്കുന്ന പ്രവണതയും ഇവിടെ നിത്യ കാഴ്ചയാണ്. മറ്റു എയര്‍പോര്‍ട്ടുകളിലെല്ലാം ആവശ്യമുള്ളവര്‍ മാത്രമാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നത്. ബാഗേജുകള്‍ ഭദ്രമായി പൂട്ടാതെയാണ് യാത്രയെങ്കില്‍ യാതൊരു സുരക്ഷയും പ്രതീക്ഷിക്കേണ്ടതില്ല. പലരും ട്രോളി ബാഗുകള്‍ പൂട്ടാതെ തന്നെ ബാഗേജ് കൗണ്ടറില്‍ എല്‍പ്പിക്കാറുണ്ട്. വിലപിടിപ്പുള്ള ഉപകരണങ്ങളോ മറ്റോ അതിനകത്ത് ഉണ്ടെങ്കില്‍ ലക്ഷ്യ സ്ഥാനത്ത് എത്തുമ്പോള്‍ അവ തിരികെ ലഭിച്ചിരിക്കണമെന്നില്ല. ഒരിക്കല്‍ ഇത്തരത്തില്‍ ഒരു സുഹൃത്ത് നന്നാക്കാനായി എല്‍പ്പിച്ച മൊബൈല്‍ ദുബൈയില്‍ എത്തി ബാഗേജ് പരിശോധിച്ചപ്പോള്‍ പൊടിപോലും ലഭിക്കാതിരുന്ന അനുഭവം ഈയുള്ളവനുണ്ട്.

ടൂറിസ്റ്റ് വിസയില്‍ യാത്ര ചെയ്യുമ്പോള്‍ മടക്ക ടിക്കറ്റും ഒറിജിനല്‍ വിസയും കയ്യില്‍ ഇല്ലാത്ത സന്ദര്‍ഭങ്ങളില്‍ ഇ - വിസയടക്കം എല്ലാ വിസകള്‍ക്കും വിസ ഓണ്‍ അറൈവല്‍ മെസേജും ആവശ്യമാണ്. പുതുതായി യാത്ര ചെയ്യുന്ന പലര്‍ക്കും ഇക്കാര്യത്തില്‍ ധാരണ ഉണ്ടാവണമെന്നില്ല. അടിയന്തിര ഘട്ടങ്ങളില്‍ ടിക്കറ്റെടുത്ത് വെള്ളിയാഴ്ച ഉള്‍പെടെ ഗള്‍ഫിലെ അവധി ദിവസങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍ലൈന്‍ ഓഫീസുകള്‍ അവധിയാണെന്നിരിക്കെ വിസ മെസേജിനുള്ള അവസരം ലഭിക്കാറുമില്ല. എയര്‍പോര്‍ട്ടിലെത്തി വിസ മെസേജ് ലഭ്യമല്ലെന്ന കാരണത്താല്‍ യാത്ര നിഷേധിക്കുമ്പോള്‍ ടിക്കറ്റ് തന്നെ നഷ്ടമാവുന്ന അവസ്ഥയാണ്.

മുംബൈ ഉള്‍പെടെയുള്ള ചില എയര്‍പോര്‍ട്ടുകളില്‍ നിന്നും യാത്ര ചെയ്യുമ്പോള്‍ ജെറ്റ് എയര്‍വേയ്‌സ് ഉള്‍പെടെയുള്ള പല എയര്‍ലൈനുകളിലും വിസ മെസേജ് ആവശ്യമില്ലതാനും. ഇ - വിസ സംവിധാനം നിലവില്‍ വരുന്നതിന് മുമ്പാണ് വിസ നിബന്ധന നിലവില്‍ വന്നത്. യു.എ.ഇയില്‍ ഇപ്പോള്‍ തൊഴില്‍ വിസയടക്കം ഒട്ടുമിക്ക വിസകളും ഇ - വിസകളാണ്. അതിനാല്‍ തന്നെ മടക്ക ടിക്കറ്റ് കരുതുന്ന പക്ഷം വിസ മെസേജ് നിബന്ധന കര്‍ശനമാക്കി യാത്ര നിഷേധിക്കേണ്ട സാഹചര്യം ഇല്ലെങ്കില്‍ പോലും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു കനിവും ഉണ്ടാവാറില്ല.

മറ്റൊന്ന് വിസ കാലാവധി പരിശോധിക്കുന്നതിലെ പിശകാണ്. എല്ലാ വിസകളും ലഭ്യമായ തീയ്യതി മുതല്‍ രണ്ട് മാസ കാലാവധിക്കുള്ളില്‍ രാജ്യത്ത് പ്രവേശിച്ചിരിക്കണമെന്നാണ് നിബന്ധന. രാജ്യത്ത് പ്രവേശിച്ചിക്കേണ്ട അവസാന തീയ്യതി വിസയില്‍ രേഖപ്പെടുത്തിയിരിക്കും. എന്നാല്‍ പ്രവേശന തീയ്യതി മുതലാണ് താമസ കാലാവധി അഥവ വിസ കാലാവധി കണക്കാക്കുന്നത്. ഇത് മനസിലാക്കാതെ വിസ ലഭ്യമായ തീയ്യതി വെച്ച് വിസ കാലാവധി കണക്കാക്കി മടക്ക ടിക്കറ്റ് തീയ്യതി തിരുത്തണമെന്നാവശ്യപ്പെട്ടുള്ള പീഡനങ്ങളും മംഗലാപുരം വിമാനത്താവളത്തില്‍ പതിവാണ്.

എമിഗ്രേഷന്‍ ക്ലിയറന്‍സിന്റെ പേരിലും ഇവിടെ പീഡനങ്ങള്‍ പതിവാണ്. പാസ്‌പോര്‍ട്ടില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവര്‍ തൊഴില്‍ വിസയില്‍ യാത്ര ചെയ്യുന്നെങ്കില്‍ മാത്രമെ അത് നിര്‍ബന്ധമുള്ളൂ. വിസിറ്റ് വിസയിലോ ഫാമിലി വിസയിലോ യാത്ര ചെയ്യുമ്പോള്‍ ആവശ്യമില്ല. എന്നാല്‍ ക്ലിയറന്‍സ് നിര്‍ബന്ധമാണെന്ന പിടിവാശിയും യാത്രാ നിഷേധവും അനസ്യൂതം തുടരുകയും ചെയ്യുന്നു. ഗള്‍ഫില്‍ നിന്നെത്തുന്ന യാത്രക്കാരോടുള്ള മനോഭവവും വിഭിന്നമല്ല. മലയാളി യാത്രക്കാരെ മൊത്തത്തില്‍ സ്വര്‍ണക്കടത്തുകാരായി ചിത്രീകരിച്ച് ബാഗേജുകള്‍ പൊട്ടിച്ച് കാണിക്കാന്‍ ആവശ്യപ്പെടുകയും ചെറിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും വാച്ചുകള്‍ക്ക് പോലും കസ്റ്റംസ് തീരുവ അടക്കാന്‍ ആവശ്യപ്പെടുന്നതുമായ അനുഭവങ്ങള്‍ നിരവധിയുണ്ട്.

എത്രയേറെ ക്ലേശങ്ങള്‍ അനുഭവിച്ചാലും ഉത്തരമലബാറിലെ പ്രവാസികള്‍ക്ക് മംഗലാപുരത്തെ തന്നെ ആശ്രയിക്കുകയേ നിര്‍വാഹമുള്ളൂ. ടിക്കറ്റ് നിരക്ക് എത്രതന്നെ കൂടിയാലും നമ്മള്‍ സൗകര്യവും സമയ ലാഭവുമാണ് പരിഗണിക്കുന്നത്. ഇത് ചൂഷണം ചെയ്ത് മറ്റു എയര്‍പോര്‍ട്ടുകളെ അപേക്ഷിച്ച് ഗള്‍ഫില്‍ നിന്നും മംഗലാപുരത്തേക്കും തിരിച്ചും ടിക്കറ്റ് നിരക്കുകളും താരതമ്യേന കൂടുതലാണ്. കൂടാതെ എയര്‍പോര്‍ട്ട് അധികൃതരുടെ മാനസിക പീഡനങ്ങളും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ഭാരവാഹികളായ മഹ്മൂദ് കുളങ്ങരയും സലാം കന്യാപ്പാടിയും ദുബൈയിലെത്തിയ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരിഹാരം ആവശ്യപ്പെട്ടിരുന്നു. തുടര്‍നടപടികളെ കുറിച്ച് ആലോചിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കുകയും ചെയ്തു.

കാസര്‍കോട്‌വാര്‍ത്തയടക്കമുള്ള മാധ്യമങ്ങളുടെ നിരന്തര പരിശ്രമ ഫലമായാണ് വിമാനത്താവളത്തിനകത്തെ പല വാര്‍ത്തകളും പുറത്തുവരുന്നത് തന്നെ. അനീതിക്കും വിവേചനത്തിനുമെതിരെ തൂലിക കൊണ്ടുള്ള കാസര്‍കോട്‌വാര്‍ത്തയുടെ പോരാട്ടത്തിന് സര്‍വ ഭാവുകങ്ങളും നേരുന്നു.

(ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം സെക്രട്ടറിയും ദുബൈയിലെ ട്രാവല്‍ കണ്‍സള്‍ട്ടന്റും കൂടിയാണ് ലേഖകന്‍)

Related :
മംഗലാപുരം വിമാനത്താവളത്തില്‍ സംഭവിക്കുന്നതെന്ത്? മുനീര്‍ ചെര്‍ക്കളയ്ക്ക് പറയാനുള്ളത്
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മംഗലാപുരം വിമാനത്താവളത്തില്‍ സംഭവിക്കുന്നതെന്ത്? പി.ഡി നൂറുദ്ദീന് പറയാനുള്ളത്

മംഗലാപുരം വിമാനത്താവളത്തില്‍ മലബാറില്‍ നിന്നുള്ള യാത്രക്കാരെ, വിശിഷ്യാ കാസര്‍കോട്ടുകാരെ ദ്രോഹിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ പതിവാണെന്ന് ചില പ്രവാസി സുഹൃത്തുക്കളില്‍ നിന്നും മനസിലാക്കുന്നു. ആര്‍ക്കെങ്കിലും അത്തരം ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അക്കാര്യം കാസര്‍കോട്‌വാര്‍ത്തയെ ഫേസ്ബുക്ക് പേജിലെ മെസേജ് വഴിയോ ഇമെയില്‍ വഴിയോ ഫോണ്‍ വഴിയോ അറിയിക്കുക. അക്കാര്യങ്ങള്‍ ക്രോഡീകരിച്ച് ജനപ്രതിനിധികളുടെയും നേതാക്കളുടേയും ബന്ധപ്പെട്ട അധികാരികളുടേയും ശ്രദ്ധയില്‍പെടുത്താം. നിങ്ങളുടെ പേരും ഫോണ്‍നമ്പറും മറ്റും രഹസ്യമായിവെക്കും. എങ്കില്‍ ഉടന്‍ തന്നെ നമുക്ക് ഒരു ഇടപെടല്‍ നടത്താം...അനുഭവങ്ങള്‍ ഒക്ടോബര്‍ 10ന് മുമ്പ് ലഭിച്ചിരിക്കണം

news@kasaragodvartha.com
+91 9495059432 Mahin Kunnil
(Call Time: Between 6PM to 10PM IST Only)


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia