മുഖച്ഛായ മാറിയ കുക്കാനം
Jan 3, 2013, 09:14 IST
ആരാധനാകാര്യത്തിലും കൂക്കാനം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കുണ്ടത്തിലെ കുറത്തി തെയ്യം, പ്രശസ്തമായിരുന്നു. മുസ്ലിം വീടുകളില്‍ നടത്തിയിരുന്ന ആണ്ടു നേര്‍ച്ച; ചെരുപ്പുകുത്തി വിഭാഗം നടത്തിയ മാരിയമ്മ കൂടല്‍ ഇതൊക്കെ വ്യത്യസ്ത അനുഭവങ്ങളാണ് അന്ന് കുഞ്ഞുങ്ങളായ ഞങ്ങള്‍ക്ക് സമ്മാനിച്ചത്.
ദളിതരായ ചെരുപ്പുകുത്തികളും, പുലയ വിഭാഗത്തില്‍പെട്ടവരും മറ്റുളളവരേക്കാള്‍ കൂടുതല്‍ ദരിദ്രരായിരുന്നു. പലിയേരിയില്‍ താമസിച്ചു വന്നിരുന്ന പുലയവിഭാഗത്തില്‍പെട്ട കണ്ണനെയും ചപ്പിലയെയും കുറിച്ച് നേരിയ ഓര്‍മ്മയുണ്ട്. എന്റെ കൊച്ചു മനസ്സില്‍ അവര്‍ ആദവും ഹവ്വയും ആയിരുന്നു. കറുത്ത് ഉയരം കുറഞ്ഞ്, തൊലി ചുക്കിച്ചുളിഞ്ഞ് കൂനിക്കൂകൂടിയിരിക്കുന്ന കണ്വനും, ഉണങ്ങിയ ഇലപോലെ തന്നെയുളള ചപ്പിലയും ഭാര്യാഭര്‍ത്താക്കന്മാരായിരുന്നു. അവര്‍ മരിച്ചപ്പോള്‍ പലിയേരിക്കൊവ്വലിലെ പൂഴിയില്‍ കുഴിച്ചിടുകയാണ് ചെയ്തത്. കുഴിച്ചിട്ടു എന്നു എടുത്ത് പറഞ്ഞത് അക്കാലത്തെ നാട്ടുനടപ്പ് മനസ്സിലേക്കെത്താനാണ്.
പാടാച്ചേരി തറവാടുകാരുടെ ചക്കാലയും, കൊല്ലന്‍മാരുടെ കൊട്ടിലും എന്നും പ്രവര്‍ത്തന സജ്ജമായിരുന്നു. മാവിലാന്മാരുടെ കൊട്ട നെയ്ത്തും, പുലയക്കുടിലുകളിലെ പായനെയ്ത്തും കുഞ്ഞുങ്ങളായ ഞങ്ങള്‍ക്ക് മധുരോദാരമായ കാഴ്ചകളും ഓര്‍മ്മകളുമായിരുന്നു.
കൂക്കാനത്തെ വാണിയ സമുദായക്കാരുടെ ചുടുകാട് ഞങ്ങളുടെ വീടിന് തൊട്ടടുത്തായിരുന്നു. എനിക്ക് നാടന്‍ പാട്ടു പാടിത്തന്ന ചെറിയമ്മയുടെയും, ഭ്രാന്തിളകി മരിച്ച വാണിയന്‍ കണ്ണന്റെയും മറ്റും ശവം ദഹിപ്പിച്ചതോര്‍മ്മയുണ്ട്. അപ്പോഴുണ്ടാകുന്ന നാറ്റം സഹിക്കവയ്യാതെ വാതിലും ജനലും അടച്ച് വീടിനുളളില്‍ കൂടുകയാണ് സമീപ വാസികളായ താമസക്കാന്‍. അതിനുശേഷം കുറേ ദിവസത്തേക്ക് കുട്ടികളായ ഞങ്ങള്‍ ചുടുകാട് ഉളള ഭാഗത്തേക്ക് നോക്കുകയോ, കൂളിയെ പേടിച്ച് പുറത്തിറങ്ങുകയോ ചെയ്യില്ല.
നാട്ടിലെ പല വ്യക്തികളെയും തിരിച്ചറിയാന്‍ കോഡു പേരുകളുണ്ട്. അത് പക്ഷി മൃഗാദികളുടേതായിരുന്നു. ചുരുട്ട അമ്പു, പൂച്ചരാമന്‍, നങ്കന്‍ രാമന്‍, തവളച്ചന്തു, കുറുക്കന്‍ അമ്പു, പന്നിഅമ്പു, നമ്പോലന്‍ രാമന്‍ ഇങ്ങിനെ ഇത്തരം അപരനാമങ്ങള്‍ എങ്ങനെ വന്നു. എന്നറിയില്ല. ഒരേ പേരുളളവരെ തിരിച്ചറിയാനോ, ആരോ തമാശയായി ചെല്ലപ്പേരു വിളിച്ചത് സ്ഥിരമായി പോയതോ ആവാം.
ഇതേ പോലെ നേതാക്കളുടെ പേരും ഒപ്പം ചേര്‍ത്ത് വിളിക്കപ്പെടുന്ന വ്യക്തികളും കൂക്കാനത്തിന്റെ മാത്രം പ്രത്യേകതയാണ്. കമ്മ്യുണിസ്റ്റ് നേതാക്കളുടെ പേരിലാണ് ഇവരെ അറിയപ്പെടുന്നത്. ഇ.എം എസ്. അമ്പു; എ.കെ ജി നാരായണന്‍, മാവോകുഞ്ഞിരാമന്‍ തുടങ്ങിയവ ചിലതുമാത്രം.
പഴയകാല കച്ചവടക്കാരില്‍ പ്രമുഖരാണ് കാരിക്കുട്ടി, മുഹമ്മദ്, മൊടോന്‍ രാമന്‍, കുറുക്കന്‍ ഗോവിന്ദന്‍, തീപ്പെട്ടി ചെറ്റിയാന്‍, തുടങ്ങിയവര്‍. മിക്ക വ്യാപാരങ്ങളും ബാര്‍ട്ടര്‍ സിസ്റ്റത്തിലായിരുന്നു അന്ന്. നെല്ല് , തേങ്ങ, മുളക്, അടക്ക,കായ, കശൂവണ്ടി, ഇവ കടകളില്‍ കൊടുത്ത് വീട്ടിലേക്കാവശ്യമായ പല വ്യജ്ഞനങ്ങളും മറ്റും വാങ്ങിക്കും. തെങ്ങ് പാട്ടത്തിന് കൊടുക്കല്‍, നെല്ല് പൊലുവിന് കടം വാങ്ങല്‍, ആയുധം പണയം വെച്ച് സാധനങ്ങള്‍ വാങ്ങല്‍ എന്നീ തരത്തിലുളള കച്ചവടങ്ങളും അന്നുണ്ടായിരുന്നു ഈ നാട്ടില്‍.
അക്കാലത്ത് പ്രായമായവരില്‍ ലഹരി ഉപയോഗം വ്യാപകമായിരുന്നു. സ്വന്തം വീടുകളില്‍ നിന്ന് ചാരായം വാറ്റുകയും ഉപയോഗിക്കുകയും ചെയ്യും. അതു മുലം ഇന്നുണ്ടാകുന്ന തരത്തിലുളള സാമൂഹ്യ ദ്രോഹങ്ങളൊന്നുമുണ്ടായിരുന്നില്ല. സ്വന്തം വീടുകളില്‍ അടങ്ങിയൊതുങ്ങിക്കഴിയും. അല്ലറ ചില്ലറ കുടുംബകലഹത്തിന് ഈ ലഹരി ഉപയോഗം വഴിവെച്ചിട്ടുണ്ടായിരുന്നു.
എന്റെ ഒന്നാംക്ലാസ് പഠനകാലത്ത് നാട്ടില്‍ അരങ്ങേറിയ പാട്ടബാക്കി എന്ന നാടകത്തെക്കുറിച്ച് ചെറിയൊരോര്‍മ്മ. കൂക്കാനത്തെ ഒരു ഒഴിയന്‍ പറമ്പ് അവിടെ തിരിയോലകൊണ്ടും മറ്റും അലങ്കരിച്ചതും. ആദ്യമായി ഉച്ചഭാഷിണി കണ്ടതും, പെട്രോമാക്‌സിന്റെ വെളിച്ചം കണ്ടതും നല്ല ഓര്‍മ. ആ നാടകത്തിലെ നടന്മാര്‍ അന്തരിച്ച മൂശാരിനാരായണന്‍, ജീവിച്ചിരിക്കുന്ന ടി.വി. കുഞ്ഞിക്കണ്ണന്‍ (സെക്രട്ടറി) കൊറോന്‍ അമ്പു, എം.ടി.പി. മുഹമ്മദ്, കാരിക്കുട്ടി എന്നിവരായിരുന്നു എന്നും നേരിയ ഓര്‍മ. 1956 ലോ 57 ലോ ആണ് ആ സംഭവം.
പ്രദേശത്തെ ആദ്യ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്‍.പി. കൗസല്യ ടീച്ചറും കെ. കുമാരന്‍ മാസ്റ്റരും, കെ.പി വെളുത്തമ്പു മാസ്റ്റര്‍, കെ. നാരായണന്‍ മാസ്റ്റര്‍ എന്നിവരാണ്.
കൂക്കാനം പ്രദേശത്തിന്റെ അന്നത്തെ മുഖച്ഛായ ഇന്ന് ആകെ മാറി. മാറ്റം ഒരുപാടു വന്നു. അതിന്റെ തുടക്കം ഇവിടെ ഞങ്ങള്‍ കുറേ ചെറുപ്പക്കാര്‍ ആരംഭിച്ച നവോദയ കലാസമിതിയും, അതിന്റെ ഭാഗമായി അരങ്ങേറിയ വാര്‍ഷിക ആഘോഷങ്ങളും ആണ്. പ്രസ്തുത കലാസമിതി പ്രവര്‍ത്തകരാണ് കുപ്പിത്തോട് -കൂക്കാനം- ചീമേനി റോഡിന്റെ തുടക്കമിട്ടത്. അതിനുശേഷം നാടുണര്‍ന്നു. റോഡ് ടാറിട്ടു, കെട്ടിടങ്ങള്‍ നിരവധി വന്നു, സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. ക്ലബുകളും വായനശാലകളും തലപൊക്കി, വിദ്യാസമ്പന്നരുടെ ഒരു നിരതന്നെയുണ്ടായി. പ്രമുഖ ജനകീയ ഡോക്ടറായ പി. ജനാര്‍ദ്ദനന്‍, കോളജ് പ്രോഫസറായ ഡോ. കെ. ജനാര്‍ദ്ദനന്‍, എം.ബി. എ ബിരുദധാരിയും പ്രമുഖ സഹകാരിയുമായ എം ശശി മോഹനന്‍, സംഘടനാ പ്രവര്‍ത്തകനായി അറിയപ്പെട്ട എന്‍.കെ. പ്രഭാകരന്‍ മാസ്റ്റര്‍, എസ്.ബി.ഐ. മാനേജരായ സി. രാഘവന്‍ ഇവരൊക്കെ കൂക്കാനം പ്രദേശത്തിന്റെ യശസ്സ് ഉയര്‍ത്തി പിടിക്കുന്നവരാണ്.
ഇടതു പക്ഷ പ്രസ്ഥാനത്തിന്റെ ശക്തി കേന്ദ്രമാണിവിടം. നിസ്വാര്‍ത്ഥമതികളായ നിരവധി പ്രവര്‍ത്തകര്‍ ഇവിടെ ജീവിച്ചിരുന്നിട്ടുണ്ട്. അതില്‍ എടുത്തു പറയേണ്ട വ്യക്തികളില്‍ ചിലരാണ് ദേശാഭിമാനി കുഞ്ഞമ്പുവേട്ടന്‍ എന്നറിയപ്പെടുന്ന കൂലേരിക്കാരന്‍ കുഞ്ഞമ്പു; കര്‍ഷക പ്രസ്ഥാനത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന കെ.പി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍. ഇന്ന് ജീവിച്ചിരിക്കുന്ന കരിമ്പില്‍ അപ്പുക്കുട്ടനും, കെ.പി. കുഞ്ഞിക്കോരനും, മാടക്കാല്‍ കുഞ്ഞിരാമനും പ്രദേശത്തിലെ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരാണ്.
ഇതര പ്രദേശങ്ങളെ പോലെ കൂക്കാനവും മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. റോഡും, പാലവും, വൈദ്യുതിയും, വികസനത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. എങ്കിലും നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കുന്ന ഗ്രാമീണ മാനുഷിക സൗഹൃദം പ്രദേശത്തിന്റെ പ്രത്യേകതയാണ്. അന്യരുടെ വേദന സ്വന്തം വേദനയായി കരുതി ജീവിക്കുകയും, പരസ്പരം കൊണ്ടും കൊടുത്തും സൗഹൃദം നിലനിര്‍ത്തുകയും ചെയ്യുന്ന കൂക്കാനക്കാര്‍. ആ ഗ്രാമീണ സൗകുമാര്യവും സൗഹൃദവും എന്നും പുലര്‍ന്നു കാണട്ടെ എന്നാശിക്കാം കൂക്കാനത്തുകാരായ നമുക്ക്.
-കൂക്കാനം റഹ്മാന്‍
Part 1:
എന്നെ ഞാനാക്കിയ കൂക്കാനത്തെക്കുറിച്ച്
Keywords: Article, Kookkanam-Rahman, Kerala, Kookkanam, Village, Kasaragod, Kookkanam School, Theyyam.