city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോണ്‍. നേതാവ് എം.സി ജോസിന്റെ വീടിന് മുന്നില്‍ INTUC പ്രവര്‍ത്തകരുടെ നിരാഹാരം 31ന്

കോണ്‍. നേതാവ് എം.സി ജോസിന്റെ വീടിന് മുന്നില്‍ INTUC  പ്രവര്‍ത്തകരുടെ  നിരാഹാരം 31ന്
കാസര്‍കോട്: ഐ.എന്‍.ടി.യു.സി സംസ്ഥാന എക്‌സിക്യൂട്ടിവ് മെമ്പറും മുന്‍ കെ.പി.സി.സി മെമ്പറുമായ അഡ്വ. എം.സി. ജോസിന്റെ വീടിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം മാര്‍ച്ച് 31 മുതല്‍ ആരംഭിക്കുമെന്ന് കാഞ്ഞങ്ങാട് ശ്രമിക് ഭവന്‍ അവകാശ പോരാട്ട സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.ജി. ദേവും എം.സി ജോസും ചേര്‍ന്ന് 1980ല്‍ കണ്ണൂര്‍ അറാക് ആന്റ് ടോഡി ഷോപ്പ് വര്‍ക്കേര്‍സ് എന്ന പേരില്‍ യൂണിന്‍ രൂപീകരിക്കുകയും ജില്ലയിലെ 422 ചാരായ തൊഴിലാളികള്‍ അംഗമാകുകയും ചെയ്തിരുന്നു. ഇവരില്‍ നിന്നും മാസവരിസംഖ്യയായി 500 രൂപയും ബോണസ് തുകയില്‍ നിന്ന് പ്രതിവര്‍ഷം 2000 രൂപയും വാങ്ങിയിരുന്നു. ഈ പണം കൊണ്ട് യൂനിയനുവേണ്ടി സ്ഥലവും കെട്ടിടവും വാങ്ങാന്‍ തീരുമാനിച്ചിരുന്നു. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡിന് സമീപം 11-3/4 സെന്റ് സ്ഥലം 83, 000 രൂപയ്ക്ക് വാങ്ങിയിരുന്നു. ഈ സ്ഥലത്ത് ഇരുനില കെട്ടിടം പണിയുകയും ശ്രമിക് ഭവന്‍ എന്ന പേര് നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ നടത്തിപ്പിനായി എം.സി ജോസിനെ പ്രസിഡന്റായും, പി.ജി. ദേവിനെ സെക്രട്ടറിയായും, അഡ്വ. പി. നാരായണനെ ട്രഷററായും നിയമിച്ചിരുന്നു. ഈ കെട്ടിടത്തില്‍ നിരവധി സ്ഥാപനങ്ങളും ഓഫീസുകളും വാടകയ്ക്ക് പ്രവര്‍ത്തിച്ചിരുന്നു. ഇതിന്റെ രേഖകള്‍ ഈ മൂന്ന് നേതാക്കളുടെയും പേരിലാക്കി മാറ്റുകയായിരുന്നു.

 1996ല്‍ ചാരായ നിരോധനത്തോടെ തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളെ സംരക്ഷിക്കുമെന്ന് ഇവര്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. വാടകയിനത്തില്‍ തന്നെ 1.15 കോടി രൂപ ലഭിക്കുന്നുണ്ട്. കൂടാതെ യൂനിയന്റെ പേരില്‍ സൊസൈറ്റി രൂപീകരിച്ച് 1.28 കോടി രൂപ ഡെപ്പോസിറ്റ് ചെയ്തിരുന്നു. മരിച്ച ചാരായ തൊഴിലാളിയുടെ ജോലി മറ്റൊരാള്‍ക്ക് നല്‍കിയതിന് 1,57,000 രൂപ കുടുംബത്തിന് നല്‍കാതെ കൈക്കലാക്കിയതായും ഭാരവാഹികള്‍ ആരോപിച്ചു. മൊത്തം 7.46 കോടി രൂപയാണ് തൊഴിലാളിക്ക് കിട്ടേണ്ട ആസ്തിയായി കണക്കാക്കുന്നതെന്നും, ഇത് ഉടന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റിനും, മുഖ്യമന്ത്രിക്കും, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് എം.സി ജോസിന്റെ കാഞ്ഞങ്ങാട് കോട്ടച്ചേരിയിലെ വീടിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്ത ഘട്ടമായി പി.ജി. ദേവിന്റെ കൊന്നക്കാട്ടെ വീട്ടിലേക്കും സമരം വ്യാപിപ്പിക്കും. നിരാഹാര സമരം 31ന് രാവിലെ ചാരായ തൊഴിലാളികള്‍ക്ക് വേണ്ടി പടപൊരുതിയ അഡ്വ. കസ്തൂരി ദേവന്‍ ഉദ്ഘാടനം ചെയ്യും.

വാര്‍ത്താ സമ്മേളനത്തില്‍ ശ്രമിക്ഭവന്‍ അവകാശപോരാട്ട സമിതി ചെയര്‍മാന്‍ ടി.വി തമ്പാന്‍, വൈസ് ചെയര്‍മാന്‍ എം.ജെ ഫിലിപ്പ്, സെക്രട്ടറി എ.കെ ഷൈജു, ജോയിന്റ് സെക്രട്ടറി രാഘവന്‍ കൊന്നാല എന്നിവര്‍ പങ്കെടുത്തു. കോണ്‍ഗ്രസ് നേതൃത്വം രേഖാമൂലം ഉറപ്പ് നല്‍കാതെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്നും ഇവര്‍ വ്യക്തമാക്കി.

Keywords: kasaragod, Press meet, Strike, INTUC 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia