city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മോര്‍ഫിങ്ങിലൂടെ ഭര്‍തൃമതിയുടെ നഗ്നചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച മൂന്നുപ്രതികളെ ശിക്ഷിച്ചു

മോര്‍ഫിങ്ങിലൂടെ ഭര്‍തൃമതിയുടെ നഗ്നചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച മൂന്നുപ്രതികളെ ശിക്ഷിച്ചു
ഹൊസ്ദുര്‍ഗ്: മോര്‍ഫിങ്ങിലൂടെ ഭര്‍തൃമതിയുടെ നഗ്ന ചിത്രങ്ങള്‍ മൊബൈല്‍ ഫോണുകളിലും ഇന്റര്‍നെറ്റുകളിലും പ്രചരിപ്പിച്ച കേസില്‍ മൂന്നു പ്രതികളെ കോടതി ശിക്ഷിച്ചു. ഉദുമ നാലാംവാതുക്കലിലെ മുഹമ്മദ് ഹാരീസ് (27), പാക്യാര വാഴവളപ്പിലെ ബി. ഹര്‍ഷാദ് (23), പാക്യാരയിലെ കെ എച്ച് സക്കറിയ (26) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി ജഡ്ജ് ജലജാറാണി 3000 രൂപ വീതം പിഴയടക്കാനും കോടതി പിരിയുംവരെ തടവിനും ശിക്ഷിച്ചത്.

ഈകേസിലെ മറ്റ് പ്രതികളായ ബാര കുണ്ടോളംപാറയിലെ ഫൈസല്‍ (23), ഉദുമ മുല്ലച്ചേരിയിലെ എം എം അഷ്‌റഫലി (24) എന്നിവര്‍ക്ക് വിചാരണവേളയില്‍ നിരവധി തവണ നോട്ടീസയച്ചിട്ടും ഇവര്‍ കോടതിയില്‍ ഹാജരായില്ല. പ്രതികള്‍ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.ഇരിട്ടി തില്ലങ്കേരി സ്വദേശിനിയും കാഞ്ഞങ്ങാട് ഗാര്‍ഡര്‍ വളപ്പില്‍ താമസക്കാരിയുമായ 33 കാരി ഭര്‍തൃമതിയുടെ പരാതിപ്രകാരമാണ് അഞ്ചോളം യുവാക്കള്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തിരുന്നത്.
2011 നവംബര്‍ 12 നാണ് ഭര്‍തൃമതിയുടെ സ്വകാര്യ ജീവിതത്തിന് ഭംഗം വരുത്തുന്നവിധത്തില്‍ പ്രതികള്‍ മൊബൈല്‍ ഫോണുകളിലും ഇന്റര്‍നെറ്റുകളിലും അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. നഗ്നരായ സ്ത്രീ - പുരുഷന്മാരുടെ ശരീരങ്ങളില്‍ ഭര്‍തൃമതിയുടെയും മറ്റൊരു പുരുഷന്റെയും തലയുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് ചേര്‍ത്താണ് യുവാക്കള്‍ അശ്ലീല ചിത്രമുണ്ടാക്കിയത്.

തില്ലങ്കേരിയിലെ യുവതി നേരത്തെ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം നാലാംവാതുക്കലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് വരുമ്പോഴാണ് അഞ്ച് യുവാക്കള്‍ ചേര്‍ന്ന് യുവതിയുടെ അശ്ലീല ചിത്രമുണ്ടാക്കി പ്രചരിപ്പിച്ചത്. യുവതിയുടെ ഭര്‍ത്താവിന് പയ്യന്നൂരിലെ ഒരു കൂള്‍ ബാറിലാണ് ജോലി. നാലാംവാതുക്കലില്‍ താമസിക്കുന്ന സമയം യുവതിയുടെ ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീണതിനാല്‍ നന്നാക്കാന്‍ ഉദുമ കൊപ്പലിലെ സുഹൃത്തിനെ ഏല്‍പ്പിച്ചിരുന്നു. മൊബൈല്‍ നന്നാക്കിയശേഷം തന്റെ ഭാര്യയെ ഏല്‍പ്പിക്കാനാണ് കൊപ്പല്‍ സ്വദേശിയോട് ഭര്‍ത്താവ് നിര്‍ദ്ദേശിച്ചത്.

റിപ്പയര്‍ചെയ്ത മൊബൈല്‍ ഫോണുമായി നാലാംവാതുക്കലിലെ ക്വാര്‍ട്ടേഴ്‌സിലേക്ക് വരികയായിരുന്ന കൊപ്പല്‍ സ്വദേശിയെ അഞ്ചംഗ സംഘം തടയുകയും എന്തിനാണ് ക്വാര്‍ട്ടേഴ്‌സില്‍ വന്നതെന്ന് ചോദിക്കുകയും ചെയ്തു. നന്നാക്കിയ മൊബൈല്‍ തിരിച്ചേല്‍പ്പിക്കാനാണെന്ന് കൊപ്പല്‍ യുവാവ് മറുപടി പറഞ്ഞപ്പോള്‍ സംഘം യുവാവിന്റെ കൈയില്‍ നിന്നും മൊബൈല്‍ പിടിച്ചുവാങ്ങുകയും മെമ്മറി കാര്‍ഡ് എടുത്തശേഷം തിരിച്ച് നല്‍കുകയും ചെയ്തു. യുവതിയുടെ കുടുംബഫോട്ടോയും കൊപ്പല്‍ യുവാവിന്റെയും കുടുംബത്തിന്റെയും ഫോട്ടോയുമാണ് മെമ്മറി കാര്‍ഡിലുണ്ടായിരുന്നത്. ഒരാഴ്ച കഴിഞ്ഞ് സംഘത്തില്‍പെട്ട ഒരാള്‍ മെമ്മറി കാര്‍ഡ് യുവതിയെ തിരിച്ചേല്‍പ്പിച്ചു. കാര്‍ഡ് പരിശോധിച്ചപ്പോള്‍ മുമ്പുണ്ടായിരുന്ന ഫോട്ടോകളൊന്നും അതിലുണ്ടായിരുന്നില്ല.

നവംബര്‍ 12 ന് യുവതി ഉദുമ റെയില്‍വേ ഗേറ്റിന് സമീപം നില്‍ക്കുമ്പോള്‍ അഞ്ചംഗ സംഘം സമീപിക്കുകയും കൊപ്പല്‍ യുവാവിന്റെയും നിന്റെയും ബ്ലൂഫിലിം ഞങ്ങളുടെ കൈവശമുണ്ടെന്നും ഞങ്ങള്‍ വിളിക്കുന്ന സ്ഥലത്തേക്ക് വരണമെന്നും അല്ലാത്തപക്ഷം അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഘത്തിന്റെ ഭീഷണി അവഗണിച്ച് നാലാംവാതുക്കലിലെ താമസസ്ഥലത്തെത്തിയ യുവതി അടുത്ത വീട്ടില്‍ പോയ സമയത്ത് അയല്‍ക്കാരിയുടെ മകന്റെ മൊബൈല്‍ഫോണില്‍ യുവതിയുടെയും മറ്റൊരു പുരുഷന്റെയും തലയുടെ ഫോട്ടോകള്‍ നഗ്നശരീരങ്ങളില്‍ മോര്‍ഫ് ചെയ്ത രീതിയില്‍ കണ്ടെത്തുകയായിരുന്നു. 

ഈ ദൃശ്യം യുവതി തന്റെ മൊബൈലിലേക്കും പകര്‍ത്തി. പിന്നീട് ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും മൊബൈല്‍ ഫോണുകളിലേക്കും നാട്ടിലെ പലരുടെയും മൊബൈലിലേക്കും അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതായി യുവതി അറിഞ്ഞു. ഇതെതുടര്‍ന്നാണ് അഞ്ച്‌പേര്‍ക്കെതിരെയും യുവതി ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയത്. കേസെടുത്ത പോലീസ് പ്രതികളെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതുമൂലമുണ്ടായ മാനഹാനിയെതുടര്‍ന്നാണ് യുവതി ഗാര്‍ഡര്‍ വളപ്പിലെ ക്വാര്‍ട്ടേഴ്‌സിലേക്ക് താമസം മാറ്റിയത്.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia