city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ 'ബോംബ്' വെച്ചതാര് ?

കാസര്‍കോട്: (www.kasargodvartha.com 29.09.2014) കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ ബോംബു വെച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചതോടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായിരിക്കുമെന്ന അഭ്യൂഹം ശക്തമായി. പോലീസിനെ വഴിതിരിച്ചുവിട്ട് കള്ളക്കടത്തും മറ്റും നടത്തുന്നവര്‍ ഇത്തരം നാടകങ്ങള്‍ മുമ്പും നടത്തിയിട്ടുണ്ട്. ഇതുതന്നെയായിരിക്കാം കാസര്‍കോട്ടെ നുണബോംബിന് പിന്നിലെന്നും പോലീസിനും ഒപ്പം നാട്ടുകാര്‍ക്കും സംശയമുണ്ട്.

പോലീസ് നടത്തിയ അന്വേഷണത്തില്‍ കാസര്‍കോട്ട് നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന ഏതാനും യുവാക്കളാണ് തൊക്കോട്ട് വെച്ച് കണ്‍ട്രോള്‍ റൂമിലേക്ക് ബോംബ് വെച്ചതായുള്ള വ്യാജ സന്ദേശം മുഴക്കിയതെന്ന് സൂചനയുണ്ട്. പോലീസും സൈബര്‍സെല്ലും നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ട്രെയിന്‍ യാത്രക്കാരെയും പോലീസിനെയും നാട്ടുകാരെയും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നുണ ബോംബ് പൊട്ടിച്ചത് ആരാണെന്നുള്ള സൂചന മാത്രമേ പോലീസിന് ലഭിച്ചിട്ടുള്ളൂ.

ബോംബ്, പൊട്ടാത്ത നുണ ബോംബാണെങ്കിലും അതുണ്ടാക്കിയ ഭീതിയുടെ പൊട്ടിത്തെറികള്‍ ഇനിയും നിലച്ചിട്ടില്ല. ഞായറാഴ്ച വൈകിട്ടാണ് ബോംബു സന്ദേശം വന്നത്. അപ്പോള്‍ തന്നെ പോലീസ് സര്‍വ സന്നാഹങ്ങളുമായി റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും മറ്റും തിരച്ചില്‍ നടത്തിയെങ്കിലും ബോംബിന്റെ പൊടി പോലും കണ്ടെടുക്കാന്‍ കഴിഞ്ഞില്ല.

കാസര്‍കോട്ടെ പ്രത്യേക സാഹചര്യത്തില്‍ ഏതു സന്ദേശവും അന്വേഷിക്കാതെ, നിസാരമായി അവഗണിക്കാന്‍ പോലീസിനു കഴിയില്ല. അതു ബോംബു സന്ദേശമാകുമ്പോള്‍ പ്രത്യേകിച്ചും. ഞായറാഴ്ചകളില്‍ കാസര്‍കോട്ട് കരുതിക്കൂട്ടി കുഴപ്പമുണ്ടാക്കാനുള്ള ഒരു ശ്രമം നേരത്തേ തന്നെയുണ്ട്. അതിന്റെ പുതിയ രൂപമാണോ ബോംബു ഭീഷണിയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ഫോണ്‍ സൗകര്യവും ഫേസ് ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകളുടെ ഉപയോഗവും പ്രചാരവും വ്യാപകമായതും വ്യാജസന്ദേശങ്ങള്‍ വര്‍ധിക്കുന്നതിലെ ഒരു ഘടകമാകാം. അതേ സമയം ആളുകള്‍ക്കിടയിലെ കലാപ വാസനയും കുറ്റവാസനയും സാമൂഹ്യ വിരുദ്ധ പ്രവണതകളും വര്‍ഗീയ ചേരിതിരിവുകളും തലപൊക്കുന്നതിന്റെ പ്രകടമായ ഉദാഹരണമായും ഇത്തരം സംഭവങ്ങളെ കാണാവുന്നതാണ്.

മൈസൂരില്‍ ദസറയോടനുബന്ധിച്ച് 30 കേന്ദ്രങ്ങളില്‍ ബോംബു സ്‌ഫോടനത്തിനു ഒരു മത തീവ്രവാദ സംഘടന പദ്ധതിയിട്ടെന്ന വാട്‌സ് ആപ്പ് സന്ദേശം പ്രചരിപ്പിച്ച ഒരു യുവാവിനെ കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ നിലവിലുള്ള സാമൂഹ്യ വ്യവസ്ഥകളില്‍ ദുഃഖിതനായാണ് താന്‍ ഇത്തരം സന്ദേശം പ്രചരിപ്പിച്ചതെന്നായിരുന്നു മറുപടി.

കേടായ ടാബ് കൈവശമുണ്ടായതിന്റെ പേരില്‍ മംഗലാപുരം വിമാനത്താവളത്തില്‍ ഉപ്പള സ്വദേശിയെ ചോദ്യം ചെയ്ത സംഭവം സ്‌ഫോടക വസ്തുക്കളുമായി പിടിയിലായെന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെട്ട സംഭവം അരങ്ങേറിയതും അടുത്തിടെയാണ്.

ചെറിയൊരു സംഭവത്തിനു വളരെ വേഗം വര്‍ഗീയ നിറം കലരുന്നതും അത് ചേരിതിരിവിനും കുഴപ്പങ്ങള്‍ക്കും വഴിവെക്കുന്നതും പുത്തരിയല്ലാത്ത കാസര്‍കോട്ട് ഇപ്പോള്‍ ബോംബു കൊണ്ട് കളിക്കുന്നത് ആരാണെന്നത് ഗൗരവമായ ചോദ്യമായി മാറുന്നു. ഏതെങ്കിലും ദുരുദ്ദേശം വെച്ച്
 ചിലര്‍ ആസൂത്രിതമായി സംവിധാനം ചെയ്യുന്ന നാടകമാണോ ഇതെന്ന സംശയവും ഇവിടെ ഉയരാവുന്നതാണ്. ഈ ദിശയിലേക്കു കൂടി പോലീസ് അന്വേഷണം നീങ്ങേണ്ടതുണ്ട്.

മുംബൈയുമായുള്ള അടുപ്പവും മംഗലാപുരവുമായുള്ള സാമീപ്യവും കാസര്‍കോടിന്റെ പ്രത്യേക സാമൂഹ്യ സാഹചര്യവും പലപ്പോഴും സ്‌ഫോടനാത്മകമായ സ്ഥിതിഗതികള്‍ ഉണ്ടാക്കുന്നുണ്ട്. അതിനു എണ്ണ പകരുന്ന തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ എവിടെ നിന്നു വന്നതാണെങ്കിലും അതിനു പിന്നിലുള്ളവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടു വരിക തന്നെ വേണം. ഒരു ഫോണ്‍ വിളി കൊണ്ട് നമ്മുടെ സ്വസ്ഥത തകരുന്ന നിലയിലേക്ക് കാര്യങ്ങള്‍ പിടിവിട്ടു പോകുന്ന സാഹചര്യം ഉണ്ടാകുകയുമരുത്.

(Updated)


കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ 'ബോംബ്' വെച്ചതാര് ?

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  kasaragod, Railway station, Police, Fake document, Investigation, Bomb threat, Who is behind bomb threat?

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia