'കാഞ്ഞങ്ങാട്ട് ഹോമിയോ മരുന്ന് കഴിച്ചാല്‍ തലയ്ക്ക് പിടിക്കും'
Feb 14, 2012, 16:40 IST
കാഞ്ഞങ്ങാട്: ചുരുങ്ങിയ വിലക്ക് മദ്യം നുകരാന്‍ മദ്യശാലകളിലേക്ക് ചെല്ലേണ്ടതില്ല. വ്യാജ സ്റ്റിക്കറൊട്ടിച്ച് ഹോമിയോപതി മരുന്നാണെന്ന വ്യാജേന കാഞ്ഞങ്ങാട് ടൗണില്‍ ഉലഹന്നാന്‍ സ്പിരിറ്റെന്നും ഉലഹന്നാന്‍ ചാരായമെന്നും വിളിക്കുന്ന വ്യാജ ചാരായം സുലഭം. ഉത്തര്‍പ്രദേശിലെ ഒരു കുഗ്രാമത്തിലെ ഹോമിയോ മരുന്ന് നിര്‍മ്മാണ കമ്പനിയുടെ സ്റ്റിക്കറൊട്ടിച്ച കുപ്പികളില്‍ രഹസ്യകേന്ദ്രങ്ങളില്‍ നിന്ന് എത്തിക്കുന്ന സ്പിരിറ്റില്‍ നിശ്ചിത തോതില്‍ വെള്ളം കലര്‍ത്തി നിറച്ച് അതിരഹസ്യമായാണ് ഉലഹന്നാന്‍ ചാരായം വിറ്റഴിച്ചുവരുന്നത്.
കാഞ്ഞങ്ങാട് ബസ്സ്റ്റാന്റ് പരിസരത്ത് ഉലഹന്നാന്‍ സ്പിരിറ്റും ചാരായവും സുലഭമാണ്. ഒറ്റനോട്ടത്തില്‍ കുപ്പികള്‍ കാണുമ്പോള്‍ അത് ആയുര്‍വേദ മരുന്നാണെന്ന് തോന്നിപ്പോകും. ഹോമിയോ മരുന്ന് വിതരണ കമ്പനിയുടെ സ്റ്റിക്കര്‍ പതിച്ചതുകൊണ്ട് ഹോമിയോ മരുന്നാണെന്നും വ്യാഖ്യാനിക്കാം. ചെറിയ കുപ്പിയുടെ വില 50 രൂപയും വലിയ കുപ്പിയുടെ വില 200 രൂപയുമാണ്. ഈ കുപ്പിയിലെ വെള്ളം ചേര്‍ത്ത സ്പിരിറ്റ് ഒരു ഔണ്‍സ് കഴിച്ചാല്‍ മതി തലക്ക് പെട്ടെന്ന് മത്ത് പിടിക്കും.
ചുരുങ്ങിയ വിലക്ക് ലഹരി നുകരാന്‍ കഴിയുന്നതുകൊണ്ട് ടൗണിലെത്തുന്ന നിരവധി പേര്‍ ഉലഹന്നാന്‍ സ്പിരിറ്റ് സ്ഥിരമായി സംഘടിപ്പിക്കുന്നുണ്ട്. അതിരഹസ്യമായാണ് ഇതിന്റെ വില്‍പ്പന. പരിചിത മുഖങ്ങള്‍ക്ക് മാത്രമേ ഈ സാധനം നല്‍കുകയുള്ളു.കാഞ്ഞങ്ങാട് ബസ്സ്റ്റാന്റ് കേന്ദ്രീകരിച്ച നിരവധി പേര്‍ ഉലഹന്നാന്‍ ചാരായത്തിന്റെ സ്ഥിരം ഉപഭോക്താക്കളാണ്. എല്ലാ മാസവും ഒന്നാം തീയതി മദ്യശാലകള്‍ അടച്ചിടുമ്പോള്‍ ഉലഹന്നാന്‍ സ്പിരിറ്റ് അതിരഹസ്യമായി ബസ്സ്റ്റാന്റ് പരിസരത്തും റെയില്‍വെ സ്റ്റേഷനടുത്തും വില്‍പ്പന നടത്തുന്നതായുള്ള വിവരവും ലഭിച്ചിട്ടുണ്ട്. ഉലഹന്നാന്‍ ചാരായത്തിന്റെ അടിമകളായ നിരവധി പേര്‍ കാഞ്ഞങ്ങാട്ടുണ്ട്.
ചില അംഗീകൃത കമ്പനികളുടെ ആയുര്‍വേദ-ഹോമിയോ മരുന്നുകളില്‍ ആല്‍ക്കഹോളിന്റെ ചേരുവ ഉണ്ടാകാറുണ്ട്. ഈ മരുന്നുകള്‍ കഴിച്ചാല്‍ മദ്യലഹരി പോലെ ഉന്മേഷം ലഭിക്കാറുണ്ട്. ഡോക്ടറുടെ കുറിപ്പില്ലാതെ ഇത്തരം മരുന്നുകള്‍ നല്‍കാറില്ല. ഫാര്‍മസിസ്റ്റുകളെയും മറ്റും സ്വാധീനിച്ച് ഇത്തരത്തിലുള്ള മരുന്നുകള്‍ സംഘടിപ്പിക്കുന്നവരുണ്ട്.
ഉലഹന്നാന്‍ സ്പിരിറ്റ് ഇതില്‍ നിന്നെല്ലാം വ്യത്യാസമാണെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. ഒറ്റയടിക്ക് ലഹരി ശരീരത്തെ വലിഞ്ഞുമുറുക്കുമത്രെ. വില തുച്ഛമായതുകൊണ്ട് ആവശ്യക്കാര്‍ ചില നേരങ്ങളില്‍ ഉലഹന്നാന്‍ സ്പിരിറ്റിന് ആളുകള്‍ ടൗണില്‍ പരക്കം പായാറുണ്ട്. രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് ഇതിന്റെ കൈമാറ്റവും വിപണനവും. സ്പിരിറ്റ് മംഗലാപുരത്ത് നിന്നാണ് രഹസ്യമായി എത്തിക്കുന്നതെന്ന് സൂചനയുണ്ട്.
ഹോമിയോപ്പതി മരുന്നിന്റെ മറവില്‍ ചാരായ വില്‍പ്പന; അന്വേഷണം ആരംഭിച്ചു
Keywords: Kanhangad, Busstand, Liquor, Kasaragod