ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ മദനന്‍ മാത്രമെന്ന് പ്രോസിക്യൂഷന്
Aug 9, 2012, 22:58 IST
Jisha, Madanan |
ജിഷാ വധക്കേസില്‍ പുനരന്വേഷണം ആവശ്യമുണ്ടോ എന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കോടതി പ്രോസിക്യൂഷന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം പോലീസ് തയ്യാറാക്കി നല്‍കിയ റിപ്പോര്‍ട്ടില്‍ ജിഷയുടെ വധത്തില്‍ ഇനി പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കൊലക്ക് ഉത്തരവാദി വീട്ടുവേലക്കാരനായിരുന്ന മദനന്‍ മാത്രമാണെന്നും കവര്‍ച്ച ലക്ഷ്യമിട്ടാണ് കൊല നടത്തിയതെന്നും ഇതിന് മതിയായ തെളിവുകളുണ്ടെന്നുമാണ് വ്യക്തമാക്കിയത്. ഈ റിപ്പോര്‍ട്ട് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജില്ലാ കോടതിക്ക് സമര്‍പ്പിക്കുകയായിരുന്നു. റിപ്പോര്‍ട്ട് സ്വീകരിച്ച കോടതി ഇനി ജിഷയുടെ പിതാവിന്റെ ഹരജി സംബന്ധിച്ച വാദത്തിനായി ഫയലുകള്‍ അഡീഷണല്‍ ഫാസ്റ്റ്ട്രാക്ക് കോടതിക്ക് കൈമാറുകയായിരുന്നു.
പ്രോസിക്യൂഷന്‍ ഭാഗവും ഹരജി ഭാഗവും തമ്മിലുള്ള വാദമാണ് കഴിഞ്ഞ ദിവസം ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ ആരംഭിച്ചത്. മദനന്‍ ഒറ്റക്കല്ല ജിഷയെ കൊലപ്പെടുത്തിയതെന്നും വേറെ ചിലരുടെ കരങ്ങള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പുറത്തുനിന്നുള്ള സഹായം ഇതിനായി ലഭിച്ചിട്ടുണ്ടെന്നുമാണ് ഹരജിഭാഗം അഭിഭാഷകന്‍ വാദിച്ചത്. ജിഷയുടെ ഭര്‍തൃസഹോദരന്റെ ഭാര്യ ശ്രീലേഖയ്ക്ക് കൊലയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുള്ളതായി സംശയിക്കുന്നുവെന്നും ഹരജിഭാഗം വാദിച്ചു. എന്നാല്‍ ഈ വാദത്തെ പ്രോസിക്യൂഷന്‍ തള്ളിക്കളഞ്ഞു.
മദ്യത്തിനും പാന്‍പരാഗ് പോലുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ക്കും അടിമയായ മദനനെ ശ്രീലേഖയ്ക്ക് തീരെ ഇഷ്ടമായിരുന്നില്ലെന്നും മദനനെ എത്രയും വേഗം വീട്ടില്‍ നിന്നും ഒഴിവാക്കാന്‍ ശ്രീലേഖയാണ് മുന്‍കൈയെടുത്തതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇക്കാര്യം കൊലക്ക് ദിവസങ്ങള്‍ക്ക് മുമ്പ് ജിഷ തന്നെ മാതാവിനോട് വെളിപ്പെടുത്തിയിരുന്ന കാര്യവും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ശ്രീലേഖയുമായി ജിഷക്ക് യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും മദനനെ വീട്ടുജോലിയില്‍ നിന്നും ഒഴിവാക്കാന്‍ രണ്ടുപേരും ശ്രമം നടത്തി വരികയായിരുന്നുവെന്നും ജിഷയുടെ കൂട്ടുകാരിയായ ഡോ. ധനലക്ഷ്മി നല്‍കിയ മൊഴിയെ അടിസ്ഥാനപ്പെടുത്തി പ്രോസിക്യൂഷന്‍ വാദിച്ചു.
2012 ഫെബ്രുവരി 19 ന് രാത്രി 8.15 മണിയോടെയാണ് കക്കാട്ടെ ഭര്‍തൃഗൃഹത്തില്‍ വെച്ച് ജിഷക്ക് കുത്തേറ്റത്. യുവതി തല്‍ക്ഷണം തന്നെ മരണപ്പെടുകയായിരുന്നു. കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ വീട്ടുവേലക്കാരനായ മദനനെതിരെ നീലേശ്വരം പോലീസ് കൊലക്കുറ്റത്തിന് കേസെടുക്കുകയും പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ജിഷയുടെ വധവുമായി ബന്ധപ്പെട്ട് ശരിയായ രീതിയിലല്ല പോലീസ് അന്വേഷണം നടത്തിയതെന്നും മോഷണശ്രമത്തിനിടയിലാണ് മദനന്‍ ജിഷയെ കൊലപ്പെടുത്തിയതെന്ന് പറയുന്നുണ്ടെങ്കിലും കൊലയാളിക്കെതിരെ മോഷണ ശ്രമത്തിനുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്തിട്ടില്ലെന്നും അതുകൊണ്ട് തന്നെ മരണത്തില്‍ ഇപ്പോഴും ദുരൂഹത നിലനില്‍ക്കുന്നുണ്ടെന്നുമാണ് പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ പറയുന്നത്.
Keywords: Jisha, Murder case, Madanan, Prosecution, Madikai, Kasaragod, Court.