city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്റെ ജീവിതം എല്ലാവരും കൂടി കളഞ്ഞില്ലെ?...മരിക്കുന്നതിന് മുമ്പ് നവവധു ഷഫീദയുടെ ചാറ്റിംഗ്

ആദൂര്‍: (www.kasargodvartha.com 05.10.2014) എന്റെ ജീവിതം എല്ലാവരും കൂടി കളഞ്ഞില്ലെ?... എനിക്കിവിടെ ഒരു സുഖവുമില്ല... എപ്പോള്‍ നോക്കിയാലും ഇവിടെ കലമ്പും കൂട്ടവും... കഴിഞ്ഞ ദിവസം അമ്പലത്തറ പാറപ്പള്ളിയിലെ ഭര്‍തൃവീട്ടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആദൂര്‍ കാട്ടിപ്പാറയിലെ ഷഫീദ മരിക്കുന്നതിന് മുമ്പ് ഗള്‍ഫിലുള്ള അമ്മായിയുമായി വാട്‌സ് ആപ്പില്‍ നടത്തിയ ചാറ്റിംഗിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. സ്ത്രീധനത്തിന്റെ പേരില്‍ തനിക്ക് ഭര്‍തൃവീട്ടില്‍ ഭര്‍ത്താവില്‍ നിന്നും നിരന്തരം പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നതായയുള്ള കാര്യവും ഗള്‍ഫിലുള്ള അമ്മാവന്‍ ഷരീഫിന്റെ ഭാര്യയോട് ചാറ്റിംഗില്‍ ഷഫീദ പറഞ്ഞിരുന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് മാതാവിനെ വിളിച്ചും ഭര്‍ത്താവിന്റെ പീഡനത്തെക്കുറിച്ച് പറഞ്ഞിരുന്നു. വീട്ടുകാരെ വിഷമിപ്പിക്കേണ്ടെന്നു കരുതിയാണ് പല കാര്യങ്ങളും പുറത്തുപറയാതിരിക്കുന്നതെന്ന സൂചനയും ഷഫീദ നല്‍കിയിരുന്നു.

ബലിപെരുന്നാളിന് ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് വരുമ്പോള്‍ എല്ലാ പ്രശ്‌നവും പറഞ്ഞു തീര്‍ക്കാമെന്ന് ഷഫീദയെ മാതാവ് ഖൈറുന്നിസ സമാധാനിപ്പിക്കുകയായിരുന്നു ചെയ്തത്. മൂന്നു മാസം മുമ്പ് ജൂണ്‍ 18 നാണ് ഷഫീദയും അമ്പലത്തറ പാറപ്പള്ളിയിലെ ജാസിറും തമ്മിലുള്ള വിവാഹം നടന്നത്.

50 പവന്‍ സ്ത്രീധനം നല്‍കണമെന്നായിരുന്നു നിശ്ചയിച്ചത്. 40 പവന്‍ സ്വര്‍ണം വിവാഹ സമയത്ത് വീട്ടുകാര്‍ നല്‍കിയിരുന്നു. ബാക്കി 10 പവന്‍ ആവശ്യപ്പെട്ട് ഭര്‍ത്താവ് പീഡിപ്പിച്ചു വരികയായിരുന്നുവെന്നാണ് ഷഫീദയുടെ വീട്ടുകാര്‍ പറയുന്നത്. ഷഫീദയുടെ ഉമ്മൂമ്മയുടെ അനുജത്തിയുടെ മകനാണ് ജാസിര്‍. നേരത്തെ മലേഷ്യയിലായിരുന്ന ജാസിര്‍ പിതാവിന്റെ മരണശേഷമാണ് നാട്ടിലെത്തിയത്.

ആദ്യം ഈ വിവാഹത്തിന് ഷഫീദയുടെ വീട്ടുകാര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. പിന്നീട് കുടുംബക്കാരെല്ലാം പരസ്പരം സംസാരിച്ചാണ് ജാസിറിന് വിവാഹം ചെയ്ത് കൊടുത്തത്. 38 ദിവസം മുമ്പ് ഷഫീദ ഭര്‍ത്താവിനൊപ്പം ആദൂര്‍ കാട്ടിപ്പാറയിലെ വീട്ടിലേക്ക് വന്നിരുന്നു. പിന്നീട് പെരുന്നാളിന് വരാമെന്ന് പറഞ്ഞാണ് പോയത്. പെരുന്നാള്‍ ദിവസം എണ്ണിക്കഴിയുന്നതിനിടയിലാണ് മകളുടെ മരണ വിവരം വീട്ടുകാര്‍ക്ക് ലഭിച്ചത്.

ഭര്‍തൃമാതാവും ഉമ്മൂമയും തന്നോട് സ്‌നേഹത്തോടെയാണ് പെരുമാറാറുള്ളതെന്ന് മാതാവിനോടും മറ്റും ഷഫീദ പറഞ്ഞിരുന്നു. എന്നാല്‍ ഭര്‍ത്താവ് ആദ്യത്തെ ഒന്നു രണ്ടു മാസം മാത്രമാണ് സ്‌നേഹത്തോടെ പെരുമാറിയിരുന്നത്. പിന്നീട് കൂട്ടുകാരോടൊപ്പമെത്തി അവരുടെ മുന്നില്‍ വെച്ചു പോലും സ്ഥിരമായി വഴക്കു പറയുകയും മറ്റും ചെയ്തിരുന്നതായി സ്വന്തം വീട്ടുകാരെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങള്‍ സംസാരിക്കാന്‍ ഷഫീദയുടെ പിതാവ് ജാസിറിനെ ഫോണ്‍ വിളിച്ചാല്‍ പലപ്പോഴും അവഗണിക്കുകയാണ് ചെയ്തിരുന്നത്.

വെള്ളിയാഴ്ച രാവിലെ 8.18 നാണ് ഷഫീദയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ക്ക് ഫോണ്‍ കോള്‍ വന്നത്. ഷഫീദയുടെ ഫോണില്‍ നിന്ന് തന്നെയാണ് വിളിച്ചത്. മാതൃസഹോദരിയുടെ മകനാണ് ഇക്കാര്യം വിളിച്ചറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പിതാവ് ഹമീദും സഹോദരന്‍ സാഹിദും പാറപ്പള്ളിയിലേക്ക് തിരിച്ചു.

ഇതിനിടയില്‍ വഴിമധ്യേ ഭര്‍ത്താവിനെ വിളിച്ചപ്പോഴായിരുന്നു ഷഫീദയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ വിവരം അറിയിച്ചത്. ഷഫീദയുടെ വീട്ടുകാര്‍ എത്തുമ്പോഴേക്കും ഷഫീദയുടെ മൃതദേഹം പുറത്തെടുത്ത് കിടത്തിയിരുന്നു. സമീപത്ത് ഒരു ചെരുപ്പ് കണ്ടെത്തിയതും പിടിവലിയുടെ ലക്ഷണം കണ്ടതും സംശയങ്ങള്‍ക്കിടയാക്കിയെന്നും ഷഫീദയുടെ വീട്ടുകാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

അയല്‍വാസിയായ ഷംസു എന്നയാളുടെ വീടിന് പിറകിലുള്ള കിണറ്റിലാണ് മൃതദേഹം കാണപ്പെട്ടത്. പുലര്‍ച്ചെ ആറ് മണിക്ക് തന്നെ ഷഫീദയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഭര്‍തൃവീട്ടുകാര്‍ ആരംഭിച്ചിരുന്നു. തൊട്ടടുത്ത വീട്ടുകാര്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് പുലര്‍ച്ചയോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. ഷഫീദയ്ക്ക് തൊട്ടടുത്ത പറമ്പില്‍ കിണറുള്ള കാര്യം അറിയില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും റോഡിന് മറുവശത്തുള്ള ഷംസുദ്ദീന്റെ വീടിന് പിറകിലെ പറമ്പിലെ കിണറിലാണ് ഷഫീദയുടെ മൃതദേഹം കാണപ്പെട്ടത്.

ഷഫീദയുടെ മരണത്തില്‍ വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ദ പോസ്റ്റ് മോര്‍ട്ടം നടത്തി. ഹൊസ്ദുര്‍ഗ് ഡി.വൈ.എസ്.പി ഹരിചന്ദ്രനായിക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
എന്റെ ജീവിതം എല്ലാവരും കൂടി കളഞ്ഞില്ലെ?...മരിക്കുന്നതിന് മുമ്പ് നവവധു ഷഫീദയുടെ ചാറ്റിംഗ്
എന്റെ ജീവിതം എല്ലാവരും കൂടി കളഞ്ഞില്ലെ?...മരിക്കുന്നതിന് മുമ്പ് നവവധു ഷഫീദയുടെ ചാറ്റിംഗ്
ഷഫീദ ഭര്‍ത്താവ് ജാസിറിനൊപ്പം (വിവാഹ വേളയില്‍)

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia