city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രകൃതി സ്‌നേഹത്തിന്റെ കഥാകാരി

കൂക്കാനം റഹ് മാന്‍

മുഴക്കമുളള വാക്കുകള്‍ ഒഴുക്കോടെ പ്രയോഗിക്കാന്‍ കഴിയുന്ന എഴുത്തുകാരിയാണ് സൗമ്യ മുഴക്കോം. ഇക്കഴിഞ്ഞ ലോകസാക്ഷരതാദിനവുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തില്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പ്രബന്ധ രചനാ മത്സരത്തില്‍ ഒന്നാംസ്ഥാനത്തിനര്‍ഹയായി സമ്മാനം വാങ്ങിക്കുന്ന ചടങ്ങില്‍ വെച്ചാണ് സൗമ്യയെ പരിചയപ്പെട്ടത്.

സൗമ്യ രചിച്ച 'ചിറകറ്റ റോബിന്‍' വായിച്ചിട്ടുണ്ട്. നെഹ്‌റു കോളജിലെ സാഹിത്യ വേദിയാണ് പുസ്തക പ്രസാധനം നിര്‍വഹിച്ചത്. നേരില്‍ കണ്ടപ്പോള്‍ പ്രസ്തുത നോവലിനെക്കുറിച്ച് ചില കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. നോവലിലെ പ്രധാന കഥാപാത്രം കൃഷ്ണന്‍കുട്ടി മാഷ് ആരായിരുന്നു എന്നാണെനിക്കറിയേണ്ടിയിരുന്നത്. എടാട്ടുളള ജനാര്‍ദനന്‍ മാഷായിരുന്നു നോവലെഴുതുമ്പോള്‍ മനസു നിറയെ എന്നാണ് സൗമ്യ പറഞ്ഞത്. ആ നിമിഷം ജനാര്‍ദനന്‍ മാഷെ ഞാന്‍ ഒന്നോര്‍ത്തു പോയി.

ഹൈസ്‌കൂള്‍ പഠനകാലത്ത് ബാലജനസഖ്യവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചതും അദ്ദേഹത്തിന്റെ കത്ത് പ്രകാരം വളപട്ടണത്തുളള ഒരു സ്‌കൂളില്‍ സംഘടിപ്പിച്ച ജില്ലാതല പ്രവര്‍ത്തക സംഗമത്തില്‍ പങ്കെടുത്തതും, ജനാര്‍ദനന്‍ മാഷ് നിര്‍ബന്ധിച്ച് പ്രസംഗിപ്പിച്ചതും ഓര്‍മയിലേക്ക് ഓടിയെത്തി. അതായിരുന്നു എന്റെ ആദ്യ പൊതു പ്രസംഗം. അന്നത്തെ വിറയല്‍ ഇന്നും മനസിലുണ്ട്. അന്നേ ജനാര്‍ദനന്‍ മാഷിന്റെ ഒരു ആരാധകനായിരുന്നു ഞാന്‍.

അദ്ദേഹമാണ് കുട്ടികൃഷ്ണന്‍ മാഷെന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. തികഞ്ഞ പ്രകൃതി സ്‌നേഹിയും മനുഷ്യസ്‌നേഹിയുമായിരുന്നു ഗാന്ധിയനായ ജനാര്‍ദ്ദനന്‍ മാഷ്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് പകര്‍ത്തിയെടുത്ത ഒരേടാണ് ഈ നോവല്‍. കുന്നുകളും, കാവുകളും, കണ്ടല്‍ കാടുകളും, പുഴകളും, സംരക്ഷിക്കാനും ജനങ്ങളെ ബോധവല്‍ക്കരിക്കാനും ഇറങ്ങിയ ഈ അധ്യാപകനെ വളരെ തന്മയത്വത്തോടെയാണ് സൗമ്യ അവതരിപ്പിക്കുന്നത്. പരിസ്ഥിതിക്ക് വിനാശകരമായ ദ്രോഹം ചെയ്യുന്ന വ്യക്തികളോട് കടുത്ത പ്രതിഷേധം, കുറിക്കുകൊളളുന്ന വാക്ക് പ്രയോഗങ്ങളിലൂടെ നോവലില്‍ വിമര്‍ശന വിധേയമാക്കുന്നുണ്ട്.

കുന്നിടിക്കാന്‍ വന്ന ജെ.സി.ബി.യെന്ന മാരക യന്ത്രത്തെ തടഞ്ഞു നിര്‍ത്തി കൃഷ്ണന്‍കുട്ടി മാഷ് ചെയ്യുന്ന പ്രസംഗത്തിലെ ഒരു വാക്യം നോക്കൂ. ഈ 'ഭീകരയന്ത്രത്തിന്റെ കൂറ്റന്‍ കൈകള്‍ ഭൂമിയിലുണ്ടാക്കുന്ന മുറിപ്പാടുകള്‍ ഓരോന്നും നമ്മെ ബാധിക്കും.'പൂര്‍വികള്‍ പുലര്‍ത്തിയ പരിസ്ഥിതി ജാഗ്രതയുടെ നൂറിലൊരംശം പോലും വര്‍ത്തമാനകാലത്തെ ജന സമൂഹത്തിനില്ലാതെ പോയല്ലോ എന്ന വേദന 'ചിറകറ്റ റോബിന്‍' നമ്മെ ഓര്‍മപ്പെടുത്തുന്നു.

പരിസ്ഥിതി സ്‌നേഹത്തിന്റെ പര്യായമായിത്തീര്‍ന്ന കൃഷ്ണന്‍കുട്ടി മാഷ് ചെയ്യുന്ന ഒരു മാതൃകാപരമായ സല്‍പ്രവര്‍ത്തിനോക്കൂ..... വീട്ടില്‍ വരുന്നവര്‍ക്കെല്ലാം നെല്ലികക്കതൈകള്‍ സമ്മാനിക്കുന്നു. വിത്തുകളും കുഞ്ഞു തൈകളും കൊണ്ടാണ് കൃഷ്ണന്‍കുട്ടി മാഷ് എന്നും സഞ്ചരിക്കുക. സമയം കിട്ടുമ്പോഴൊക്കെ അദ്ദേഹം മരങ്ങള്‍ വെച്ച് പരിപാലിക്കുന്നു.

നോവലിനെ മനോഹരമാക്കിത്തീര്‍ക്കുന്നത് അതിന്റെ പ്രതിപാദന രീതിയാണ്. കൃഷ്ണന്‍കുട്ടി മാഷ് പറയുന്നത് നോക്കൂ. 'ഇന്ന് എന്റെ പേരമരത്തിന് 13 വയസ്. അവള്‍ പൂത്ത് തളിര്‍ത്ത് എനിക്ക് തണലേകുകയാണ്. സ്വന്തം കുഞ്ഞിനെ പരിപാലിക്കുന്നത് പോലെ മരങ്ങളെ പരിപാലിക്കുന്നു. മക്കളോടെന്ന പോലെ മരങ്ങളോട് സംസാരിക്കുന്നു. നമ്മുടെ പരിസ്ഥിതി ബോധവും വരും തലമുറയെ മറന്നു കൊണ്ടുളള പ്രകൃതി ചൂഷണവും വളരെ ഹൃദ്യമായി പറഞ്ഞ് ജനബോധത്തെ വളര്‍ത്താന്‍ സൗമ്യയുടെ ഈ ശ്രമത്തിന് സാധിക്കുമെന്നുളളതില്‍ സംശയമില്ല.

പ്രകൃതി സ്‌നേഹത്തിന്റെ കഥാകാരിപരിസ്ഥിതി വിവേകത്തിന്റെ തെളിച്ചത്താല്‍ സൗമ്യയുടെ 'ചിറക്കറ്റ റോബിനി'ലെ ഓരോ വാക്കും കാലത്തിന്റെ കണ്ണാടിയെന്ന പോലെ സമൂഹമനസാക്ഷി ഉണര്‍ത്താന്‍ പര്യാപ്തമാണ്. ഇപ്പോള്‍ കണ്ണൂര്‍ യൂണി വേഴ്‌സിറ്റി ക്യമ്പസിലെ എണ്‍വയോണ്‍മെന്റ് സ്റ്റഡീസ് പി.ജി. വിദ്യാര്‍ത്ഥിനിയാണ് സൗമ്യ. എഴുത്തുകാരായ വി.ആര്‍. സുധീഷ്, അംബികാസുതന്‍ മാങ്ങാട്, കെ.ഇ.എന്‍., കെ.പി.രാമനുണ്ണി എന്നിവര്‍ സൗമ്യയിലെ എഴുത്തുകാരിയെ സ്വാധീനിച്ചിട്ടുണ്ട്.

യു.പി ക്ലാസ് തുടങ്ങി കഥയെഴുത്തുണ്ട് 'ഒരു ബാലന്റെ കഥ' യില്‍ തുടങ്ങി ഇന്ന് നിരവധി ചെറുകഥകളുടെ കര്‍ത്താവാണ് സൗമ്യ. മാതൃഭൂമി ആഴ്ചപ്പതിപ്പ്, തൃശൂര്‍ അങ്കണം സാംസ്‌ക്കാരിക വേദി പുറത്തിറക്കിയ അങ്കണം കഥകള്‍ എന്നിവയില്‍ കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മില്‍മയില്‍ ജോലിചെയ്യുന്ന സി.വി.ഗോവിന്ദന്‍, വീട്ടമ്മയായ പി.പി. ശ്യാമള എന്നിവരാണ് മാതാപിതാക്കള്‍. പോളിടെക്ക്‌നിക്ക് വിദ്യാര്‍ത്ഥിയായ നിഥിന്‍ലാല്‍ സഹോദരനാണ്. മെഡിക്കല്‍ റപ്പായ വിജേഷാണ് ഭര്‍ത്താവ്.

ഇന്നത്തെ പെണ്‍കുട്ടികളോട് സൗമ്യക്ക് ചില കാര്യങ്ങള്‍ നിര്‍ദേശിക്കാനുണ്ട്. കാലം വളരെ വേഗത്തില്‍ നീങ്ങുന്നു. അതിനനുസരിച്ച് നമ്മളും നീങ്ങേണ്ടി വരും. സ്വന്തം കാലില്‍ നില്‍ക്കാനുളള കെല്‍പ് നേടണം. സമൂഹത്തില്‍ നടക്കുന്ന മാറ്റങ്ങള്‍ അറിയണം. ഇന്നത്തെ സമൂഹത്തിന്റെ പെണ്‍കാഴ്ചപ്പാട് മാറണം. നിയമം കര്‍ക്കശമാക്കണം.

ഒരധ്യാപിക ആവണമെന്ന ലക്ഷ്യമാണ് ബി.എസ്.സി., ബി.എഡ് കാരിയായ സൗമ്യയുടെ ആഗ്രഹം. മറ്റ് ജോലിക്കില്ലാത്ത സന്തോഷം അധ്യാപക ജോലിയില്‍ നിന്ന് കിട്ടുമെന്നാണ് സൗമ്യയുടെ പക്ഷം. കുട്ടികളുമായി ഇടപഴകുന്നത് മനസിന് സന്തോഷമുണ്ടാക്കുമെന്നും സൗമ്യ കൂട്ടിച്ചേര്‍ത്തു. സാഹിത്യ മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ സൗമ്യക്ക് ലഭിച്ചിട്ടുണ്ട്.

പ്രകൃതി സ്‌നേഹത്തിന്റെ കഥാകാരി
Kookanam-Rahman
(Writer)
വയനാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഏര്‍പെടുത്തിയ പോക്കര്‍ മാസ്റ്റര്‍ ചെറുകഥാ പുരസ്‌ക്കാരം, പു.ക.സ യുടെ ജില്ലാതല ചെറുകഥാമത്സരത്തില്‍ ഒന്നാംസ്ഥാനം, മഹിളാ അസോസിയേഷന്‍ ജില്ലാതല ചെറുകഥാ മത്സരത്തില്‍ ഒന്നാം സ്ഥാനം, നന്മയുടെ സംസ്ഥാന തല ചെറുകഥാ മത്സരത്തില്‍ രണ്ടാംസ്ഥാനം എന്നിവ ലഭിച്ചിട്ടുണ്ട്.

വളര്‍ന്നു വരുന്ന ഈ കഥാകാരിയില്‍ നിന്നും ഇനിയും നമുക്ക് ഒട്ടേറെ കഥകളും, നോവലുകളും പ്രതീക്ഷിക്കാം. കഥയായാലും, നോവലായാലും ലക്ഷ്യബോധമുളള ഒരു എഴുത്തുകാരിയേയാണ് സൗമ്യയിലൂടെ നമുക്ക് കാണാന്‍ കഴിയുന്നത്. സര്‍ഗ വാസനയുളള ഈ കഥാകാരിയെ കേരള സമൂഹം ഉറ്റുനോക്കുകയാണ്. എഴുത്തിലൂടെ നന്മയുടെ നറുമണം തുകുന്നത് ശ്രദ്ധിച്ചു കൊണ്ട്.


Also Read: 
മലബാര്‍ മുസ്ലിങ്ങളും ഇടതുപക്ഷവും; സെമിനാറില്‍ കണ്ടതും കേട്ടതും

Keywords : Kookanam-Rahman, Article, Kasaragod, Saumya Muzhakkom, School, Student, Story, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia