ഓര്‍ക്കണം... ട്രെയിന്‍ യാത്രക്കാര്‍ക്കുമുണ്ട് അവകാശങ്ങള്‍
Aug 31, 2013, 06:53 IST
ടി.കെ. പ്രഭാകരന്‍
ഇന്ത്യന്‍ റെയില്‍വെയുടെ വളര്‍ച്ചക്കും വികസനത്തിനും ഉതകുന്ന സാമ്പത്തിക വരുമാനത്തിന്റെ അടിസ്ഥാന സ്രോതസ് എന്താണ്? ഒട്ടും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കാനാകും അത് തീവണ്ടിയാത്രക്കാരില്‍ നിന്നും റെയില്‍വേക്ക് കിട്ടുന്ന വരുമാനം തന്നെയാണെന്ന്. രാജ്യത്ത് തീവണ്ടികളുടെ എണ്ണം പെരുകുന്നതിനനുസരിച്ച് തീവണ്ടികളില്‍ യാത്ര ചെയ്യുന്നവരിലും ഗണ്യമായ വര്‍ദ്ധനവാണുള്ളതെന്ന കാര്യത്തില്‍ സംശയമില്ല.
ബസ് യാത്രയേക്കാള്‍ സാമ്പത്തികലാഭവും സമയലാഭവും മെച്ചപ്പെട്ട യാത്രാ സൗകര്യവുമുണ്ടെന്നതിനാല്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് തീവണ്ടിയാത്രയെ ആശ്രയിക്കുന്നവരാണ് ഇന്ന് ഭൂരിഭാഗം ജനങ്ങളും. അങ്ങനെ റെയില്‍വെ രംഗത്തെ ചാലക ശക്തികളായി മാറിക്കൊണ്ടിരിക്കുന്ന തീവണ്ടിയാത്രക്കാരുടെ ആവശ്യങ്ങളും അവകാശങ്ങളും എത്രമാത്രം അധികാരികള്‍ സംരക്ഷിക്കുന്നുണ്ട് എന്നതിനെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ കിട്ടുന്ന ഉത്തരം വളരെ വ്യക്തമാണ്. തീവണ്ടിയാത്രക്കാരുടെ ഒരവകാശവും സംരക്ഷിക്കാനും റെയില്‍വെ അധികാരികള്‍ താല്‍പര്യം കാണിക്കുന്നില്ലെന്നതാണ് വസ്തുത. മാത്രമല്ല അവരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന പ്രവണതകള്‍ തുടരുകയും ചെയ്യുന്നു.
ഇന്നും ആളുകളുടെ തീവണ്ടി യാത്ര തികഞ്ഞ അരക്ഷിതാവസ്ഥയില്‍ തന്നെയാണ്. തീവണ്ടിയാത്രക്കാരുടെ ബാഗുകളും ലഗേജുകളും കൊള്ളയടിക്കുന്ന സംഭവങ്ങള്‍ സര്‍വ്വസാധാരണമായി തന്നെ തുടരുകയാണ്. യാത്രാസുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ റെയില്‍വെ അധികൃതരുടെ ഭാഗത്തുനിന്നുമുള്ള വീഴ്ചകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇതിനു പുറമെ തീവണ്ടിയാത്രക്കിടയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും പതിവാണ്.
ഷൊര്‍ണ്ണൂരില്‍ നിന്നും വണ്ടികയറിയ സൗമ്യ എന്ന പെണ്‍കുട്ടിയെ ക്രിമിനലും മോഷ്ടാവുമായ ഗോവിന്ദച്ചാമി എന്ന മനുഷ്യാധമന്‍ ക്രൂരമായി ബലാത്സംഗം ചെയ്യുകയും തീവണ്ടിയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ ഇന്നും നമ്മളെ വിട്ടുമാറിയിട്ടില്ല.
കേരളത്തില്‍ ഇതിന് ശേഷവും ട്രെയിന്‍ യാത്രക്കിടെ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്ന അനുഭവങ്ങളുണ്ടായി. സഹയാത്രക്കാരായ പുരുഷന്മാര്‍ മാത്രമല്ല ചില ടി.ടി.ഇമാര്‍ പോലും ലൈംഗികാതിക്രമക്കേസുകളില്‍ പ്രതികളാകുന്ന സ്ഥിതിയുണ്ടായി. തീവണ്ടികളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ റെയില്‍വെ പോലീസിന്റെയും ആര്‍.പി.എഫിന്റെയും സേവനം പ്രയോജനപ്പെടുത്തുമെന്ന അധികൃതരുടെ പ്രഖ്യാപനമുണ്ടായെങ്കിലും ഒന്നും ഫലപ്രദമായില്ലെന്നു മാത്രം. സ്ത്രീയാത്രക്കാരുടെ സംരക്ഷണത്തിന് കമ്പാര്‍ട്ടുമെന്റുകളി ല്‍ വനിതാ പോലീസിനെ നിയോഗിക്കുമെന്ന പ്രഖ്യാപനത്തിനും പ്രായോഗിക രൂപമുണ്ടായില്ല.
മരുസാഗര്‍ എക്‌സ്പ്രസിലെ യാത്രക്കാര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായ സംഭവം യാത്രക്കാരോട് റെയില്‍വെ കാണിക്കുന്ന കടുത്ത അവഗണനയുടെയും അനീതിയുടെയും മറ്റൊരു ഉദാഹരണമാണ്. 2013 ആഗസ്ത് 17ന് രാത്രിയാണ് കാസര്‍കോട്ടും കണ്ണൂരും വെച്ച് യാത്രാമദ്ധ്യേ ഭക്ഷ്യവിഷബാധയേറ്റത്. പാന്‍ട്രിയില്‍ നിന്ന് വിതരണം ചെയ്ത പച്ചക്കറി ബിരിയാണി, മുട്ടബിരിയാണി എന്നിവയില്‍ നിന്നാണ് വിഷബാധയുണ്ടായത്. ദീര്‍ഘദൂരത്തേക്കും ഹ്രസ്വദൂരത്തേക്കുമൊക്കെ തീവണ്ടികളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഏതെങ്കിലും സ്റ്റേഷനിലിറങ്ങി ഹോട്ടലില്‍ നിന്നോ കാന്റീനില്‍ നിന്നോ ഭക്ഷണം കഴിക്കാനുള്ള സമയവും സാവകാശവും ലഭിച്ചെന്ന് വരില്ല. ഈ സാഹചര്യത്തില്‍ ട്രെയിനുകളില്‍ വില്‍ക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിച്ച് വിശപ്പടക്കാനേ അവര്‍ക്ക് നിര്‍വ്വാഹമുള്ളൂ. ഈ ഭക്ഷ്യവസ്തുക്കള്‍ ശുദ്ധവും ഗുണനിലവാരമുള്ളതും വിഷമുക്തവുമാണെന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്വം റെയില്‍വെ അധികാരികള്‍ക്കുണ്ട്.
എന്നാല്‍ കാലങ്ങളായി അങ്ങനെയൊരു സമ്പ്രദായം റെയില്‍വേയിലില്ല. റെയില്‍വെയുടെ ഫുഡ് ഇന്‍സ്‌പെക്ടര്‍മാരാണ് ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കേണ്ടത്. എന്നാല്‍ തങ്ങളുടെ കടമ നിര്‍വ്വഹിക്കാതെ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ശമ്പളവും വാങ്ങി ഗിനിപ്പന്നികളെപ്പോലെ തടിച്ചുകൊഴുക്കുകയാണ് ഈ ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍. മരുസാഗര്‍ എക്‌സ്പ്രസിലെ ഭക്ഷണവിതരണം ഏറ്റെടുത്തിരുന്നത് ഉത്തരേന്ത്യന്‍ ഏജന്‍സിയാണ്. ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഉള്‍പ്പെടെയുള്ള യാതൊരു യാത്രാരേഖകളും ഇവര്‍ പാന്‍ട്രിയില്‍ സൂക്ഷിച്ചിരുന്നില്ലെന്നാണ് ആര്‍.പി.എഫിന്റെ പരിശോധനയില്‍ തെളിഞ്ഞത്.
ട്രെയിനിലെ ടോയ്‌ലറ്റിനോട് ചേര്‍ന്ന് തീര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ചിരുന്നതത്രെ. തീവണ്ടി യാത്രക്കാരെ വെറും നായ്ക്കളെപ്പോലെയാണ് അധികാരികള്‍ കാണുന്നതെന്നതിന് ഇതില്‍പ്പരം മറ്റെന്ത് തെളിവാണ് വേണ്ടത്? ഈ കാലത്ത് വളര്‍ത്തുനായ്ക്കള്‍ക്കു പോലും അവരുടെ യജമാനന്മാര്‍ വൃത്തിയുള്ള ഭക്ഷണമാണ് നല്‍കുന്നത്. ആ പരിഗണന പോലും ഇവിടത്തെ റെയില്‍വെ യജമാനന്മാര്‍ പാവപ്പെട്ട യാത്രക്കാര്‍ക്ക് പണംകൊടുത്തിട്ടും നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നില്ല.
കച്ചവടത്തിന് കൊണ്ടുപോകുന്ന കന്നുകാലികളെപ്പോലെ എന്തെങ്കിലും തീറ്റകൊടുത്ത് യാത്രക്കാരുടെ വിശപ്പടക്കിയാല്‍ മതിയെന്നായിരിക്കും റെയി ല്‍വെ അധികൃതര്‍ കരുതുന്നത്. രാജസ്ഥാനിലെ അജ്മീറില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന മരുസാഗര്‍ എക്‌സ്പ്രസിലെ ഭക്ഷണത്തിന്റെ ചുമതലയേറ്റെടുത്ത ജയ്പൂരിലെ സ്ഥാപനം ഇത്രയും കാലം അനധികൃതമായാണ് പ്രവര്‍ത്തിച്ചതെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.
TK Prabhakaran (Writer) |
മലയാളികളായതിനാല്‍ എന്തും കഴിച്ചോളുമെന്ന് പാന്‍ട്രികാറിലുള്ളവര്‍ നടത്തിയ പ്രതികരണത്തില്‍ നിന്നുതന്നെ ഇക്കാര്യത്തിലുള്ള ഉത്തരവാദിത്വബോധം പ്രകടമാണ്. തീവണ്ടികളില്‍ വിതരണം ചെയ്യുന്നതിനുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തയ്യാറാക്കുന്ന മുംബൈയിലെയും പന്‍വേലിലെയും സ്ഥലങ്ങള്‍ അങ്ങേയറ്റം വൃത്തിഹീനമാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. എല്ലാ ദീര്‍ഘദൂര വണ്ടികളിലും അന്നന്നത്തെ ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് ഉറപ്പാക്കുമെന്ന റെയില്‍വെ അധികാരികളുടെ പ്രഖ്യാപനം പാഴ്‌വാക്കായി മാറിയിരിക്കുകയാണ്. തീവണ്ടികളില്‍ വിതരണം ചെയ്യുന്ന പാനീയങ്ങള്‍ക്ക് പോലും ഗുണനിലവാരമുണ്ടെന്ന് പറയാനാകില്ല.
Part 2: