city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖാസി ടി.കെ.എം.ബാവ മുസ്ലിയാര്‍: അസ്തമിച്ചത് പണ്ഡിത സൂര്യന്‍

കാസര്‍കോട്: ഖാസി ടി.കെ. എം ബാവ മുസ്ലിയാരുടെ വിയോഗത്തോടെ നാടിന് നഷ്ടപ്പെട്ടത് ഇസ്ലാമിക വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യമുള്ള തേജസിനെ. കാസര്‍കോട്ട് ദീര്‍ഘമായ 29 വര്‍ഷമാണ് അദ്ദേഹം ഖാസിയായി സേവനമനുഷ്ഠിച്ചത്. മാലിക് ദീനാര്‍ ജുമാമസ്ജിദിന്റെ ചരിത്രം നന്നായി അറിയാവുന്ന അപൂര്‍വം പണ്ഡിതന്‍മാരില്‍ ഒരാളായിരുന്നു ഖാസി.

മാലിക് ദീനാര്‍ ജുമാമസ്ജിദിന് കീഴിലുള്ള അനാഥാലയത്തിന്റെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നടത്തിപ്പിലും വളര്‍ച്ചയിലും മുഖ്യപങ്ക് വഹിച്ചു. ഖാസി പദവിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയതോടനുബന്ധിച്ച് അദ്ദേഹത്തെ മൂന്നു വര്‍ഷം മുമ്പ് മാലിക്ദീനാര്‍ ഉറൂസിന്റെ പ്രൗഢമായ ചടങ്ങില്‍ ആദരിച്ചിരുന്നു.

പള്ളിയില്‍ എത്തുന്ന ആളുകളോടും തളങ്കര ഖാസി ഹൗസിലെ സന്ദര്‍ശകരോടും സ്‌നേഹത്തോടെ പെരുമാറുകയും അവരുടെ പ്രയാസങ്ങള്‍ ആരായുകയും അവയ്ക്ക് പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുമായിരുന്ന ഖാസി സര്‍വാദരണീനായനായിരുന്നു. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ ആ വ്യക്തിയെ ഒരിക്കലും അദ്ദേഹം മറക്കുമായിരുന്നില്ല. ലളിതമായ ജീവിതം നയിച്ചിരുന്ന ഖാസി പ്രവര്‍ത്തികളിലും സംസാരത്തിലും അതീവ സൂക്ഷ്മതയും ഇസ്ലാമിക ചര്യകളില്‍ കാര്‍ക്കശ്യവും പുലര്‍ത്തി. ചരിത്ര പസിദ്ധമായ മാലിക്ദീനാര്‍ ഉറൂസിന്റെ വിജയകരമായ നടത്തിപ്പിലും നിയന്തണത്തിലും ഖാസി വഹിച്ചിരുന്ന പങ്ക് നിസ്തുലമാണ്. കാസര്‍കോട് ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും ഇസ്ലാമിക ചടങ്ങുകളിലെയും സ്ഥാപനങ്ങളുടെ സംഘാടന സമിതികളിലെയും നിറസാന്നിധ്യമായിരുന്നു അദ്ദേഹം.  ദീര്‍ഘ കാലമായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് സ്ഥാനം അലങ്കരിച്ചു വരികയായിരുന്നു.

കാസര്‍കോട് ജില്ലാ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി, പ്രസിഡന്റ്, മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ട്രഷറര്‍, സമസ്ത ഫത്‌വാ കമ്മിറ്റി അംഗം, എന്നീ നിലകളിലും സ്തുത്യര്‍ഹമായ പ്രവര്‍ത്തനമായിരുന്നു ടി.കെ.എം.ബാവ മുസ്ലിയാര്‍ നിര്‍വഹിച്ചിരുന്നത്. ഈയടുത്തായി കുമ്പള, മഞ്ചേശ്വരം സംയുക്ത ജമാഅത്ത് ഖാസി പട്ടവും ബാവ മുസ്ലിയാരെ തേടിയെത്തിയിരുന്നു. ഇ.കെ. ഹസന്‍ മുസ്ലിയാരുടെ നിര്യാണത്തെ തുടര്‍ന്ന് 1983 മെയ് 19നാണ് ടി.കെ.എം ബാവ മുസ്്‌ലിയാര്‍ കാസര്‍കോട് സംയുക്ത ഖാസിയായി ചുമതലയേറ്റത്.

മുഅല്ലിം ക്ഷേമ നിധി സംസ്ഥാന ഉപദേഷ്ടാവ്, വെളിമുക്ക് പള്ളിയാല്‍ മഹല്ല് പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച ബാവമുസ്‌ലിയാര്‍ കൊണ്ടോട്ടിയിലെ 40 മഹല്ലുകളുടെ ഖാസി, ഫറോക് പുറ്റെക്കാട് മഹല്ല് ഖാസി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. 1976 ജൂലൈ 31ന് സമസ്ത കേന്ദ്ര മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ബാവമുസ്‌ലിയാര്‍ 1989 ഫെബ്രുവരി 21നാണ് വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രസിഡണ്ടാകുന്നത്. മദ്രസാ പ്രസ്ഥാനത്തെ രാജ്യവ്യാപകമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. പഠനരീതിയിലും പരീക്ഷാസമ്പ്രദായത്തിലും കാലോചിതമായ പരിഷ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ഖാസിയുടെ വിയോഗം നാടിനെ അതീവ ദുഃഖത്തിലാഴ്ത്തി. മരണ വിവരം അറിഞ്ഞതുമുതല്‍ വിശ്വാസികള്‍ അദ്ദേഹത്തിന്റെ പരലോക പ്രാപ്തിക്കുവേണ്ടി പ്രാര്‍ത്ഥനകള്‍ നടത്തിവരികയാണ്. കാസര്‍കോട്ട്‌നിന്നും നിരവധിപേര്‍ വെളിമുക്കിലേക്ക് തിരിച്ചിട്ടുണ്ട്. കാസര്‍കോട്ട് സംയുക്തജമാഅത്ത് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, സെക്രട്ടറി ടി.ഇ.അബ്ദുല്ല എന്നിവര്‍ ഖാസിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു. ഖബറടക്കം തിങ്കളാഴ്ച രാവിലെ വെളിമുക്കില്‍ നടക്കും.
ഖാസി ടി.കെ.എം.ബാവ മുസ്ലിയാര്‍: അസ്തമിച്ചത് പണ്ഡിത സൂര്യന്‍


Related News:  ഖാസി ടി.കെ.എം ബാവ മുസ്ലിയാര്‍ അന്തരിച്ചു

Keywords: Kasaragod, T.KM Bava Musliyar, Obituary, Quazi, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia