ഇവനെന്റെ പ്രിയ മാഷ്........
Dec 17, 2011, 10:21 IST
K.M Ahmed |
അധികകാലം പക്ഷെ അഹ്മദിനു അധ്യാപകനായി തുടരാനായില്ല. പത്രപ്രവര്‍ത്തന മേഖലയിലേക്കുള്ള പ്രവേശനത്തിനു പിന്നിലും ഗുരുവിന്റെ സ്‌നേഹമസൃണമായ നിര്‍ബന്ധമുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ അതൊരു യോഗം തന്നെയായിരുന്നു. പത്തോ നൂറോ കുട്ടികളെ പഠിപ്പിച്ചു അവരെ നല്ല പൗരന്മാരാക്കി മാറ്റുന്നതിലും ഗൗരവമേറിയ ഒരു ദൗത്യമായിരുന്നു അത്. മാതൃഭൂമി എന്ന വലിയ പത്രത്തിന്റെ പരിമിതികള്‍ തനിക്കു പറയാനുള്ളത് മുഴുവന്‍ പര്യാപ്തമല്ല എന്നു തോന്നിയ ഒരു ഘട്ടത്തില്‍ പ്രാദേശികമായ ഒരു പത്രം എന്ന ആശയത്തെ യാഥാര്‍ത്ഥ്യമാക്കുന്നതിനും മാഷ് ആര്‍ജ്ജവം കാണിച്ചു. വൈക്കം മുഹമ്മദ് ബഷീറെന്ന മഹാപ്രതിഭാശാലിയെക്കൊണ്ട് അതിന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കുന്നതിലും മാഷ് വിജയിച്ചു. കാരണം ബഷീര്‍ ഉദ്ഘാടനങ്ങള്‍ക്കും പ്രകാശന ചടങ്ങുകള്‍ക്കും പോകുന്ന കാലമായിരുന്നില്ല അത്.
മനസ്സു നിറയെ പുതിയ ആശയങ്ങള്‍ കൊണ്ടു നടന്ന അഹ്മദ് മാഷിന് കാസര്‍കോടിനെക്കുറിച്ചൊരു സ്വപ്നമുണ്ടായിരുന്നു. എല്ലാ മേഖലകളിലും സമ്പൂര്‍ണ്ണമായി നിറഞ്ഞു നില്‍ക്കുന്ന കാസര്‍കോട് എന്ന സ്വപ്നമായിരുന്നു അത്. കാസര്‍കോട് ജില്ല എന്ന ആശയം ഉയര്‍ന്നു വന്ന കാലത്ത് മാഷ് അതിന്റെയൊരു വലിയ വക്താവ് തന്നെയായി മാറി. ജില്ലക്കു വേണ്ടി ഏതറ്റം വരെയും പോകാന്‍ സന്നദ്ധമാകുന്ന ഒരവസ്ഥ. എനിക്ക് തോന്നുന്നു, സ്വന്തം നാടിനെ ഇത്രയധികം സ്‌നേഹിക്കുകയും അത് മനസ്സില്‍ കൊണ്ട് നടക്കുകയും ചെയ്ത മറ്റൊരു പത്രപ്രവര്‍ത്തകനുണ്ടാവില്ല. നാട് അഹ്മദിന് പ്രൊഫഷണലായ ഒരു ഇടം മാത്രമായിരുന്നില്ല. നാലു പതിറ്റാണ്ടു കാലം ആ വികാരം അഹ്മദിനെ കാസര്‍കോട്ട് തന്നെ തടവിലിട്ടു. ഈ തട്ടകം വിട്ടു പോയാല്‍ തന്റെ പ്രൊഫഷണില്‍ ഉയരങ്ങളിലെത്താന്‍ കഴിയുമെന്നറിയാമായിരുന്നിട്ടും അതിനൊന്നും സന്നദ്ധമാകാന്‍ തയ്യാറാകാതിരുന്നത് ഈയൊരു വൈകാരികത കൊണ്ടു തന്നെയായിരുന്നു.
വ്യക്തിപരമായ കാര്യങ്ങള്‍ ഈ ഒരു ചെറിയ ലേഖനത്തില്‍ പ്രസക്തമാണോ എന്നെനിക്കറിയില്ല. അതൊരു കരടാകുമെങ്കില്‍ മാപ്പാക്കണം. നാലര പതിറ്റാണ്ടു മുമ്പ് കണ്ണൂരിലൊരു പ്രബന്ധ മത്സരത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഞങ്ങളാദ്യം കാണുന്നത്. തീവണ്ടിയില്‍ വെച്ച് അയ്യപ്പ സ്വാമിമാരുടെ ശരണം വിളികള്‍ക്കിടയില്‍ പരിചയപ്പെടുന്നു. മത്സരം കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ ഞങ്ങള്‍ ഉറ്റചങ്ങാതിമാരായിക്കഴിഞ്ഞിരുന്നു. ഞാന്‍ കോഴിക്കോട് ചന്ദ്രികയിലായിരുന്നു ദീര്‍ഘകാലം. മാതൃഭൂമിയിലേക്ക് വരുമ്പോഴൊക്കെ എത്രയോവട്ടം അഹ്മദ് എന്നെക്കാണാന്‍ വന്നു. എം.ഇ.എസ് ഹോട്ടലിലെ മെസ്സില്‍ നിന്ന് ഭക്ഷണം കഴിച്ചു ഞങ്ങള്‍ ഒന്നിച്ചു കിടന്നുറങ്ങി. ഉറങ്ങി എന്നു പറയുന്നത് ശരിയാവില്ല. പുലരുവോളം സംസാരിച്ചു കിടന്നു. എല്ലാം കൊച്ചു കൊച്ചു വര്‍ത്താനങ്ങള്‍..... എത്ര തവണ ഇത് ആവര്‍ത്തിച്ചുവെന്ന് പോലും ഞാനോര്‍ക്കുന്നില്ല. അതിനിടയിലെപ്പോഴും ഞങ്ങളിലൊരാള്‍ മറ്റൊരാള്‍ക്ക് കൂട്ടുണ്ടായിരുന്നു. സൗന്ദര്യപ്പിണക്കങ്ങള്‍ ഉണ്ടായപ്പോഴും ഉള്ളില്‍ നിന്നാ സൗഹൃദം തെല്ലും മങ്ങിപ്പോയിരുന്നില്ല.
അഹ്മദിന്റെ വിയോഗത്തോടെയാണ് ആ വിടവ് കാസര്‍കോടിന്റെ സാംസ്‌കാരിക രംഗത്ത് എത്ര ആഴത്തിലുള്ളതാണെന്നറിയുന്നത്. ഓര്‍മ്മകളിലെപ്പോഴും ആ സാന്നിദ്ധ്യം തിക്കിത്തിരക്കി വരുന്നു. വേദികള്‍ക്കെന്തോ ഒരു കുറവ് അനുഭവപ്പെടുന്നു. കുറേ കാലം കൂടി അത് അങ്ങനെത്തന്നെയായിക്കിടക്കും...
ഒരു ജീവിതത്തെ കാലത്തിന്റെ തുടിപ്പുകളുമായി ചേര്‍ത്തുവെക്കുകയും നന്മയുടെ ചെറിയ കണികകളെപ്പോലും പ്രകാശവത്താക്കുകയും ചെയ്ത അഹ്മദ് മാഷ് ചിട്ടപ്പെടുത്തിയ ഒരു സ്വപ്നം എന്നും കാസര്‍കോടിനു പുതുമ നഷ്ടപ്പെടാത്തതാണ്. അതിന്റെ ബാല്യം കഴിയുന്നേയില്ല. ആ ഓര്‍മ്മകള്‍ക്കു മുന്നില്‍ രണ്ടിറ്റു കണ്ണീര്‍......
റഹ്മാന്‍ തായലങ്ങാടി