city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലൈംഗികത: പെണ്ണിന്റെ മേനിയിലോ, പുരുഷന്റെ കണ്ണിലോ?

പ്രതിഭാരാജന്‍

രു ആണ്‍കുട്ടി ജനിക്കുമ്പോള്‍ മുതല്‍ അഞ്ച് വയസ് വരെ അവന്‍  അമ്മയുടെ ഇരു മുലകളും കണ്ട് വളരുന്നു.  അമ്മയുടെ മാത്രമല്ല ആരുടെ മാറിടം കണ്ടാലും അവന് ഒരു തോന്നലേ ഉണ്ടാവു.  പാല് ലഭിക്കണം. പിന്നീട് അമ്മ തന്നെ അത് അവനില്‍ നിന്ന് മറച്ചു വെക്കുന്നു.  പൊതുസമൂഹത്തില്‍ നിന്നും ഒളിപ്പിക്കപ്പെടുന്നു.  അവിടം  തൊട്ട് അവന്‍ ഒരു പുതിയ പാഠം പഠിക്കുന്നു.  അതിലൊക്കെ എന്തോ  അരുതാത്തതുണ്ട് എന്ന പാഠം.  മാറിടം ഒരു മനുഷ്യ അവയവം എന്നതില്‍ കവിഞ്ഞ് എന്ത് അരുതാത്തതാണ് അവിടെയുള്ളതെന്ന് നമുക്ക് ചിന്തിക്കാന്‍ പോലും വയ്യാത്തത്രയും നഗ്നതയില്‍ ഭ്രമിച്ചിരിക്കുകയാണ് നാം.

അഞ്ചു വയസു കഴിഞ്ഞാല്‍ അമ്മക്ക് മക്കളില്‍ പോലും ഈ ചിന്ത പിടികൂടുന്നു. ആണ്‍കുട്ടി പെണ്‍കുട്ടിയെ തൊടുമ്പോഴും ഇത് തന്നെ സംഭവിക്കുന്നു.  ഇതിനൊക്കെ  സമൂഹത്തിന്റെ നേരിട്ടുള്ള വിലക്കുകളുണ്ട്.  അവര്‍ ശാരീരിക വ്യത്യാസത്തിന്റെ പേരില്‍ വേര്‍തിരിക്കപ്പെടുന്നു. കൗമാരം കഴിയുന്നതോടെ വേര്‍തിരിവുകളുടെ അളവ് കൂടുന്നു.

സ്ത്രീ എന്നാല്‍ അതൊരു ലൈംഗിക ഉപഭോഗവസ്തു ആണെന്നു തിരിച്ചറിയുന്നതോടു കൂടി അവര്‍ തമ്മിലുള്ള അകലം വര്‍ധിക്കുകയും, ആകര്‍ഷണം കൂടുകയും ചെയ്യുന്നു.  ഒടുവില്‍ അത് നീതിരഹിതമായ ഒളിഞ്ഞും പാത്തും നോക്കി സംതൃപ്തനാവുന്ന അവസ്ഥയിലെത്തിചേരുന്നു.  നാം തന്നെ സൃഷ്ടിക്കപ്പെട്ട നിയമത്തിന്റെയും കീഴ് വഴക്കങ്ങളുടെയും ഫലമാണ് നമ്മുടെ സംസ്‌കൃതിയെ ഇവിടം വരെ കൊണ്ട് വന്ന് എത്തിച്ചത്.

 ലിംഗസമത്വത്തിന് വേണ്ടി സംസാരിക്കുമ്പോള്‍ അവശ്യം നിര്‍ദേശിക്കപ്പെടേണ്ട ചിലതുണ്ട്. ഒരു പുത്തന്‍ സ്ത്രീ-പൂരുഷസംസ്‌കാരം സംജാതമാക്കണം.  സ്ത്രീശരീരത്തില്‍ ഉണ്ടെന്ന് ആരോപിക്കുന്ന നഗ്നത പരമാവധി ഒഴിവാക്കി രണ്ട് ലിംഗവും മനുഷ്യജീവനില്‍ പ്രകൃത്യാ ഉള്ളതാണെന്നുള്ള ചിന്ത വളര്‍ത്തുക. ആണ്‍- പെണ്‍കുട്ടികളുമായുള്ള സാമൂഹ്യ ഇടപെടലുകള്‍ വര്‍ധിപ്പിക്കുക, ലൈംഗിക വിദ്യാഭ്യാസം ചെറുപ്പത്തില്‍ തന്നെ നല്‍കുക.

മിക്ക വിദേശ രാഷ്ട്രങ്ങളിലും ഇത് നല്ല അളവില്‍ പ്രാവര്‍ത്തികമായിട്ടുണ്ട്.  അറേബ്യന്‍ നാട്ടിലെ മുല്ലപ്പൂ വിപ്ലവം അതിനുദാഹരണമാണ്. ഒരു പതിനാറുകാരി പെണ്‍കുട്ടി തന്റെ ആട്ടിന്‍ പറ്റവുമായി കടന്നു പോകുമ്പോള്‍ ഒരു രാത്രി കഴിഞ്ഞിട്ടു പോലും കുറുക്കന്മാരില്‍ നിന്നും ആട്ടിന്‍ പറ്റങ്ങള്‍ക്ക് അപകടമുണ്ടാകുന്നതൊഴിച്ച് ആ കുട്ടിക്ക് ഒന്നും സംഭവിക്കാത്ത കാലം വരുന്നതെപ്പോഴാണോ അന്ന് അവിടെ മുസ്ലിം രാജ്യം സ്ഥാപിക്കപ്പെട്ടു എന്ന് കണക്കാക്കാമെന്ന് മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്.

 ഒന്നോര്‍ക്കുക, ഒളിച്ച് വെച്ചതിലേക്കാണ് ഒളിഞ്ഞ് നോക്കുക.  പരസ്യത്തിന്റെ വഴിയില്‍ രഹസ്യത്തിനെന്ത് കാര്യം.  അറബി പെണ്‍കുട്ടികള്‍ സമൂഹ നീതി ഭയന്ന് അവരുടെ മുടിപോലും ഭദ്രമാക്കപ്പെടുക വഴിയില്‍ പുരുഷന്മാര്‍ പെണ്ണിന്റെ മുടി കാണുമ്പോള്‍ വരെ ലൈംഗിക ഉത്തേജകരാവുന്നു. നിയമം കൂടുതല്‍ സങ്കീര്‍ണമാക്കി നഗ്നതാ നിയന്ത്രണമേര്‍പെടുത്താന്‍ ഒരിക്കലും കഴിയില്ല. വ്യവസ്ഥിതികളും സ്ത്രികള്‍ക്ക് സദാചാരത്തിന്റെ അപകടകരമായ അടിമത്വത്തില്‍ നിന്നുള്ള മോചനവുമാണ് വേണ്ടത്. ഗള്‍ഫ് രാജ്യങ്ങളിലെ തല വെട്ടലും, കണ്ണു ചൂഴ്‌ന്നെടുക്കലും, ഇന്ത്യയിലെ തൂക്കുകയറിനു വേണ്ടിയുള്ള മുറവിളിയും കൊണ്ടൊന്നും ഇതില്ലായ്മ ചെയ്യാനാകില്ല ബലാല്‍സംഗങ്ങള്‍. അതിനു വേണ്ടത്, ഒളിച്ചു വെക്കപ്പെടുന്ന നഗ്നത സ്ത്രീ പുരുഷവ്യത്യാസമില്ലാതെ സമത്വമുളവാക്കുക മാത്രമാണ്.

ഒരു തലമുറ മുമ്പ് വരെ നമ്മുടെ പുഴയിലും കുളങ്ങളിലും ആണ്‍- പെണ്‍, യുവ, വൃദ്ധ വിത്യാസമില്ലാതെ കുളിച്ചും അലക്കിയും ഇരുന്നത് ഒരു സ്വാഭാവിക കാഴ്ചമാത്രം.  ഇന്ന് ആ കാഴ്ച എവിടെയെങ്കിലും കാണാനൊക്കുമോ.  നാം എങ്ങോട്ടാണ് സഞ്ചരിക്കുന്നത് എന്നതിന്റെ എളിയ ഉദാഹരണമാണിത്.  പരസ്യമായി കുളിക്കുന്ന പെണ്ണിനെ ശ്രദ്ധിക്കാറില്ലാത്ത കാലം മാറിക്കഴിഞ്ഞു. പണ്ടു കാലങ്ങളില്‍ ദീര്‍ഘനേര ലൈംഗിക കേളിയിലൂടെയും, ചേഷ്ടകളിലൂടെയും മാത്രം മറ നീക്കി പുറത്തു വരാറുള്ള രതി സുഖം കേവലം കുളിമുറിയില്‍ ഒളിഞ്ഞ് നോക്കിയും ഒളിക്യാമറവെച്ചും നഗ്നത കണ്ടുമിരിക്കുമ്പോള്‍ തന്നെ സുഖ ത്യപ്തി അഥവാ ഉത്തേജനം കൈവരിക്കുന്ന ഇടത്തിലേക്ക് നമ്മുടെ പുരുഷ്വത്വം ചുരുങ്ങി. സുഖമനുഭവിക്കാനുള്ള സഹന ശേഷി നഷ്ട്ടപ്പെട്ട് നഖം താഴ്ത്തിയും പീഡിപ്പിക്കപ്പെട്ടും, കൊന്നും, ലൈംഗിക സുഖം മോന്തുന്ന അവസ്ഥയിയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു പൗരുഷം. വീണ്ടും ചോദിക്കുകയാണ് നാം എങ്ങോട്ടു സഞ്ചരിക്കുന്നു.

ഒന്നു പറയാതെ വയ്യ. പൗരുഷം കടുത്ത ലൈംഗിക പട്ടിണിയിലാണ്. രതി നിര്‍വേദവും ഷക്കീല പടത്തിനുള്ള തള്ളലും ഒളിച്ചുവെച്ചിരുന്നവ തുറന്ന് കാണാനുള്ള അത്യാഗ്രഹത്തിന്റെ സൃഷ്ടിയാണ്.  സ്ത്രീ ശരീര സൗന്ദര്യ മല്‍സരം വ്യപാരവല്‍ക്കരിക്കപ്പെടുന്നതിനുള്ള കാരണവും ഇത് തന്നെ.

പാന്റും ഷര്‍ട്ടും മാത്രമല്ല പുരുഷനോടൊപ്പവും പുരഷനെപോലെയും സമത്വത്തോടും സ്വതന്ത്രമായും ഏത് പാതിരാവിലും ഒറ്റയ്ക്ക് നടന്ന് നീങ്ങാന്‍  ഒരു സ്ത്രീക്ക് സാധിക്കുന്ന സാമൂഹ്യ സാഹചര്യമുണ്ടാകണം. അത്യാവശ്യം വേണ്ടി വന്നാല്‍  സാമാന്യം ഗോപ്യമായ അവസ്ഥയില്‍ പുരുഷനെപോലെ സ്ത്രീക്കും മൂത്രമൊഴിക്കാന്‍ സാധിക്കണം. അതാരെങ്കിലും കണ്ടാല്‍ത്തന്നെയും ഒരു ലോകമഹാസംഭവമൊന്നുമല്ലെന്നുള്ള സാമൂഹ്യ അന്തരീക്ഷം സമൂഹത്തിലുണ്ടാവണം.  കഴിഞ്ഞ പെരുന്നാളിന് കാസര്‍കോട്ടെ ഒരു ടെക്‌സ്റ്റൈല്‍സ്  കടയില്‍ തുണിയെടുക്കാന്‍ വന്ന സ്ത്രീ ഗത്യന്തരമില്ലാതെ ഡ്രസ്സിങ്ങ് മുറിയില്‍ പ്ലാസ്റ്റിക്ക് കൂടില്‍ മൂത്രമൊഴിച്ച് അവിടെ ഉപേക്ഷിച്ചത് ഓര്‍ക്കുന്നില്ലെ? മൂത്രമൊഴിക്കുക എന്ന സാമാന്യ ആവശ്യത്തേപ്പോലും ഇവിടെ അടിമപ്പെടുത്തിയതിനാലാണത്. കാറ്റും വെളിച്ചവും കടക്കുന്ന വസ്ത്രം ധരിച്ച് പുരുഷനെപോലെ അവര്‍ക്കും പുറം ജോലിക്ക് പോവാന്‍ സാധ്യമാവണം.

 നിരവധി അലിഖിത നിയമങ്ങള്‍ സ്ത്രീയെ ഇന്നും വേട്ടയാടുന്നു. അതിന് യുഗങ്ങളുടെ പഴക്കമുണ്ട്.  സ്വര്‍ഗലോകത്ത് വെച്ച് ബ്രഹ്മാവിനെ പ്രീതിപ്പെടുത്താന്‍ നടത്തിയ യാഗത്തില്‍ ഇക്ഷ്വാകു വംശത്തില്‍പ്പെട്ട മഹാബിഷ എന്ന രാജാവ് ഭൂമിയില്‍ നിന്നും ചെന്നിരുന്നതായി മഹാഭാരതകഥയുണ്ട്.  യാഗസ്ഥലത്ത് പട്ട് ചേലയുടുത്ത് ഗംഗാദേവിയുമുണ്ടായിരുന്നു.  പെട്ടന്ന് വന്ന കാറ്റില്‍ ഗംഗയുടെ ശരീരത്തില്‍ നിന്ന് ചേല നീങ്ങി . ബിഷ രാജാവ് ഗംഗയുടെ മാറിടം നോക്കി ആസ്വാദിച്ചത് കണ്ട് കോപിഷ്ടനായ ബ്രഹ്മാവ് ശപിച്ചതിന്റെ പേരിലാണ് ഗംഗ ഭൂമിയില്‍ വന്ന് പതിച്ചതെന്ന കഥയില്‍ നഗ്നതയുടെയും ലൈംഗികതയുടെയും സമന്വയം ഉണ്ട്.

 ഗംഗയുടെ പുത്രന്‍ ഭീഷ്മരുടെ പിന്‍തലമുറയിലെ യുധിഷ്ഠിരന്റെ കാലത്ത് പഞ്ചപാണ്ഡവന്മാരെ അപമാനിക്കാന്‍ ചേല വലിച്ചൂരിയത് പാഞ്ചാലിയുടേതായിരുന്നു.  അന്ന് യുധിഷ്ഠിരരുടെ വസ്ത്രത്തെ പിടിച്ചു വലിക്കാന്‍ ആരും മുമ്പോട്ടു വന്നിരുന്നില്ല .  സ്ത്രീയെ നഗ്നതയുടെ അടിമത്വത്തില്‍ പ്രതിഷ്ഠിക്കപ്പെടുന്നതിന് ഇങ്ങനെ എത്രയോ ഉദാഹരണങ്ങള്‍.  സ്ത്രീ ഉടുക്കുന്ന വസ്ത്രം സമൂഹത്തിന്റെ സംസ്‌കാരത്തിന്റെ അടയാളമാകുമ്പോള്‍ പുരുഷന്‍ ബിവറേജിന്റെ മുന്നില്‍ ഉടുതുണിയില്ലാതെ മലര്‍ന്ന് കിടന്നാല്‍ ആര്‍ക്കും ഒരു ചേതവൂമില്ല.

ലൈംഗികത: പെണ്ണിന്റെ മേനിയിലോ, പുരുഷന്റെ കണ്ണിലോ?ഒന്നോര്‍ക്കുക വസ്ത്രങ്ങള്‍ക്കുള്ളില്‍ എല്ലാ മനുഷ്യര്‍ക്കും നഗ്നത സ്വാഭാവികമാണ്.  അതിനെ ചൂഴ്ന്ന് നോക്കണ്ട കാര്യമില്ല.  അതിന് ഇല്ലാത്ത മാന്യത നല്‍കിയത് കച്ചവട വ്യവസ്ഥിതികളാണ്. നഗ്നതയില്‍ ലൈംഗികത കാണുന്ന പൊതു സമൂഹം നാട്ടിലെ ദാമ്പത്യജീവിതത്തിന് വരെ ഭീഷണിയായി മാറിയിരിക്കുകയാണ്.  മധുവിധു കഴിഞ്ഞാല്‍  യുവദമ്പതികളില്‍ തന്നെ ഒരുതരം വിരക്തി ഉടലെടുക്കുന്നുവെന്ന് മനഃശാസത്രവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.  ദാമ്പത്യജീവിതം എന്നാല്‍ നഗ്നതയില്‍ പൊതിഞ്ഞ ലൈംഗികതയാണ് എന്ന് തെറ്റിദ്ധരിച്ചതിന്റെ ഫലമായാണ് ഈ വിരക്തി.  ഇത് മാറണമെങ്കില്‍ നഗ്നതയ്ക്കപ്പുറത്തെ സൗഹൃദവും പ്രണയവും ദാമ്പത്യത്തില്‍ കടന്ന് കൂടിയാല്‍ മാത്രമേ ദമ്പതികള്‍ക്ക് വൈവാഹിക ജീവിതത്തിന്റെ പൂര്‍ണതയില്‍ എത്താന്‍ കഴിയൂ എന്ന് നാം മനസിലാക്കണം.

വസ്ത്രത്തിലെ ലൈംഗികതയെ കുറിച്ച് ഗാന്ധിജി പറഞ്ഞതോര്‍ക്കുക.  വസ്ത്രം ധരിക്കാന്‍ അമ്മ പഠിപ്പിച്ചതിന് ശേഷം എന്നിലുണ്ടായ ലജ്ജയില്‍  നിന്ന് ഞാന്‍ മുക്തനായത് നഗ്നനതയ്ക്ക് കീഴ്‌പ്പെട്ടുകൊണ്ടാണ് . ഗാന്ധിജി  പലപ്പോഴും കുളിക്കുക പൂര്‍ണ നഗ്നനായിട്ടായിരുന്നു.  അദ്ദേഹം ഉടുത്ത മുണ്ട് തിരുമ്മി ഉണക്കി വീണ്ടും ഉടുക്കും.

 ആചാരത്തിന്റെ പേരില്‍ ഡൈനിംഗ് ടേബിളിന്റെയും കസേരയുടെയും കാല് വരെ തുണിചുറ്റിക്കൊണ്ടുള്ള വസ്ത്രമുടുപ്പിക്കുന്ന  ആചാരങ്ങളുള്ള നാടുകളുണ്ട് ലോകത്തില്‍.  ഇംഗ്ലണ്ടില്‍ പ്യൂരിറ്റിന്‍ എന്ന മതവിഭാഗക്കാര്‍ ഇക്കൂട്ടരില്‍പെടും.  കസേരകാലില്‍വരെ അവര്‍ ലൈംഗികത ദര്‍ശിച്ചിരുന്നുവത്രെ.  അത് വെച്ച് നോക്കുമ്പോള്‍ ഇന്ത്യന്‍ സംസ്‌കാരം എത്രയോ മെച്ചം.

 ഇനി മാറേണ്ടതാരാണെന്ന് ആലോചിക്കുമ്പോള്‍ മഹിളാസംഘടനയുടെ കര്‍ത്തവ്യം വര്‍ധിക്കുന്നു.  ഞങ്ങളില്‍ എന്തൊക്കെയോ അധികമായി ഉണ്ടാകുന്നു എന്ന ബോധത്തെ ഇല്ലായ്മ ചെയ്യാന്‍ ഇരുലിംഗങ്ങളിലും ബോധവല്‍ക്കരണ ക്യാമ്പും വിവാഹ ജീവിതാനന്തര പ്രണയ ബന്ധങ്ങളും കുടുംബ മഹിമയിലും മറ്റും സാമൂഹിക മാറ്റങ്ങള്‍ ഉണ്ടാകണം.

ലൈംഗികത: പെണ്ണിന്റെ മേനിയിലോ, പുരുഷന്റെ കണ്ണിലോ?
Prathibha Rajan
(Writer)
 സ്ത്രീകള്‍ ഉറക്കെ പ്രഖ്യാപിക്കട്ടെ.  എന്റെ ശരീരത്തില്‍ ഞാന്‍ ഒരു
അശ്ലീലവും ഒളിപ്പിച്ച് വെച്ചിട്ടില്ല.  അത് കൊണ്ട് തന്നെ ഞാന്‍ എതിര്‍ലിംഗത്തില്‍ നിന്നും ഒരു തരത്തിലും  വിവേചനമുള്‍കൊള്ളേണ്ടതില്ല.   എന്റെ നഗ്നത എന്ന് പറയുന്നത് എതിര്‍ലിംഗത്തിന്റേതിന് തുല്യമാണ്.  ഒരു സ്ത്രീയുടെ ശരീരത്തില്‍ എന്തൊക്കെ ഉണ്ടാവണമോ അതില്‍ കൂടുതലൊന്നും എന്നിലില്ല.  അശ്ലീലം എന്റെ ശരീരത്തിലില്ല.  നിങ്ങളുടെ മനസിലാണ്. ഇനിയും പ്രഭാതമുണ്ട് വിടരാന്‍, അത് ചുവക്കുന്നത് നമുക്കു വേണ്ടിയാവട്ടെ.

Part 1:
കശ്മലന്മാര്‍ കളം നിറഞ്ഞാടുന്ന ദില്ലി

Keywords:  Woman, Body, Girl, Kerala, Article, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia