ഗള്‍ഫില്‍ വ്യാജ കമ്പനിയുണ്ടാക്കി യുവാവ് കോടികള്‍ തട്ടി
Feb 20, 2012, 16:30 IST
Krishna Prasad |
കൊളവയല്‍ ഇട്ടമ്മലിലെ വിജയമ്മയുടെയും പത്തുകണ്ടം ചെല്ലപ്പന്റെയും മകന്‍ കൃഷ്ണ പ്രസാദ് എന്നാണ് പാസ്‌പോര്‍ട്ടിലെ മേല്‍വിലാസം. എന്നാല്‍ ഈ വിലാസം തന്നെ പൂര്‍ണ്ണമായും വ്യാജമാണെന്ന് ഉറപ്പായിട്ടുണ്ട്. 2007 ജൂലൈ മാസത്തിലാണ് കോഴിക്കോട് പാസ്‌പോര്‍ട്ട് കേന്ദ്രത്തില്‍ നിന്നും കൃഷ്ണ പ്രസാദ് വ്യാജ വിലാസത്തില്‍ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചത്. 2010ല്‍ യുഎഇയിലെത്തിയ ഇയാള്‍ ഷാര്‍ജയില്‍ അല്‍ജസീറ ഡീസല്‍ ട്രേഡിങ്ങ് കമ്പനിയില്‍ സെയില്‍സ് മാനേജറായി ജോലിക്ക് കയറി.
ഇതേസമയം തന്നെ ഷാര്‍ജ അമേരിയ ഫ്രീസോണില്‍ അല്‍ജസീറ ഫ്യൂവല്‍ എന്ന പേരില്‍ വ്യാജ കമ്പനിയുണ്ടാക്കി ജോലി ചെയ്യുന്ന കമ്പനിയിലേക്ക് വരുന്ന ഓര്‍ഡറുകള്‍ മറിച്ചു നല്‍കുകയും, വന്‍ കമ്പനികളില്‍ നിന്നും കോടിക്കണക്കിന് രൂപ മുന്‍കൂര്‍ കൈപ്പറ്റിയ ശേഷം രായ്ക്കു രാമാനം മുങ്ങുകയും ചെയ്തു. അല്‍ജസീറ ഡീസല്‍ ട്രേഡിംങ്ങ് കമ്പനി യുഎഇയിലെ അറിയപ്പെടുന്ന സ്ഥാപനമായതിനാല്‍, ഈ സ്ഥാപനത്തിന്റെ പേരിനോട് സാമ്യമുള്ള മറ്റൊരു വ്യാജ കമ്പനിയുണ്ടാക്കിയാണ് കൃഷ്ണ പ്രസാദ് തട്ടിപ്പിന് തുടക്കമിട്ടത്. അല്‍ജസീറയുമായുള്ള ഇടപാട് എന്നതിനാലാണ് ഡീസല്‍ കച്ചവടക്കാര്‍ പലരും കോടികള്‍ മുന്‍കൂര്‍ നല്‍കിയത്. ലക്ഷക്കണക്കിന് ദിര്‍ഹംസിന്റെ ഡീസലുകളും അല്‍ജസീറയുടെ പേരില്‍ കടമായി വാങ്ങി സ്വന്തം സ്ഥാപനത്തിലൂടെ കൃഷ്ണ പ്രസാദ് മറിച്ചു വില്‍പ്പന നടത്തുകയും ചെയ്തു.
അജ്മാന്‍ രാജ കുടുംബാംഗം അടക്കമുള്ള പല പ്രമുഖരും കൃഷ്ണ പ്രസാദിന്റെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം. വലിയൊരു തട്ടിപ്പ് സംഘത്തിന്റെ കണ്ണിയാണ് കൃഷ്ണപ്രസാദെന്ന് വ്യക്തമായതിനാല്‍ യു.എ.ഇ പോലീസ് ഏറെ ഗൗരവത്തോടെയാണ് ഈ കേസ് കൈകാര്യം ചെയ്യുന്നത്. അതേസമയം കഴിഞ്ഞ വര്‍ഷം ഹൊസ്ദുര്‍ഗ്, അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന വ്യാജ പാസ്‌പോര്‍ട്ട് കുംഭകോണത്തിലെ കണ്ണിയാണ് ഇയാളെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍, ഹൊസ്ദുര്‍ഗ് പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വ്യാജ പാസ്‌പോര്‍ട്ട് സംഘത്തിന്റെ പ്രധാന താവളമായി അറിയപ്പെടുന്ന കൊളവയല്‍ തപാല്‍ ഓഫീസില്‍ നിന്നുതന്നെയാണ് കൃഷ്ണപ്രസാദിന് വ്യാജ പാസ്‌പോര്‍ട്ട് ലഭിച്ചതെന്നാണ് സൂചന. നിരവധി വ്യാജ പാസ്‌പോര്‍ട്ട് സംഭവങ്ങളുമായി ബന്ധപ്പെട്ട ഈ തപാല്‍ ഓഫീസിലെ പോസ്റ്റുമാന്‍ ദീര്‍ഘകാല അവധിയെടുത്ത് ഒളിവില്‍ പോയിരിക്കുകയാണ്. സന്തോഷ് കാറ്റാടി എന്നയാളുടെ പേരില്‍ വ്യാജ പാസ്‌പോര്‍ട്ട് കൊളവയല്‍ പോസ്റ്റാഫീസില്‍ നിന്ന് ഡെലിവറി ചെയ്തതുമായി ബന്ധപ്പെട്ട് പോസ്റ്റുമാനെതിരെ ഒരാഴ്ചമുമ്പ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തിരുന്നു.
Also read
കൃഷ്ണ പ്രസാദിനെ പിടികൂടാന്‍ ഇന്ത്യ ഗവണ്‍മെന്റിന്റെ സഹായം തേടി
Keywords: Youth, Fake passport, Cheating, Kanhangad, Kasaragod, Gulf