കാസര്‍കോട് വെടിവെപ്പ്: സി.ബി.ഐ. അഡീഷണല്‍ സൂപ്രണ്ടും ഡി.ഐ.ജി.യും എത്തി
Aug 22, 2012, 13:57 IST
കാസര്‍കോട്: മുസ്ലിം ലീഗ് സംസ്ഥാന നേതാക്കള്‍ക്ക് നല്കിയ സ്വീകരണ പരിപാടിക്കിടെയുണ്ടായ സംഘര്‍ഷത്തിനിടെ മുസ്ലിം ലീഗ് പ്രവര്ത്തകന് കൈതക്കാട്ടെ ഷെഫീഖ് (21) വെടിയേറ്റ് മരിച്ച സംഭവത്തില്‍ സി.ബി.ഐ. അഡീഷണല്‍ സൂപ്രണ്ട് നന്ദകുമാറും ഡി.ഐ.ജി. സൈനുഗതറും എസ്.പി. ജോസ് മോഹനും കാസര്‍കോട്ടെത്തി. വെടിവെപ്പ് നടന്ന കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സാക്ഷികളില്‍ നിന്നും മൊഴിയെടുത്തു. 2009 നവംബര്‍ 15 നാണ് വെടിവെപ്പ് നടന്നത്.
കാസര്‍കോട് എസ്.പിയായിരുന്ന രാംദാസ്പോത്തന്റെ സര്‍വീസ് റിവോള്‍വറില്‍ നിന്നുള്ള വെടിയേറ്റാണ് ഷെഫീഖ് മരിച്ചത്. ഇത് മൂന്നാം തവണയാണ് സി.ബി.ഐ. സംഘം അന്വേഷണത്തിനായി കാസര്‍കോട്ടെത്തുന്നത്. മൂന്ന് ദിവസം സി.ബി.ഐ.സംഘം കാസര്‍കോട്ട് തങ്ങി അന്വേഷണം നടത്തും. വെടിവെപ്പു സംഭവത്തില്‍ സാക്ഷികളായ മാധ്യമ ഫോട്ടോ ഗ്രാഫര്‍ അച്ചു കാസര്‍കോട്, ആലംപാടിയിലെ മുസ്ലിം ലീഗ് പ്രവര്ത്തകന് ഷെരീഫ് എന്നിവരില്‍ നിന്നാണ് പ്രധാനമായും മൊഴിയെടുത്തത്. പ്രകോപനമൊന്നുമില്ലാതെയാണ് രാംദാസ് പോത്തന് വെടിവെച്ചതെന്ന് ദൃക്സാക്ഷികള്‍ സി.ബി.ഐക്ക് മൊഴി നല്‍കിയത്.
സംഘര്‍ഷത്തിനിടെ പരിക്കേറ്റ പോലീസുകാരില്‍ നിന്നും സി.ബി.ഐ. സംഘം മൊഴിയെടുക്കും. വെടിവെപ്പിന് ഉത്തരവാദിയായ റിട്ട. എസ്.പി. രാംദാസ് പോത്തനേയും ഉടന്‍ ചോദ്യം ചെയ്യും. ഇടതു മുന്നണി ഭരണകാലത്ത് വെടിവെപ്പിനെക്കുറിച്ച് ആദ്യം സിറ്റിംഗ് ജഡ്ജിയെ ജുഡീഷ്യല്‍ അന്വേഷണത്തിന് നിയോഗിച്ചെങ്കിലും ഉത്തരവിറങ്ങാത്തതിനാല്‍ കാസര്‍കോട് ജില്ലാ ജഡ്ജിക്ക് അന്വേഷണം നടത്താന്‍ സാധിച്ചില്ല. ഇവര്‍ പിന്നീട് വിരമിക്കുകയായിരുന്നു.
ഇതിനുശേഷം റിട്ട. ജസ്റ്റിസ് നിസാറിനെ ജുഡീഷ്യല്‍ അന്വേഷണത്തിന് നിയമിച്ചെങ്കിലും യു.ഡി.എഫ്. ഗവണ്മെന്റ് അധികാരമേറ്റ ശേഷം ജസ്റ്റിസ് നിസാര്‍ കമ്മീഷനെ സര്‍കാര്‍ പിരിച്ചു വിടുകയും സി.ബി.ഐ. അന്വേഷണം പ്രഖ്യാപിക്കുകയുമായിരുന്നു. മരിച്ച ഷെഫീഖിന്റെ പിതാവും സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഷെഫീഖിന്റെ കുടുംബത്തിന് സര്‍കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായവും നല്‍കിയിരുന്നു.
Keywords: Kasaragod, Muslim Youth League, Clash, Death, Police firing, Enquiry, CBI, Kerala