city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുമ്പളയിലെ കൊല: പട്ടിണിയിലായ പോലീസുകാര്‍ക്ക് ഭക്ഷണം എത്തിച്ചത് മണല്‍ മാഫിയയും ക്രിമിനലുകളും

കുമ്പള: (www.kasargodvartha.com 29.10.2014) കുമ്പളയില്‍ സി.പി.എം. പ്രവര്‍ത്തകന്‍ പി. മുരളി കൊല്ലപ്പെട്ടതിനെതുടര്‍ന്ന് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട പോലീസുകാര്‍ പട്ടിണിയിലായപ്പോള്‍ ഭക്ഷണം എത്തിച്ചത് മണല്‍ മാഫിയയും ക്രിമിനലുകളുമാണെന്ന് പരാതി. കൊലനടന്ന ദിവസവും പിറ്റേന്ന് സി.പി.എം. പ്രഖ്യാപിച്ച ഹര്‍ത്താലിനോടനുബന്ധിച്ചും വിവിധ സ്ഥലങ്ങളില്‍ ഡ്യൂട്ടിക്കായി നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് മണല്‍ മാഫിയയില്‍ നിന്നും മറ്റും സഹായം ചോദിക്കേണ്ടി വന്നത്.

ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് സമയാസമയം ഭക്ഷണം എത്തിക്കാന്‍ ജില്ലാ പോലീസ് അധികാരികള്‍ക്കോ ഭരണകൂടത്തിനോ കഴിയാത്തതിനെതുടര്‍ന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ ഭക്ഷണത്തിനുവേണ്ടി മണല്‍മാഫിയകളേയും ക്രിമിനലുകളേയും ആശ്രയിച്ചത്. കൊലനടന്നതിനെ തുടര്‍ന്ന് കണ്ണൂരില്‍നിന്നും മറ്റും കൂടുതല്‍ പോലീസിനെ കുമ്പള, മഞ്ചേശ്വരം, കാസര്‍കോട് ഭാഗങ്ങളില്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നു. ഇവര്‍ക്കെല്ലാം ലോക്കല്‍ സ്‌റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരാണ് മേല്‍നോട്ടം വഹിച്ചത്.

കട്ടത്തടുക്കയിലും കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രത്തിന് സമീപവും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പച്ചവെള്ളംപോലും ലഭിച്ചിരുന്നില്ല. വിശന്നുവലഞ്ഞ പോലീസുകാരുടെ ദയനീയാവസ്ഥകണ്ട് മേല്‍നോട്ടചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥലരാണ് ഭക്ഷണം എത്തിക്കാന്‍ മറ്റുമാര്‍ഗമില്ലാതെ പരിചയമുള്ള മണല്‍മാഫിയ സംഘങ്ങളേയും ക്രിമിനലുകളേയും ബന്ധപ്പെട്ടത്.

ഇത്തരം അടിയന്തിര സാഹചര്യങ്ങളില്‍ ക്രിമിനലുകളെ മാത്രമേ സഹായത്തിന് കിട്ടുകയുള്ളവെന്ന് ബോധ്യപ്പെട്ടതോടെയാണ് ഇവരെ ബന്ധപ്പെടാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരായത്. കൊടിയമ്മ ജംഗ്ഷനിലെ ഒരു ഹോട്ടലില്‍നിന്നാണ് പോലിസുകാര്‍ക്ക് പാര്‍സലായി മുട്ടക്കറിയും പൊറോട്ടയും മറ്റു ഭക്ഷണ വിഭവങ്ങളും വാങ്ങികൊണ്ടുപോയത്. അടിയന്തിര സാഹചര്യങ്ങളില്‍ ഡ്യൂട്ടിക്കായി നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും ഭക്ഷണവും എത്തിക്കാനുള്ള യാതൊരു ഉത്തരവാദിത്വവും ജില്ലാ പോലീസ് അധികൃതരോ ഭരണകൂടമോ കാണിക്കുന്നില്ലെന്ന് കുമ്പളയിലെ ചില സാമൂഹ്യപ്രവര്‍ത്തകര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ഭക്ഷണം വാങ്ങിക്കഴിച്ച പോലീസ് ഉദ്യോഗസ്ഥരേയും ഇവര്‍ ഇതിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നില്ല. മഴയത്തും വെയിലത്തും ഡ്യൂട്ടിയില്‍ വ്യാപൃതരാവുന്ന പോലീസ് ഉദ്യോഗസ്ഥരും മനുഷ്യരാണെന്നകാര്യം അധികൃതര്‍ ഓര്‍ക്കണം, അവര്‍ പരിതപിക്കുന്നു. പ്രാഥമിക കൃത്യവും മറ്റും നിര്‍വ്വഹിക്കാന്‍ യാതൊരു മാര്‍ഗവും പോലീസുകാര്‍ക്കുണ്ടായിരുന്നില്ല.

നാട്ടുകാരുടെ സഹായവും കാരുണ്യവുംകൊണ്ടാണ് പലപ്പോഴും ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ കഴിയുന്നത്. ഡ്യൂട്ടിയിലുള്ള സ്ഥലങ്ങള്‍ ഒറ്റപ്പെട്ടതാണെങ്കില്‍ പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥിതി കഷ്ടത്തിലാകും. സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ നാട്ടുകാര്‍ പുറത്തിറങ്ങാതിരുന്നാലും പോലീസുകാര്‍ക്ക് ആശ്വാസം ലഭിക്കില്ല.

പോലീസുകാരുടെ ദുരവസ്ഥകണ്ട് ജില്ലാ പോലീസ് അധികാരികളേയും മറ്റും വിളിച്ച സാമൂഹ്യപ്രവര്‍ത്തകര്‍ മണല്‍ മാഫികളേയും മറ്റും ഒഴിവാക്കി പോലീസിനുതന്നെ എല്ലാ സൗകര്യവും ഒരുക്കിക്കൊടുത്തുകൂടെയെന്ന് ചോദിച്ചപ്പോള്‍ നിസഹായവസ്ഥ വെളിപ്പെടുത്തുന്ന മറുപടിയാണ് ലഭിച്ചത്. പല പോലീസ് ഉദ്യോഗസ്ഥര്‍ക്കും ദിവസങ്ങളോളം ജോലിയില്‍ മുഴുകേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്.

വിശ്രമമില്ലാതെ ജോലിചെയ്യുന്നത് പോലീസുകാരുടെ ആത്മവീര്യം തകര്‍ക്കുകയും മനോബലം കെടുത്തുകയുമാണ് ചെയ്യുന്നത്. എട്ട് മണിക്കൂര്‍ ഡ്യൂട്ടിക്ക്പകരം 48 മണിക്കൂര്‍ ഡ്യൂട്ടിചെയ്തിട്ടും അധികൃതര്‍ പ്രസാദിക്കുന്നില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ കാര്യം ഇടയ്‌ക്കെങ്കിലും ഉന്നത ഉദ്യോഗസ്ഥര്‍ ആലോചിക്കണമെന്നും സാമൂഹ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
കുമ്പളയിലെ കൊല: പട്ടിണിയിലായ പോലീസുകാര്‍ക്ക് ഭക്ഷണം എത്തിച്ചത് മണല്‍ മാഫിയയും ക്രിമിനലുകളും

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia