കാസര്‍കോട്: മധൂരില്‍ ആരാധനാലയലം അശുദ്ധമാക്കാന്‍ ശ്രമം നടന്നതിന്റെ പേരില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ മധൂര്‍ പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് ആരാധനാലയം അശുദ്ധമാക്കാനുള്ള ശ്രമമുണ്ടായത്. ഇതേ തുടര്‍ന്ന് സംഘര്‍ഷം ഒഴിവാക്കാന്‍ ഡിഐജി എസ്.ശ്രീജിത്ത്, കാസര്‍കോട് എസ്.പി എസ്.സുരേന്ദ്രന്‍, എ.എസ്.പി ശ്രീനിവാസന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് ബന്തവസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മധൂരിലും പരിസരപ്രദേശങ്ങളിലും തുറന്നുവെച്ച മുഴുവന്‍ കടകളും ഹര്‍ത്താല്‍ അനുകൂലികള്‍ ശനിയാഴ്ച രാവിലെ അടപ്പിച്ചു.
കാസര്‍കോട്ടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് എംഎസ്പി, കെഎപി ബറ്റാലിയനുകളും കാസര്‍കോട്ടെത്തിയിട്ടുണ്ട്. നാല് പേര്‍ക്ക് വെട്ടേറ്റതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകീട്ടോടെയാണ് കാസര്‍കോട്ട് സംഘര്‍ഷം ഉടലെടുത്തത്. പ്ലസ്ടു വിദ്യാര്‍ത്ഥി ചൂരിയിലെ അജ്മലിനാണ് ആദ്യം വെട്ടേറ്റത്. അജ്മലിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് കെയര്‍വെല്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ഈ സംഭവത്തിന് തൊട്ട് പിന്നാലെയാണ് ക്രൈംബ്രാഞ്ച് എസ്.ഐ കെ.കെ.രാഘവന്റെ മകനുള്‍പ്പെടെ മൂന്ന് പേര്‍ക്ക് വേട്ടേല്‍ക്കുകയും ഒരാള്‍ ആക്രമിക്കപ്പെടുകയും ചെയ്തത്. മന്നിപ്പാടിയിലെ ബാബു(45), മന്നിപ്പാടി വിവേകാനന്ദ നഗറിലെ ഭാസ്‌ക്കന്റെ മകന്‍ ശരത്ത്(29), ക്രൈംബ്രാഞ്ച് എസ്.ഐ കെ.കെ.രാഘവന്റെ മകന്‍ വിവേകാനന്ദ നഗറിലെ രാഹുല്‍(22) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ ബാബുവിന്റെ നില ഗുരുതരമാതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മുണ്ടോളിലെ രാജു ജി.റാവുവിന്റെ മകന്‍ രാജശേഖരനാണ്(25) ഇവരോടൊപ്പം ആക്രമണത്തിന് ഇരയായത്. കാസര്‍കോട്ടെ സംഘര്‍ഷം ഒഴിവാക്കാന്‍ പോലീസ് ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.
Photo: Sreekanth Kasaragod
Keywords: Madhur, Temple-attack, Clash, Harthal, Kasaragod