city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പി. കരുണാകരന്‍ ഹസ്തദാനത്തിനായി കൈനീട്ടുമ്പോള്‍ തിരിച്ചുനീട്ടുന്നത് നിരവധി കൈകള്‍

കാസര്‍കോട്: (www.kasargodvartha.com 04.04.2014) പി. കരുണാകരന്‍ ഹസ്തദാനത്തിനായി കൈനീട്ടുമ്പോള്‍ തിരിച്ചുനീട്ടുന്നത് നിരവധി കൈകള്‍. പര്യടന കേന്ദ്രത്തിലെത്തി കാറില്‍ നിന്നിറങ്ങുമ്പോള്‍തന്നെ മുദ്രാവാക്യം വിളികളുമായി ആബാലവൃദ്ധം ജനങ്ങള്‍ ഓടിയെത്തുന്നു. എല്ലാവര്‍ക്കും കരുണാകരേട്ടന്റെ കരം ഗ്രഹിക്കണം. കുട്ടികളും സ്ത്രീകളും തിക്കിത്തിരക്കുന്നു.

സ്വീകരണത്തിനെത്തിയവര്‍ക്കും വഴിവക്കിലുള്ളവര്‍ക്കും കടകളിലുള്ളവര്‍ക്കും എല്ലാം സ്‌നേഹോഷ്മളതയുടെ കരുതലായി കരുണാകരേട്ടന്റെ ഹസ്തദാനം. ഒരു പതിറ്റാണ്ടായി കാസര്‍കോട് മണ്ഡലത്തിലെ ജനങ്ങളുടെ സന്തോഷത്തിലും സങ്കടത്തിലും കൈത്താങ്ങായുള്ള ആ കൈക്കരുത്തിനെ അവര്‍ക്ക് അത്രമേല്‍ വിശ്വാസമാണ്. രാഷ്ട്രീയ ഭേദമന്യേ സര്‍വര്‍ക്കും സ്വീകാര്യനായ പി. കരുണാകരന്റെ ജനസമ്മതി വിളംബരം ചെയ്യുന്നതായിരുന്നു യുഡിഎഫ്, തങ്ങള്‍ കൂടുതല്‍ ഭൂരിപക്ഷം നേടുമെന്ന് വീമ്പടിക്കുന്ന കാസര്‍കോട് അസംബ്ലി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥനാര്‍ഥിക്ക് ലഭിച്ച രണ്ടാംഘട്ട പര്യടനത്തിലെ സ്വീകരണം.

പി. കരുണാകരന്‍ ഹസ്തദാനത്തിനായി കൈനീട്ടുമ്പോള്‍ തിരിച്ചുനീട്ടുന്നത് നിരവധി കൈകള്‍
കാടകം മുണ്ടോള്‍ ശ്രീ മഹാവിഷ്ണു ദുര്‍ഗാ പരമേശ്വരി ശാസ്താ ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠാ അഷ്ടബന്ധ ബ്രഹ്മകലശോത്സവം നടക്കുന്നതിനാല്‍ നാട്ടിലെ വിശ്വാസികളേറെയും രാവിലെതന്നെ ഇവിടെയായിരുന്നു. രാവിലെ ഒമ്പതരയോടെ ക്ഷേത്രത്തിലെത്തിയ പി. കരുണാകരനെ ട്രസ്റ്റ് ചെയര്‍മാന്‍ രഘുറാം ബല്ലാളിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍ സ്വീകരിച്ചു. എല്ലാവര്‍ക്കും സ്ഥാനാര്‍ഥിയുടെ എളിമയോടുള്ള ഹസ്തദാനം. ഒടുവില്‍ ക്ഷേത്ര ഓഫീസിലേക്ക് ആനയിച്ച പി. കരുണാകരനെ ഭാരവാഹികള്‍ ഷാളിട്ട് ആദരിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പഞ്ചായത്തായ ബെള്ളൂരിലെ കൊളത്തിലപ്പാറയില്‍ കൂറ്റന്‍ ആല്‍മരത്തണലിലായിരുന്നു സ്വീകരണം. പി. കരുണാകരന്‍ ചെയ്തുതന്ന സഹായത്തെ വാഴ്ത്തുകയാണ് പഞ്ചായത്ത് പ്രസിഡന്റായ എ.കെ. കുശല. നബാര്‍ഡ് പദ്ധതിയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് 12 കോടി രൂപയാണ് പഞ്ചായത്തിന് അനുവദിച്ചത്. പിഎംജിഎസ്‌വൈ റോഡുകള്‍ക്ക് എട്ടുകോടി വേറെയും അനുവദിച്ചു. കാലങ്ങളായി യുഡിഎഫ് കോട്ടയായിരുന്ന ബെള്ളൂര്‍ പഞ്ചായത്ത് കഴിഞ്ഞ തവണയാണ് എല്‍ഡിഎഫ് കൈയടക്കിയത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഇവിടെ ചെങ്കൊടി ഉയരെ പാറുമെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു സ്ഥാനാര്‍ഥിക്ക് ലഭിച്ച സ്വീകരണം.
പി. കരുണാകരന്‍ ഹസ്തദാനത്തിനായി കൈനീട്ടുമ്പോള്‍ തിരിച്ചുനീട്ടുന്നത് നിരവധി കൈകള്‍
പി. കരുണാകരന്‍ ഇടപെട്ട് നടപ്പാക്കിയ ബെളിഞ്ച- മൂക്കൂര്‍ പാതയിലൂടെ കാറഡുക്ക പഞ്ചായത്തിലെ പൂത്തപ്പാലത്തേക്ക്. ലീഗ് കോട്ടയായിരുന്ന പൂത്തപ്പാലത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് സ്വീകരിക്കാന്‍ ഒറ്റയാളുണ്ടായിരുന്നില്ല. നാടിന്റെ കാലങ്ങളായുള്ള റോഡെന്ന ആവശ്യത്തിനുനേരെ യുഡിഎഫ് മുഖംതിരിച്ചപ്പോള്‍ നാട്ടുകാര്‍ അന്നത്തെ എംഎല്‍എ കെ.വി. കുഞ്ഞിരാമനെ സമീപിച്ചു. അദ്ദേഹം ഇടപെട്ട് എല്‍ഡിഎഫ് സര്‍ക്കാരില്‍നിന്ന് പ്ലാന്റേഷന്‍ ഭൂമിയിലൂടെ റോഡുണ്ടാക്കാന്‍ അനുമതി വാങ്ങിക്കൊടുത്തു. ആദ്യഘട്ട റോഡിന് ഫണ്ടും നല്‍കി. ഇതോടെ നാട്ടുകാര്‍ മാറി ചിന്തിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പുത്തപ്പാലം ഉള്‍പ്പെടുന്ന ആറാംവാര്‍ഡില്‍ എല്‍ഡിഎഫ് പ്രതിനിധി വിജയിച്ചു. പി കരുണാകരനെ സ്വീകരിക്കാന്‍ അദ്ദേഹത്തിന്റെ പോസ്റ്ററുകള്‍ പ്രദേശത്താകെ നിറഞ്ഞിരിക്കുന്നു. വെയില്‍ ഉച്ചസ്ഥായിലായിട്ടും സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ നിരവധി ചെറുപ്പക്കാര്‍. മുക്കൂറിലും മുനിയൂറിലും എംപിയുടെ ഗുണഗണങ്ങളെക്കുറിച്ച് വിവരിക്കേണ്ടതില്ല. വികസനത്തിന്റെ നേര്‍സാക്ഷ്യങ്ങളായി പത്തുലക്ഷത്തിന്റെ മൂക്കൂര്‍ പാലവും രണ്ട് കോടിയുടെ അഗല്‍പാടി- ജയനഗര്‍ റോഡും നാട്ടുകാരുടെ മുന്നിലുണ്ട്.

ഭക്ഷണം കഴിച്ച് ബദിയടുക്ക ടൗണിലെത്തിയപ്പോള്‍ കരുണാകരേട്ടനെ പ്രകടനമായി സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിക്കണമെന്ന് യുവാക്കള്‍ക്ക് ആഗ്രഹം. നടന്നും ഇരുചക്ര വാഹനങ്ങളിലുമായുള്ള നൂറിലധികം യുവാക്കള്‍ക്ക് മുന്നില്‍ ടൗണിലൂടെ നടന്നു നീങ്ങിയ സ്ഥാനാര്‍ഥി എല്ലാവരെയും അഭിവാദ്യം ചെയ്തു. യുഡിഎഫ് കേന്ദ്രത്തില്‍ പടക്കം പൊട്ടിച്ചാണ് യുവാക്കള്‍ തങ്ങളുടെ ശക്തിപ്രകടനം ആഘോഷിച്ചത്. നെല്ലിക്കട്ടയിലേക്ക് പോകുമ്പോള്‍ ചര്‍ലടുക്കയില്‍ റോഡിനരികില്‍ മുദ്രാവാക്യം വിളിയുമായി അമ്പതിലധികം ചെറുപ്പക്കാര്‍.

വാഹനം നിര്‍ത്തിയ സ്ഥാനാര്‍ഥി ഇറങ്ങിയപ്പോള്‍ എല്ലാവരുടെയും ഹരാര്‍പണം. യുവാക്കള്‍ക്കൊപ്പം വോട്ടഭ്യര്‍ഥിച്ച് ചായക്കടക്ക് മുമ്പിലെത്തിയപ്പോള്‍ അപ്രതീക്ഷിതമായി കാറില്‍നിന്ന് ഒരതിഥി ഇറങ്ങുന്നു; സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്‍. പെര്‍ളയിലെ പൊതുയോഗത്തിന് പോകവെ പി. കരുണാകരനെ കണ്ട് ഇറങ്ങിയതാണ്. ആവേശത്തോടെ അഭിവാദ്യവുമായി യുവാക്കള്‍ ഓടിയെത്തി ഹാരാര്‍പണം നടത്തി. തുടര്‍ന്ന് ഓലപ്പന്തലിട്ട കടയില്‍നിന്ന് ചായ കുടിച്ച് എല്ലാവരും പിരിഞ്ഞു.
പി. കരുണാകരന്‍ ഹസ്തദാനത്തിനായി കൈനീട്ടുമ്പോള്‍ തിരിച്ചുനീട്ടുന്നത് നിരവധി കൈകള്‍

നെല്ലിക്കട്ടയില്‍ കോണ്‍ഗ്രസ്, മുസ്ലിംലീഗ് പാര്‍ടികളില്‍നിന്ന് രാജിവച്ച് സിപിഎമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച നിരവധിപ്പേര്‍ സ്ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തി. ഇവരെയെല്ലാം പി. കരുണാകരന്‍ ഹാരാര്‍പണം ചെയ്ത് സ്വീകരിച്ചു. എടനീരിലും കൈലാര്‍ നഗറിലും മറ്റും സ്ത്രീകളടക്കം വന്‍ജനാവലിയാണ് സ്വീകരിക്കാനെത്തിയത്. കാസര്‍കോട് അസംബ്ലി മണ്ഡലത്തിലെ 28 കേന്ദ്രത്തിലെ സ്വീകരണത്തിന് ശേഷം ബേവിഞ്ചയില്‍ പര്യടനം പൂര്‍ത്തിയാക്കുമ്പോള്‍ രാത്രിയായി. ജനദ്രോഹവും അഴിമതിയും വര്‍ഗീയതയും മുഖമുദ്രയാക്കിയ യുഡിഎഫിനും ബിജെപിക്കും ജനമനസ്സില്‍ സ്ഥാനമില്ലെന്ന്  പ്രഖ്യാപിക്കുന്നതായിരുന്നു സ്വീകരണ കേന്ദ്രങ്ങളിലെ ജനമുന്നേറ്റം.

വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് നേതാക്കളായ പി. രാഘവന്‍, വി. നാരായണന്‍, വി.കെ. രാജന്‍, ടി.കെ. രാജന്‍, എം. സുമതി, സിജി മാത്യു, പി.പി. ശ്യാമളാദേവി, കെ. രവീന്ദ്രന്‍, കെ. ശങ്കരന്‍, പി. കുഞ്ഞിക്കണ്ണന്‍, എന്‍. അനന്തന്‍ നമ്പ്യാര്‍, സുകുമാരന്‍, സുരേഷ് ബാബു, രാധാകൃഷ്ണന്‍ പെരുമ്പള, ഹൈദര്‍ കുളങ്കര, സഫര്‍, ഹനീഫ് കടപ്പുറം, സുരേഷ് പുതിയേടത്ത്, ബഷീര്‍, എം. കൃഷ്ണന്‍, രാമചന്ദ്രന്‍ നായര്‍ പെരിയ എന്നിവര്‍ സംസാരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  LDF Candidate, CPM, CPI, P. Karunakaran MP, Election, Lok Sabha Election, Vote.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia