city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജിഷാ വധം: കേസ് സി.ബി.ഐക്ക് വിടണം; ബന്ധുക്കള്‍ ഹൈക്കോടതിയില്‍

ജിഷാ വധം: കേസ് സി.ബി.ഐക്ക് വിടണം; ബന്ധുക്കള്‍ ഹൈക്കോടതിയില്‍
നീലേശ്വരം: മടിക്കൈ കീക്കാംകോട്ടെ ഗള്‍ഫുകാരന്‍ രാജേന്ദ്രന്റെ ഭാര്യ ജിഷയെ വീട്ടിനകത്തെ അടുക്കള മുറിയില്‍ കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ജിഷയുടെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കുന്നു.

ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ജിഷയുടെ വീട്ടുകാര്‍ തൃപ്തരല്ല. ജില്ലാ കോടതിയുടെ നിര്‍ദേശപ്രകാരം നീലേശ്വരം സി.ഐ ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പുനരന്വേഷണത്തിലും ജിഷയുടെ വീട്ടുകാര്‍ ചൂണ്ടിക്കാട്ടിയത് പോലെയുള്ള പുതിയ തെളിവുകളൊന്നും കിട്ടിയില്ല. ആദ്യം ഈ കേസന്വേഷിച്ച നീലേശ്വരം സി.ഐയായിരുന്ന സി.കെ. സുനില്‍കുമാറും സംഘവും കണ്ടെത്തിയ തെളിവുകള്‍ക്കും കാരണങ്ങള്‍ക്കുമപ്പുറം മറ്റൊന്നും കണ്ടെത്താന്‍ പുനരന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. 

പുനരന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം പോലീസ് കാസര്‍കോട് ജില്ലാ അതിവേഗ കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ടില്‍ പുതുതായി ആറോളം സാക്ഷികളെ ഉള്‍പ്പെടുത്തിയത് മാത്രമാണ് ആകെയുണ്ടായ പുരോഗതി. 2012 ഫെബ്രുവരി 19ന് രാത്രിയാണ് ജിഷയെ ഭര്‍തൃവീട്ടിലെ അടുക്കള മുറിയില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

സംഭവസമയത്ത് വീട്ടുവേലക്കാരനായ ഒറീസ സ്വദേശി മദനനും ഭര്‍തൃസഹോദരന്‍ ചന്ദ്രന്റെ ഭാര്യയും ഭര്‍തൃപിതാവും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. ഭര്‍ത്താവ് രാജേന്ദ്രന്‍ ഗള്‍ഫിലായിരുന്നു. ജിഷ രാത്രി ഭക്ഷണത്തിനായി അടുക്കളയില്‍ പപ്പടം കാച്ചിക്കൊണ്ടിരിക്കുമ്പോള്‍ വൈദ്യുതി നിലച്ച സമയത്ത് അകത്തേക്ക് കടന്ന മദനന്‍ ജിഷയെ കഠാരകൊണ്ട് കുത്തികൊലപ്പെടുത്തിയെന്നാണ് കേസ്. മദനനെ പിന്നീട് ഇതേ വീടിന്റെ ടെറസില്‍ നിന്നും പോലീസ് പിടികൂടുകയും ചെയ്തു.

മോഷണശ്രമത്തിനിടയിലാണ് മദനന്‍ ജിഷയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തിയത്. ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം പോലീസ് ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും തുടര്‍ന്ന് വിചാരണ നടപടിക്രമങ്ങള്‍ക്കായി ജില്ലാ സെഷന്‍സ് കോടതിക്ക് കേസിന്റെ ഫയലുകള്‍ കൈമാറുകയും ചെയ്തു.

ഇതിനിടെയാണ് ജിഷാവധക്കേസില്‍ പോലീസ് അന്വേഷണം കാര്യക്ഷമമായി നടന്നില്ലെന്നും മദനനു പുറമെ മറ്റ് ചിലര്‍ക്കും കൊലയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നുവെന്നും, മോഷണം മാത്രമല്ല കൊലക്ക് കാരണമെന്നും അതുകൊണ്ടുതന്നെ കേസില്‍ പുനരന്വേഷണം വേണമെന്നും ചൂണ്ടിക്കാട്ടി ജിഷയുടെ പിതാവ് കുഞ്ഞികൃഷ്ണന്‍ നായര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹരജി നല്‍കിയത്.
ആദ്യം ഹൈക്കോടതിയിലാണ് പുനരന്വേഷണ ഹരജി നല്‍കിയതെങ്കിലും സംഭവം നടന്ന സ്ഥലത്തിന്റെ പരിധിയില്‍പ്പെടുന്ന കോടതിയെ സമീപിക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. ഇതേത്തുടര്‍ന്നാണ് പിതാവ് കുഞ്ഞികൃഷ്ണന്‍ നായര്‍ ജില്ലാ കോടതിയില്‍ ഹരജി നല്‍കിയത്.

ഹരജി സ്വീകരിച്ച ജില്ലാ സെഷന്‍സ് കോടതി പബ്ലിക് പ്രോസിക്യൂട്ടറോട് അഭിപ്രായം ആരാഞ്ഞിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ പോലീസിന്റെ നിലപാട് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. മോഷണശ്രമത്തിനിടയില്‍ മദനന്‍ തന്നെയാണ് ജിഷയെ കൊലപ്പെടുത്തിയതെന്നും ഇക്കാര്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും പരാതിയി ല്‍ ചൂണ്ടിക്കാണിക്കുന്ന തരത്തിലുള്ള സംശയങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നുമായിരുന്നു പോലീസിന്റെ റിപോര്‍ട്. ഇതോടെ പുനരന്വേഷണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനായി കേസിന്റെ ഫയലുകള്‍ ജില്ലാ സെഷന്‍സ് കോടതി കാസര്‍കോട് അതിവേഗ കോടതിക്ക് കൈമാറുകയായിരുന്നു. അതിവേഗ കോടതിയാണ് ജിഷാവധക്കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടത്. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു അതിവേഗ കോടതിയുടെ നിര്‍ദേശം.

 സി.കെ. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പുനരന്വേഷണം ആരംഭിച്ചുവെങ്കിലും പിന്നീട് അദ്ദേഹത്തിന് കാസര്‍കോട് സി.ഐ യായി സ്ഥലം മാറ്റം ലഭിച്ചതോടെ നീലേശ്വരം സി.ഐയായി ചുമതലയേറ്റ ബാബു പെരിങ്ങോത്ത് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. റിമാന്‍ഡില്‍ കഴിയുന്ന പ്രതി മദനനെയും കൊല്ലപ്പെട്ട ജിഷയുടെ ഭര്‍ത്താവ് ചന്ദ്രനേയും, ഭാര്യയേയും മറ്റും പോലീസ് ചോദ്യം ചെയ്തു. മദനനല്ലാതെ കൊലയുമായി മറ്റാര്‍ക്കും ബന്ധമില്ലെന്നാണ് പുനരന്വേഷണത്തിലും വ്യക്തമായത്. ജിഷയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും വിശദമായ മൊഴിയും പോലീസ് രേഖപ്പെടുത്തുകയുണ്ടായി. ജിഷയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ എട്ട് സാക്ഷികളെ കൂട്ടിച്ചേര്‍ത്ത് വിപുലീകരിച്ച റിപോര്‍ടാണ് പോലീസ് വ്യാഴാഴ്ച നല്‍കിയിരിക്കുന്നത്. ആദ്യം ഈ കേസില്‍ ഇവരൊന്നും സാക്ഷികളായിരുന്നില്ല.

പുനരന്വേഷണ റിപോര്‍ട് കോടതിയില്‍ സമര്‍പ്പിച്ചതോടെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാന്‍ ജിഷയുടെ വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. മോഷണശ്രമത്തിനിടയില്‍ കൊലപാതകം നടന്നുവെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ജിഷയുടെ ഭര്‍ത്താവിന്റെ അടുത്ത ചില ബന്ധുക്കളുടെ അറിവോടെ നടന്ന കൊലപാതകമാണിതെന്നുമുള്ള ഉറച്ച നിലപാടിലാണ് ജിഷയുടെ വീട്ടുകാര്‍. സത്യം കണ്ടെത്താന്‍ ഏതറ്റംവരെയും പോകാനുള്ള തയ്യാറെടുപ്പിലാണ് അവര്‍.

Keywords: Jisha's murder, Madikai, Case, CBI, Enquiry, High court, Relatives, CI, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia